ന്യൂദല്‍ഹി: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം അസി. പ്രൊഫസര്‍ ഡോ. റോജിത് കെ. ബാലകൃഷ്ണനെ, ഭാരതത്തിന്റെ അന്താരാഷ്‌ട്ര ഉപദേഷ്ടാവായി ഗ്ലാസ്ഗോ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് നിയമിച്ചു. കോളജിന്റെ ഇന്റര്‍നാഷണല്‍ ഡയറക്ടറും വൈസ് പ്രസിഡന്റുമായ ജോണ്‍ സ്‌കോട്ട് എഫ്ആര്‍സിഎസ് ആണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
പ്രൊഫഷണല്‍ പരിശീലനം, നെറ്റ്വര്‍ക്കിങ്, ആഗോള അവസരങ്ങള്‍ എന്നിവയ്‌ക്ക് റോയല്‍ കോളജ് വലിയ പിന്തുണ നല്‍കുന്നുണ്ട്. അക്കാദമിക് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഭാരതത്തിലെ യുവ ഡോക്ടര്‍മാര്‍ക്ക് ലോകോത്തര പരിശീലനവും, അന്താരാഷ്‌ട്ര തലത്തില്‍ കരിയര്‍ അവസരങ്ങളും ഒരുക്കുന്നതിന് ഈ ചുമതല അവസരം നല്‍കുമെന്ന് ഡോ. റോജിത് പറഞ്ഞു.
അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ, കേരള ചാപ്റ്ററിന്റെ നിലവിലെ ജോ. സെക്രട്ടറിയാണ് ഡോ. റോജിത്ത്. അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിന്റെ ഫെലോ കൂടിയാണ് അദ്ദേഹം.











