തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചതിനെ ചൊല്ലി സംസ്ഥാനത്ത് ബുധനാഴ്ച പഠിപ്പ്മുടക്ക്. യു ഡി എസ് എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.
സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും ജില്ലാ ആസ്ഥാനങ്ങളില്‍ യു ഡി എസ് എഫ് പ്രതിഷേധവും നടക്കും.ജില്ലകളില്‍ അടിയന്തര യു ഡി എസ് എഫ് യോഗം ചേര്‍ന്നു.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിനെ ചൊല്ലി സിപിഐയും ഇടഞ്ഞ് നില്‍ക്കുകയാണ്. അതിനിടെ സിപിഐയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയെങ്കിലും വിഫലമായി. മന്ത്രിസഭാ യോഗം സി പി ഐ മന്ത്രിമാര്‍ ബഹിഷ്‌കരിക്കും.
മുഖ്യമന്ത്രി പിണറായി വിജയനുമായി ആലപ്പുഴയില്‍ നടന്ന ചര്‍ച്ചയ്‌ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള നിര്‍ണായക രാഷ്‌ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്.
















