പത്തനംതിട്ട: ദ്വാരപാലക ശില്‍പത്തില്‍ പൊതിഞ്ഞ ഒന്നര കിലോ തൂക്കം വരുന്ന സ്വര്‍ണപ്പാളികള്‍ എടുത്തുമാറ്റിയ ശേഷം പകരം പൂശിയത് മാറ്റു തീരെ കുറഞ്ഞ സ്വര്‍ണം. ഉണ്ണികൃഷ്ണന്‍ പോറ്റിയും ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സും ചേര്‍ന്ന ഗൂഢാലോചനയിലാണ് കാരറ്റ് തീരെ കുറഞ്ഞ സ്വര്‍ണം പൂശിയത്. സ്വര്‍ണം പൂശി ക്ലിയര്‍കോട്ട് ചെയ്ത ദ്വാരപാലക പാളികള്‍ക്ക് 40 വര്‍ഷം ഗ്യാരന്റിയായിരുന്നു സ്മാര്‍ട് ക്രിയേഷന്‍സിന്റെ വാഗ്ദാനം. തങ്ങള്‍ പൂശിയത് 24 കാരറ്റ് സ്വര്‍ണമായിരുന്നുവെന്നു വ്യക്തമാക്കിയ കമ്പനി ഇക്കാര്യം അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലും എടുത്തുപറഞ്ഞിരുന്നു. എന്നാല്‍ നാലു വര്‍ഷത്തിനുള്ളില്‍ ശില്‍പപാളികളുടെ നിറം മങ്ങി.
ക്ലിയര്‍കോട്ട് ചെയ്ത് പൂശിയ സ്വര്‍ണം ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ നിറം മങ്ങാന്‍ സാധ്യതയില്ല. അതിനാലാണ് കാരറ്റ് കുറഞ്ഞ സ്വര്‍ണമാണ് പൂശിയത് എന്ന് അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നത്. പാളികളുടെ നിറം മങ്ങിയതിനാലാണ് ഹൈക്കോടതി ഉത്തരവു മറികടന്ന് സ്‌പെഷ്യല്‍ കമ്മിഷണറെപ്പോലും അറിയിക്കാതെ കഴിഞ്ഞ സപ്തം. 7ന് പാളികള്‍ ഇളക്കി വീണ്ടും സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സിലേക്ക് കൊടുത്തുവിട്ടത്. വിവരം സ്‌പെഷ്യല്‍ കമ്മിഷണര്‍ മുഖേന ഹൈക്കോടതിയുടെ ശ്രദ്ധയിലെത്തിയതോടെയാണ് ശബരിമല സ്വര്‍ണക്കൊള്ള പുറംലോകമറിഞ്ഞത്. സ്മാര്‍ട് ക്രിയേഷന്‍സിനെ പ്രതിപട്ടികയില്‍ പെടുത്താന്‍ ശക്തമായ തെളിവായി മാറുകയാണിത്.
2004 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കീഴ്ശാന്തിയെന്ന നിലയില്‍ സന്നിധാനത്ത് ഉണ്ടായിരുന്നെങ്കിലും 2009 മുതലാണ് ഇടനിലക്കാരന്‍ എന്ന നിലയില്‍ സജീവമായയത്. സ്മാര്‍ട് ക്രിയേഷന്‍സുമായി പോറ്റി ബന്ധം സ്ഥാപിക്കുന്നതും ഇതേസമയത്താണ്. കന്നിമൂല ഗണപതി, നാഗരാജാ ക്ഷേത്രങ്ങള്‍ സ്വര്‍ണം പൂശല്‍ പദ്ധതിയിലൂടെയായിരുന്നു തുടക്കം. ചെന്നൈ കുമരന്‍ സില്‍ക്‌സായിരുന്നു സ്‌പോണ്‍സര്‍. പൂശിയതു സ്മാര്‍ട് ക്രിയേഷന്‍സും. ഇതില്‍ തുടങ്ങിയ ബന്ധമാണ് പിന്നീട് സ്വര്‍ണക്കൊള്ളയിലേക്കു വളര്‍ന്നത്.














