കൊച്ചി: വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് തന്ത്രവിദ്യാപീഠം നല്‍കിവരുന്ന ആചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. താന്ത്രികാചാര്യന്‍ കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്‌കാരം കെ.പി.സി. വിഷ്ണുഭട്ടതിരിപ്പാടിനും (തന്ത്രശാസ്ത്രം), താന്ത്രികാചാര്യന്‍ വേഴപ്പറമ്പ് പരമേശ്വരന്‍ നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്‌കാരം തോട്ടം കൃഷ്ണന്‍ നമ്പൂതിരിക്കും വൈദിക സംസ്‌കൃതി), കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാട് സ്മാരക ആചാര്യ പുരസ്‌കാരം സംസ്‌കൃത പണ്ഡിതനും അക്ഷരശ്ലോക കുലപതിയുമായ രാമചന്ദ്ര അയ്യര്‍ക്കും (കലാവിഭാഗം) സമ്മാനിക്കും. നവംബര്‍ മൂന്നിന് തന്ത്രവിദ്യാപീഠത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.
ഏഴു ദശാബ്ദത്തിലധികമായി കേരളീയ ക്ഷേത്ര പദ്ധതിക്ക് നല്‍കിവരുന്ന സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് വിഷ്ണുഭട്ടതിരിപ്പാടിന് പുരസ്‌കാരം. കേരളത്തിലെ മുതിര്‍ന്ന സാമവേദപണ്ഡിതനായ തോട്ടം കൃഷ്ണന്‍ നമ്പൂതിരി വൈദിക സംസ്‌കൃതിക്ക് നല്‍കി വരുന്ന സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അക്ഷരശ്ലോകരംഗത്ത് ശാസ്ത്രീയവും ഗവേഷണാത്മകവുമായ പഠനങ്ങള്‍ നടത്തുകയും മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരശ്ലോകം അഭ്യസിപ്പിച്ചതും പരിഗണിച്ചാണ് രാമചന്ദ്ര അയ്യര്‍ക്ക് പുരസ്‌കാരം നല്‍കുന്നത്.











