കൊച്ചി: സമുദ്ര സസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി ഭാരത സമുദ്രോത്പന്ന കയറ്റുമതിക്ക് യുഎസ് അംഗീകാരം. മത്സ്യബന്ധനത്തിനിടെ സമുദ്ര സസ്തനികള്‍ക്ക് കാര്യമായ ദോഷം സംഭവിക്കുന്നില്ലെന്ന് തെളിയിക്കുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠനത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടി.
യുഎസ് മറൈന്‍ മാമല്‍ പ്രൊട്ടക്ഷന്‍ നിയമപ്രകാരം, സമുദ്ര സസ്തനികളുടെ സംരക്ഷണത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് സീഫുഡ് ഇറക്കുമതിക്ക് അനുമതിയുള്ളത്. ഭാരതത്തിലെ തിമിംഗലം, ഡോള്‍ഫിന്‍ തുടങ്ങിയ കടല്‍ സസ്തനികളുടെ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ ഈ നിയമം കയറ്റുമതിക്ക് വലിയ ഭീഷണിയായിരുന്നു.
ഈ പ്രതിസന്ധി മറികടക്കാന്‍ 2020ലാണ് സിഎംഎഫ്ആര്‍ഐയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി സമുദ്ര സസ്തനികളുടെ ശാസ്ത്രീയ കണക്കെടുപ്പ് (സ്റ്റോക് അസസ്മെന്റ്) പദ്ധതിക്ക് തുടക്കമിട്ടത്. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ), ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ (എഫ്എസ്‌ഐ) എന്നിവരുടെ സഹകരണത്തോടെ നടത്തിയ പഠനം കടല്‍ സസ്തനികളുടെ നിലവിലെ സ്ഥിതിവിവരങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തി.
പഠനത്തിന്റെ ഒന്നാം ഘട്ടത്തില്‍ 18 ഇനം കടല്‍ സസ്തനികളുടെ സ്റ്റോക് അസസ്മെന്റ് പൂര്‍ത്തിയാക്കി. ഭാരത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ സസ്തനി സമ്പത്ത് ആരോഗ്യകരമാണെന്ന് ഈ പഠനം സ്ഥിരീകരിച്ചു. മത്സ്യബന്ധനത്തിനിടെ അബദ്ധത്തില്‍ വലയില്‍ കുടുങ്ങുങ്ങുന്ന സസ്തനികളുടെ എണ്ണം അനുവദനീയമായ പരിധിയിലും താഴെയാണെന്നും നിലനില്‍പ്പിന് ഭീഷണിയല്ലെന്നും പഠനത്തിലൂടെ കണ്ടെത്തി.
സിഎംഎഫ്ആര്‍ഐയുടെ ഈ ശാസ്ത്രീയ റിപ്പോര്‍ട്ടാണ് യുഎസ് നാഷണല്‍ മറൈന്‍ ഫിഷറീസ് സര്‍വീസിന്റെ (എന്‍എംഎഫ്എസ്) അംഗീകാരം നേടുന്നതില്‍ നിര്‍ണായകമായത്. കടല്‍ സസ്തനികളുടെ സംരക്ഷണത്തിലും മത്സ്യബന്ധനത്തില്‍ അവയ്‌ക്ക് ഉപദ്രവമാകുന്ന കാര്യങ്ങളില്ലെന്നും ഭാരതത്തിലെ സംവിധാനങ്ങള്‍ യുഎസ് നിലവാരത്തിന് തുല്യമാണെന്നും എന്‍എംഎഫ്എസ് വിലയിരുത്തി.
കോടിക്കണക്കിന് ഡോളറിന്റെ വ്യാപാരം സുരക്ഷിതമാക്കാനും വലിയൊരു കയറ്റുമതി നിരോധനം ഒഴിവാക്കാനും ഈ പഠനം സഹായിച്ചതായി ഗവേഷണ പ്രോജക്ടിന് നേതൃത്വം നല്‍കിയ സിഎംഎഫ്ആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. രതീഷ്‌കുമാര്‍ രവീന്ദ്രന്‍ പറഞ്ഞു.
















