തിരുവനന്തപുരം : കേരളത്തെ മുഴുവന്‍ കൊള്ളയടിച്ചു കഴിഞ്ഞപ്പോള്‍ ക്ഷേത്രങ്ങള്‍ കൂടി കൊള്ളയടിക്കുന്ന സിപിഎമ്മിനെതിരെ ശബ്ദമുയര്‍ത്തിയാല്‍ അവരെ തെരുവില്‍ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കില്‍ കൈയും കെട്ടി നോക്കി നില്‍ക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
ദേവസ്വം മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയാല്‍ ഡിവൈഎഫ്‌ഐ തടയാന്‍ ഇറങ്ങുന്നുവെങ്കില്‍ മന്ത്രിക്ക് എന്തൊക്കെയോ മറയ്‌ക്കാന്‍ ഉണ്ടെന്ന് വ്യക്തം. ശബരിമലയിലെ മോഷണത്തില്‍ വാസവന്‍ ഉള്‍പ്പെടെ പങ്കാളികളാണ്.
പ്രതിഷേധ മാര്‍ച്ച് കഴിഞ്ഞ് മടങ്ങിയ ബിജെപി പ്രവര്‍ത്തകരെ ഏറ്റുമാനൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് അപലപനീയമാണ്. സ്ത്രീകളെയടക്കമാണ് സിപിഎം ഗുണ്ടകള്‍ കയ്യേറ്റം ചെയ്തത്. അതിക്രമം എല്ലാ പരിധികളും ലംഘിക്കുകയാണ്.
ആദ്യം പോലീസിനെ ഉപയോഗിച്ച് ബിജെപിയുടെ നാവിന് വിലക്കേര്‍പ്പെടുത്താന്‍ നോക്കി .അത് നടക്കില്ലെന്ന് ബോധ്യമായപ്പോഴാണ് സഖാക്കള്‍ തന്നെ കയ്യുടെ ബലത്തില്‍ മുന്നോട്ട് ഇറങ്ങുന്നത്.
ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല. ബിജെപിക്ക് വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രം കേരളത്തിലുള്ളപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതിക്രമങ്ങളെ ഭയന്നിട്ടില്ല.
അവിടെനിന്ന് ഇന്ന് ഒരുപാട് മുന്നോട്ടുപോയ ഭാരതീയ ജനതാ പാര്‍ട്ടിയെ കൈയ്യൂക്കു കാണിച്ച് ഭയപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് വിലപോകില്ല.
കള്ളത്തരങ്ങള്‍ ഓരോന്നായി പുറത്തുവരുന്നതിന്റെ അങ്കലാപ്പാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന സിപിഎം ധാര്‍ഷ്ട്യം എന്ത് വിലകൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രസ്താവിച്ചു.
















