തിരുവനന്തപുരം: മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ കളിക്കാന്‍ എത്തില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മെസി എത്തില്ലെന്നത് ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം അറിയിച്ചു.
കലൂര്‍ സ്റ്റേഡിയം മുഴുവന്‍ സ്‌പോണ്‍സര്‍ക്ക് വിട്ടുകൊടുക്കില്ല. സ്‌പോണ്‍സര്‍ എത്തിയത് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റേഡിയം ആരുടെ കയ്യിലാണോ അവരുടെ കയ്യില്‍ തന്നെ ഉണ്ടാകും.
മെസി വരുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം കായികമന്ത്രി വി അബ്ദുറഹിമാന്‍ ഒഴിഞ്ഞുമാറിയിരുന്നു. കലൂര്‍ സ്റ്റേഡിയം നവീകരണ വിവാദം കത്തി കയറവെ കായിക വകുപ്പിന്റെ പ്രതികരണം തേടിയ മാധ്യമങ്ങളെ മന്ത്രി വി അബ്ദുറഹിമാന്‍ അവഗണിച്ചിരുന്നു. സ്റ്റേഡിയം നവീകരണത്തില്‍ അഴിമതിയുണ്ടെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയം നവീകരണത്തിനായുള്ള കരാര്‍ വ്യവസ്ഥയില്‍ ദുരൂഹതയുണ്ടെന്നും ബിജെപി ആരോപിച്ചു.
സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അര്‍ജന്റീന ടീം വരുന്നതിന് തടസമുണ്ടായതെന്നാണ് സ്പോണ്‍സറുടെ വാദം.
















