ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നാളെ. വാശിയേറിയ പോരാട്ടമാണ് ഇത്തവണയും നടക്കുന്നത്. എബിവിപിക്കെതിരെ വിവിധ ഇടത് വിദ്യാര്‍ത്ഥി സംഘടനകളെ ചേര്‍ത്ത് സഖ്യം രൂപീകരിച്ചിരിക്കുകയാണ് എസ്എഫ്ഐ. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍- ഐസ (എഐഎസ്എ), ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (ഡിഎസ്എഫ്) എന്നിവയാണ് എസ്എഫ്ഐക്കൊപ്പമുള്ള മറ്റ് സംഘടനകള്‍. എന്നാല്‍ സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് ഈ സഖ്യത്തിന്റെ ഭാഗമല്ല. എഐഎസ്എഫും എന്‍എസ്യുഐയും ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങളാണ് സെന്‍ട്രല്‍ പാനലില്‍ ഉള്‍പ്പെടുന്നത്. പരമ്പരാഗതമായി ഇടതുസഖ്യം ആധിപത്യം പുലര്‍ത്തിയിരുന്ന ജെഎന്‍യുവില്‍ കഴിഞ്ഞവര്‍ഷം ജോ. സെക്രട്ടറി സ്ഥാനം എബിവിപി പിടിച്ചെടുത്തിരുന്നു. ഒരു ദശാബ്ദത്തിനിടെ ഇടതുസഖ്യം നേരിട്ട ആദ്യ തോല്‍വിയായിരുന്നു അത്. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നഷ്ടപ്പെടുമോയെന്ന ഭീതി കനത്തതോടെയാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചത്. എന്നാല്‍ ഭിന്നതമൂലം എഐഎസ്എഫ് വിട്ടുനിന്നത് സഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്.
രാജ്യത്തെ വിവിധ സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ നേടിയ വന്‍വിജയം ജെഎന്‍യുവിലും ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എബിവിപി. വികാസ് പട്ടേലാണ് എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. തന്യ കുമാരി (വൈസ് പ്രസിഡന്റ്), രാജേശ്വര്‍ കാന്ത് ദുബൈ (ജനറല്‍ സെക്രട്ടറി), അനുജ് (ജോ. സെക്രട്ടറി) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍. ചെറുതും വലുതുമായ നിരവധി പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി എബിവിപി സംഘടിപ്പിച്ചത്. ദേശീയ – സംസ്ഥാന നേതാക്കളാണ് കാമ്പയിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലേതുള്‍പ്പെടെയുള്ള എസ്എഫ്ഐയുടെ അക്രമരാഷ്‌ട്രീയവും എബിവിപി ചര്‍ച്ചയാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം എബിവിപി സംഘടിപ്പിച്ച പന്തംകൊളുത്തി പ്രകടനത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് അണിനിരന്നത്.
അതിഥി മിശ്ര – പ്രസിഡന്റ് (ഐസ), ഇരിങ്ങാലക്കുട സ്വദേശി കെ. ഗോപിക ബാബു- വൈസ് പ്രസിഡന്റ് (എസ്എഫ്ഐ), സുനില്‍ യാദവ് -ജനറല്‍ സെക്രട്ടറി (ഡിഎസ്എഫ്), ഡാനിഷ് അലി -ജോ. സെക്രട്ടറി (ഐസ) എന്നിവരാണ് ഇടതുസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍. മലയാളിയായ യു. ഗോപീകൃഷ്ണനാണ് എഐഎസ്എഫിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി. നാളെ രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക് ഒരു മണി വരെയും 2.30 മുതല്‍ 5.30 വരെയും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. രാത്രി തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. 6ന് മുഴുവന്‍ ഫലങ്ങളും അറിയാം.
















