കൊച്ചി: സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികമായ രാഷ്‌ട്രീയ ഏകതാ ദിവസിന്റെ ഭാഗമായി രാജ്യവ്യാപകമായി നടന്ന ഏകതാ പദയാത്രയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മേരാ യുവ ഭാരതിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ചിന്മയ വിശ്വവിദ്യാപീഠത്തിലായിരുന്നു പരിപാടി.
രാഷ്‌ട്രത്തെ ഏകീകരിക്കുന്നതിലും ശക്തവും ഐക്യവുമുള്ള രാജ്യത്തിന്റെ അടിത്തറ പാകുന്നതിലും സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ നിര്‍ണായക പങ്ക് കേന്ദ്രമന്ത്രി അനുസ്മരിച്ചു. രാജ്യചരിത്രത്തിലെ നിര്‍ണായക കാലത്ത് ധൈര്യത്തോടെ പ്രവര്‍ത്തിച്ച സര്‍ദാര്‍ പട്ടേലിനെപ്പോലുള്ള നേതാക്കളുടെ കാഴ്ചപ്പാടിന്റെയും സമര്‍പ്പണത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ഭാരതത്തിന്റെ ഇന്നത്തെ ഐക്യമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
മേരാ യുവ ഭാരത് എറണാകുളം ഡെ. ഡയറക്ടര്‍ വിവേക് ശശിധരന്‍, ചിന്മയ വിശ്വവിദ്യാപീഠം അസി. പ്രൊഫ. സതീഷ് വര്‍മ്മ, സുനിത ഗ്രാന്‍തീ, രജിസ്ട്രാര്‍ പി. രാജേന്ദ്രന്‍, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ കെ.എസ്. ഷൈജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി അങ്കണത്തില്‍ മന്ത്രി വൃക്ഷത്തൈ നട്ടു. വിവിധ സ്‌കൂള്‍, കോളജുകളില്‍ നിന്നുള്ള എന്‍എസ്എസ്, എന്‍സിസി വോളണ്ടിയേഴ്‌സ്, യുവജന സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പദയാത്രയില്‍ പങ്കെടുത്തു.
















