തിരുവനന്തപുരം: കേരള കലാമണ്ഡലത്തിലെ അവസ്ഥയും ഉൾ രഹസ്യങ്ങളും പുറത്തു പറഞ്ഞ കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റി ചാൻസലർ മല്ലികാ സാരാഭായ് പറയുംമുമ്പേ കലാമണ്ഡലത്തിന്റെ ദുസ്ഥിതി നാട്ടുകാർക്കറിയാം. കലയെ സ്‌നേഹിക്കുന്ന കുറച്ചു പേരെങ്കിലും ശേഷിക്കുന്നതിനാൽ അവശേഷിക്കുന്ന കലാമണ്ഡല സംസ്‌കാരം സംരക്ഷിക്കണമെന്നാവശ്യപ്പെടുന്നവർ ഏറെയാണ്.
ജന്മഭൂമിയുടെ ഈ വർഷത്തെ (2025) ഓണം പ്രത്യേക പതിപ്പിൽ പ്രസിദ്ധ കഥകളി, സംഗീത, ശിൽപ്പ നിർമ്മാണ വിദഗ്ധൻ സദനം ഹരികുമാർ ഈ വിഷയത്തിൽ സുദീർഘമായി സംസാരിച്ചു. അതിൽ കഥകളിയെക്കുറിച്ച് ഇങ്ങനെ പറയുന്നു; അത് കഥകളിയും മാറണമെന്ന് അഭിപ്രായപ്പെടുന്ന മല്ലികാ സാരാഭായിക്ക് മറുപടികൂടിയാണ്. സദനത്തിന്റെ അഭിമുഖത്തിൽനിന്ന്:
”കഥകളി മേഖലയിൽ വലിയ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കർഷകൻ, കൃഷിക്കാർ എന്ന കാര്യത്തിൽ സംഭവിച്ച മാറ്റമുണ്ടല്ലോ, കൃഷിഭൂമി കർഷകന്റേത് എന്ന ലൈൻ, അതുപോലെ കഥകളി ഇപ്പോൾ സംഘാടകരുടേത്, അല്ലെങ്കിൽ കഥകളി നിരൂപകരുടേത് ആയി മാറിയിരിക്കുന്നു. അവരാണ് കഥകളിയെ നിയന്ത്രിക്കുന്നത്. അവരാണ് നിശ്ചയിക്കുന്നത് നിങ്ങൾ എന്താസ്വദിക്കണമെന്ന്. നിങ്ങൾ ഏത് കളിക്കാരനെ കാണണം എന്ന് തീരുമാനിക്കുന്നത് അവരാണ്. അതാണ് ഇന്നത്തെ സ്ഥിതി. അവർ ഞാനെഴുതിയതുംപാലെയുള്ള ആട്ടക്കഥകളെ പ്രോത്സാഹിപ്പിക്കില്ല. അങ്ങനെ വേണമെന്നുണ്ടെങ്കിൽ ഞാൻ അവരുടെ പിറകേ നടന്ന് അവരുടെ ശിങ്കിടിയാകണം; അധീനനാകണം. അത് മാത്രമല്ല, ഇങ്ങനെയൊരാസ്വാദനം പൊതുജനങ്ങളിൽ ഉണ്ടാകരുതെന്ന് അവർക്ക് വാശിയുണ്ട്.
ഇപ്പോൾ ‘രാവണോത്ഭവം’ കഥകളി നടക്കുന്നുവെന്ന് കരുതുക. അവിടെ ഞാൻ പറഞ്ഞ ഈ ഗ്രൂപ്പിൽപ്പെട്ട ഒരാൾ മൈക്കും പിടിച്ച് നടന്ന കഥയും കഥാപാത്രങ്ങളുടെ അഭിനയവും മുദ്രയും കളി നടക്കുമ്പോൾ മൈക്കിലൂടെ വിവരിക്കും. അത് അവതരണുത്തിനും ആസ്വാദനത്തിനും വലിയ ശല്യമാണ്. കഥകളി നടക്കുമ്പോൾ മുദ്രയിൽ കാണിക്കേണ്ടത് ഇയാൾ മൈക്കിലൂടെ പറയുകയാണ്. വേഷക്കാരനേക്കാൾ അനൗൺസർക്ക് പ്രാധാന്യം വരുന്നു. അങ്ങനെ അവർക്ക് പറയാനാവുന്ന, അവർ പഠിച്ചുവച്ചിരിക്കുന്നത് മാത്രം അവതരിപ്പിക്കാൻ അവർ കഥകൾ തിരഞ്ഞെടുക്കുകയാണ്. ഇതാണ് കഥകളിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇഡ്ഡലി ഭക്ഷണമാണ് എന്ന് പറയാം. പക്ഷേ ഭക്ഷണമെല്ലാം ഇഡ്ഡലിയാണെന്ന് പറയാൻ പറ്റില്ലല്ലോ. അതുപോലെ അന്നുണ്ടായത് മാത്രമാണ് കഥകളി, അന്നുണ്ടായതൊക്കെ കഥകളിയാണ് എന്ന് ഒരു സമവാക്യം അവർ രൂപീകരിക്കും.
‘രംഭാപ്രവേശം’ പോലുള്ള ആട്ടക്കഥകൾ ഇന്ന് അവതരിപ്പിക്കുന്നതിനോട് പോലും എനിക്ക് വിയോജിപ്പാണ്. ‘രാവണൻ അങ്ങനെ ചെയ്തു, അതുകൊണ്ട് എനിക്കും ചെയ്യാം’ എന്നൊരു തോന്നൽ കാഴ്ചക്കാരിൽ ജനിപ്പിക്കുന്നുവെങ്കിൽ അത് അപകടകരമാണ്. രംഭയെ ബലാത്സംഗം ചെയ്ത ആട്ടക്കഥയുടെ പേര് രാവണ വിജയം എന്ന് കൂടിയാകുമ്പോൾ ബലാത്സഗം എന്നത് ഒരു വിജയം ആണെന്ന ധ്വനി കൂടി ഉണ്ടാവുന്നു. അതിനെ നിഷേധിക്കണമെന്നല്ല. ജനങ്ങൾക്ക് ഉപകാരമുള്ളതാവണ്ടേ. പഴമക്കാർക്ക് മറിച്ചൊരു രഹസ്യ അജണ്ട ഉണ്ടോ എന്ന് തോന്നുന്നു. സാന്ദീപനി ആശ്രമത്തിൽ വച്ച് കൃഷ്ണനെയും കുചേലനെയും വിറകു ശേഖരിക്കുവാൻ കാട്ടിലേക്ക് വിട്ടത് ബാലവേല അല്ലേ എന്ന് ചോദിച്ച കൗമാരക്കാർക്ക് മുന്നിൽ ‘കുംഭി കുംഭം തോഴും നിൻ കുച കുഭം’ എന്നൊക്കെ അവതർപ്പിച്ചാൽ അവർ ചിരിക്കുകയല്ലാതെ എന്ത് ചെയ്യും.” സദനം ഉയർത്തുന്ന വിമർശനവും പറയുന്ന അഭിപ്രായവും ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാകുന്നു.
അഭിമുഖം പൂർണ്ണമായി വായിക്കാം: https://janmabhumi.in/2025/10/28/3481040/samskriti/even-thyagaraja-swami-must-be-hungry/
















