ന്യൂദല്‍ഹി: കൊടും കുറ്റവാളി ബബ്ബര്‍ ഖല്‍സ ഭീകരന്‍ പിണ്ടി എന്നറിയപ്പെടുന്ന പര്‍മീന്ദര്‍ സിങ്ങിനെ യുഎഇ ഭാരതത്തിന് കൈമാറി. കേന്ദ്ര ഏജന്‍സികളും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് നടപടി.
അബുദാബിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഭീകരനെ കേന്ദ്ര ഏജന്‍സികളുടെ ആവശ്യപ്രകാരം പഞ്ചാബ് പോലീസ് ഏറ്റുവാങ്ങിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു.
വിദേശ ഭീകരരായ ഹര്‍വീന്ദര്‍ സിങ് എന്ന റിന്‍ഡ, ഹാപ്പി പാസിയ എന്നിവരുടെ അടുത്ത സഹായിയാണ് പിണ്ടി. ബട്ടാല-ഗുര്‍ദാസ്പൂര്‍ മേഖലയില്‍ നടന്ന നിരവധി പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍, മോഷണങ്ങള്‍ എന്നിവയിലെല്ലാം ഇയാള്‍ പ്രതിയാണ്. കേസുകളില്‍ വിചാരണ ഉടന്‍ ആരംഭിക്കും.
ബട്ടാല പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശകാര്യമന്ത്രാലയം സ്വീകരിച്ച നടപടികളിലൂടെയാണ് യുഎഇ ഇയാളെ അബുദാബിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
നിരോധിത ഭീകരസംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ എന്നിവയുമായി സഹകരിച്ച് പഞ്ചാബില്‍ നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള പര്‍മീന്ദര്‍ സിങ്ങിനെതിരെ ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണം നടത്തും.
















