ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥക്ഷേത്രത്തിന് ചുറ്റും ക്ഷേത്രട്രസ്റ്റിന്റെ പേരിലുള്ള നൂറുകണക്കിന് ഏക്കര്‍ ഭൂമിയില്‍ കണ്ണുവെച്ചാണ് ക്ഷേത്രാധികാരികളെയും ക്ഷേത്ര ട്രസ്റ്റിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്ന് ആരോപണം. ഇതിന് പിന്നില്‍ ന്യൂസ് മിനിറ്റ് പോലുള്ള തീവ്ര ഇടത് മാധ്യമങ്ങളും ചില മാവോയിസ്റ്റ് ഗ്രൂപ്പുകളും മതപരിവര്‍ത്തനലോബിയും എന്‍ജിഒ ഗ്രൂപ്പുകളും ഇസ്ലാം സംഘടനകളും ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നില്‍ ഈ വിഭാഗങ്ങള്‍ നല്ലതുപോലെ വിയര്‍ത്ത് അധ്വാനിച്ചതിന് പ്രത്യുപകാരമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ യൂട്യൂബര്‍മാരിലൂടെ പരാതി ഉയര്‍ന്ന ഉടന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ട്രസ്റ്റ് വക ഭൂമി കുഴിച്ചുപരിശോധന നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തത്. സാധാരണ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെങ്കില്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അതുപോലും വാങ്ങാതെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും പ്രത്യേക അന്വേഷണ സമിതിയെ ധര്‍മ്മസ്ഥല ആരോപണം അന്വേഷിക്കാനുള്ള ചുമതല ഏല്‍പിച്ചത്.
ധര്‍മ്മസ്ഥല ക്ഷേത്രട്രസ്റ്റിന്റെ നൂറുകണക്കിന് ഏക്കര്‍ ഭൂമി ഭൂപരിഷ്കരണത്തിലൂടെ കൈമാറ്റം ചെയ്യുന്നതിലേക്കെത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കലായിരുന്നു ഗൂഢാലോചനയ്‌ക്ക് ലക്ഷ്യം എന്നറിയുന്നു. ക്ഷേത്രത്തിന്റെ ധര്‍മ്മാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡ്ഡേ എംപിയെ വരെ പെണ്‍കുട്ടികളുടെ കൂട്ടക്കൊലയ്‌ക്ക് പിന്നിലെ ആള്‍ എന്ന് സംശയിക്കാവുന്ന രീതിയില്‍ തേജോവധം ചെയ്തു. വീരേന്ദ്ര ഹെഗ്ഗഡെയെ ആരോപണത്തിന്റെ നിഴലിലാക്കി ദുര്‍ബ്ബലപ്പെടുത്തിയാല്‍ പിന്നെ കാര്യങ്ങള്‍ തങ്ങളുടെ ഇഷ്ടമുള്ള വഴിക്ക് നടത്താനാവുമെന്ന് ഗൂഢാലോചനയ്‌ക്ക് പിന്നിലുള്ളവര്‍ കരുതിയെന്നാണ് സംശയിക്കപ്പെടുന്നത്. എന്തിന് വിക്കിപീഡിയയില്‍ വീരേന്ദ്ര ഹെഗ്ഗഡ്ഡെയുടെ ജീവചരിത്രം വരെ എഡിറ്റ് ചെയ്ത് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്യല്‍, സൗജന്യ എന്ന പെണ്‍കുട്ടിയുടെ കൊലപാതകം എന്നീ കേസുകളുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തി. എന്‍ജിഒകള്‍ക്കാണ് വിക്കിപീഡിയയുടെ ഉള്ളടക്കം എളുപ്പത്തില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുക.
ഇതുവരെ ഈ കേസില്‍ ആകെ അറസ്റ്റ് ചെയ്തിട്ടുള്ളത് ട്രസ്റ്റുമായി പിണങ്ങി നില്‍ക്കുന്ന പഴയ ഹിന്ദു സംഘടന പ്രവര്‍ത്തകന്‍ കൂടിയായ റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് കൂടിയായ മഹേഷ് തിമ്മരോടിയെ മാത്രമാണ്. ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയ നൂറുകണക്കിന് സ്ത്രീകളെ താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന നുണക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളിയായ മാസ്ക് മാനെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.
ഒരു ഹിന്ദുക്ഷേത്രഭൂമിയ്‌ക്ക് മേല്‍ മാത്രമേ ഇതുപോലെ കണ്ണുവെച്ചുള്ള ഗൂഢാലോചന ഭാരതത്തില്‍ വിജയിക്കൂ. ന്യൂനപക്ഷസ്ഥാപനങ്ങളുടെയോ ആരാധനാലയങ്ങളുടേയോ ട്രസ്റ്റുകളുടെയോ ഭൂമിയുടെ നാലയലത്ത് പോലും ചെല്ലാന്‍ മാധ്യമങ്ങള്‍ക്കോ മാവോയിസ്റ്റുകള്‍ക്കോ എന്‍ജിഒകള്‍ക്കോ സാധിക്കില്ല. പണ്ട് കേരളത്തിലെ ഭൂപരിഷ്കരത്തില്‍ ഭൂമി നഷ്ടപ്പെട്ടത് ബ്രാഹ്മണര്‍ക്കും കൃഷിഭൂമി കൈവശം വെച്ച ജന്മിമാര്‍ക്കുമാണ്. എന്നാല്‍ നൂറുകണക്കിനും ആയിരക്കണക്കിനും ഏക്കറുകള്‍ കൈവശം വെച്ച എസ്റ്റേറ്റ് ഉടമകള്‍ക്ക് ഒരു തുണ്ട് ഭൂമി പോലും നഷ്ടമായില്ല.
ധര്‍മ്മസ്ഥലയിലെ ക്ഷേത്രഭൂമിയില്‍ ഭൂപരിഷ്കരണം നടത്തണമെന്ന ആവശ്യം പല മാവോയിസ്റ്റ് ഗ്രൂപ്പുകളും തീവ്ര ഇടത്പക്ഷ ജേണലിസ്റ്റുകളും ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ചില എന്‍ജിഒകളും ഇത്തരം ആവശ്യം ഉയര്‍ത്തിയിരുന്നു. പക്ഷെ ഇവര്‍ക്കെല്ലാം പിന്നില്‍ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്നത് മതപരിവര്‍ത്തന ലോബിയാണെന്ന് ആരോപണങ്ങളുണ്ട്. എന്തായാലും ഹിന്ദുക്ഷേത്രഭൂമികള്‍ കയ്യേറാനുള്ള ശ്രമങ്ങള്‍ ഭാരതത്തില്‍ തുടരുകയാണ്. തമിഴ്നാട്ടില്‍ ഹിന്ദുക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങള്‍ നോക്കുന്ന സര്‍ക്കാര്‍ വകുപ്പ് എത്രയോ ഏക്കറുകളാണ് ക്ഷേത്രങ്ങളുടെ ആവശ്യത്തിനല്ലാതെ നല്‍കിയിട്ടുള്ളത്.
ഇതിന്റെ പിന്നിലെ ഗൂഢാലോചന വളരെ വലുതും സങ്കീര്‍ണ്ണവും ആയതിനാല്‍ എന്‍ഐഎയോ സിബിഐയോ അന്വേഷിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയര്‍ത്തുന്നത്. ഹിന്ദു സംസ്കാരത്തെ രക്ഷിക്കാന്‍ ധര്‍മ്മായാത്ര എന്ന പരിപാടിയിലൂടെ ശക്തമായി പ്രതികരിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് വിജയേന്ദ്ര പറയുന്നു.
















