തിരുവനന്തപുരം : വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരായ പ്രതിഷേധം സിപിഎമ്മും കോണ്‍ഗ്രസ്സും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ് .ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാനുള്ള ഈ നീക്കത്തെ എതിര്‍ക്കുന്നത് ശരിയായ നടപടിയല്ല.
വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നത് അങ്ങേയറ്റം ആശ്ചര്യകരമാണ്. അഴിമതിയെയും ക്രമക്കേടുകളെയും സംരക്ഷിക്കാനാണോ ഈ എതിര്‍പ്പ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം നടപടികളെ രാഷ്‌ട്രീയ താല്പര്യങ്ങള്‍ക്കായി എതിര്‍ക്കുന്നത് ശരിയല്ല. കേരളത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ ശ്രമങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ച ഇലക്ഷന്‍ കമ്മീഷന്റെ നടപടിയെ ഭാരതീയ ജനതാ പാര്‍ട്ടി സ്വാഗതം ചെയ്യുന്നു. ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടാകും.
ഭരണഘടനയെക്കുറിച്ച് വാചാലരാകുന്ന സിപിഎമ്മും കോണ്‍ഗ്രസും ഭരണഘടനയുടെ അന്തസത്ത സംരക്ഷിക്കാനും ഇലക്ഷന്‍ കമ്മീഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ അംഗീകരിക്കാനും തയാറാകണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
















