ബെംഗളൂരു: ചിറ്റാപുരില്‍ പഥസഞ്ചലനം നടത്താന്‍ ആര്‍എസ്എസിന് അനുവാദം നല്‍കിക്കൊണ്ടുള്ള കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര കോടതി വിധിയെ സ്വാഗതം ചെയ്തു.
ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ വിധി ഭരണഘടനയുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ചു. ജനാധിപത്യ സംവിധാനത്തില്‍ സ്വേച്ഛാധിപത്യ ഭരണത്തിന് സ്ഥാനമില്ലെന്ന് വ്യക്തമായ സന്ദേശം കോടതി വിധി നല്‍കിയിട്ടുണ്ട്. മാത്രമല്ല, പകല്‍ വെളിച്ചത്തില്‍ ഭരണഘടനയെക്കുറിച്ച് അസംബന്ധം പറയുന്നവര്‍ക്ക് ഉചിതമായ പാഠം പഠിപ്പിക്കുകയും ചെയ്തു. ചിറ്റാപുരില്‍ ആര്‍എസ്എസ് പഥസഞ്ചലനം തടയാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണിത്. രാഷ്‌ട്രീയ ശ്രദ്ധ നേടാന്‍ നിരന്തരം അപക്വ പ്രസ്താവനകള്‍ നടത്തുന്ന കര്‍ണാടക സംസ്ഥാന മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ മണ്ഡലമാണ് ചിറ്റാപുര്‍.
ക്രമസമാധാന വ്യവസ്ഥകള്‍ക്ക് വിധേയമായി സാംസ്‌കാരിക, പൊതുജന അവബോധ പരിപാടികള്‍ക്ക് അനുമതി നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്, എന്നാല്‍ നിയമത്തിന്റെയും ക്രമസമാധാനത്തിന്റെയും പേരില്‍ ജനാധിപത്യ സംവിധാനത്തെ ശ്വാസം മുട്ടിച്ചാല്‍ രാജ്യത്തിന്റെ ഭരണഘടന അത് അനുവദിക്കില്ലെന്ന സന്ദേശം കൂടിയാണ് ഹൈക്കോടതി വിധി. ദേശസ്നേഹമുള്ള സംഘടനകളെ ചവിട്ടിമെതിക്കുക എന്ന കോണ്‍ഗ്രസിന്റെ നയം നിഷ്പ്രഭമായിരിക്കുന്നു, അദ്ദേഹം പറഞ്ഞു. ചിറ്റാപുരില്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത് സ്വേച്ഛാധിപത്യ ഭരണവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമാണ്, ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടം വെല്ലുവിളിയായി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















