ന്യൂദല്‍ഹി: ഭാരതത്തിന്റെ പരമ്പരാഗത വിജ്ഞാന ശാഖകളെ വരുംതലമുറയ്‌ക്കു പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ആയുര്‍വേദത്തെ എന്‍സിഇആര്‍ടി സിലബസില്‍പ്പെടുത്തി. ആറ് മുതല്‍ എട്ട് വരെ ക്ലാസുകളിലെ ശാസ്ത്ര പാഠപുസ്തകങ്ങളിലാണ്, ആയുര്‍വേദം സംബന്ധിച്ച ആകാംക്ഷ (ക്യൂരിയോസിറ്റി) എന്ന അധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയതെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിങ് (എന്‍സിഇആര്‍ടി) അധികൃതര്‍ അറിയിച്ചു.
2020ലെ ദേശീയ വിദ്യാഭ്യാസ നയ ഭാഗമാണിത്. പരമ്പരാഗത വൈദ്യശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കിക്കൊടുക്കുകയാണ് ലക്ഷ്യം. ദിനചര്യ, ഋതുചര്യ, പ്രകൃതി തുടങ്ങിയ ആയുര്‍വേദ സങ്കല്‍പ്പങ്ങള്‍ പഠിപ്പിക്കാനാണ് ക്യൂരിയോസിറ്റി പാഠ പുസ്തകങ്ങള്‍. ഉയര്‍ന്ന ക്ലാസുകളിലും കോളജുകളിലും ആയുര്‍വേദം പഠിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേഷ് പ്രസാദ് സക്‌ലാനി പറഞ്ഞു.
യുജിസിയാണ് കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ആയുര്‍വേദത്തെ അടിസ്ഥാനമാക്കിയുള്ള കരിക്കുലം രൂപീകരിക്കുന്നത്. മൂന്ന് മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കു യോഗ, പോഷകാഹാരം, എക്‌സര്‍സൈസ്, സന്തുലിത ജീവിതരീതി തുടങ്ങിയവ പഠിപ്പിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്.
















