നെയ്യാറ്റിന്‍കര: ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയാല്‍ ചരിത്ര പ്രസിദ്ധമായ അരുവിപ്പുറത്ത് സര്‍ക്കാര്‍ നിര്‍മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണം പാതി വഴിയില്‍. നിര്‍മ്മാണം നിലച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞെങ്കിലും നിലയത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. നിര്‍മ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഈ അവഗണന കടുത്ത ഗുരുനിന്ദയാണെന്ന് ശ്രീനാരായണീയ ഭക്തര്‍ ആരോപിക്കുന്നു.
സാംസ്‌കാരിക വകുപ്പാണ് അരുവിപ്പുറത്ത് ‘അരുവിപ്പുറം പ്രതിഷ്ഠാ സന്ദേശ സ്മാരക നിലയം’ നിര്‍മിക്കാന്‍ തുടക്കമിട്ടത്. സമുച്ചയത്തില്‍ മിനി ഹാള്‍, സ്‌റ്റേജ്, ലൈബ്രറി, വിഐപി മുറികള്‍, ഗവേഷകര്‍ക്കു താമസിക്കാന്‍ പ്രത്യേക മുറികള്‍ എന്നിങ്ങനെയാണ് വിഭാവന ചെയ്തിരുന്നത്. ഇതിനുവേണ്ടി 50 ലക്ഷം രൂപ അനുവദിക്കുകയും കരാറുകാരന്‍ ഭാഗികമായി ഒരു നില നിര്‍മിക്കുകയും ചെയ്തു. സ്‌റ്റേജിന്റെ ഒരു ഭാഗവും പൂര്‍ത്തിയാക്കി. ഇത് ഒന്നര വര്‍ഷം മുന്‍പാണ് പൂര്‍ത്തിയായത്. ഫണ്ട് തീര്‍ന്നപ്പോള്‍ നിര്‍മാണം നിര്‍ത്തിവെച്ചു. രണ്ട് കോടി രൂപയുടെ പദ്ധതിയില്‍ വീണ്ടും 50 ലക്ഷം രൂപ കൂടി അനുവദിച്ചതായി അറിയിപ്പു ലഭിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. അടുത്ത നില നിര്‍മിക്കാന്‍ വേണ്ടി കമ്പികള്‍ മുറിക്കാതെ നിര്‍ത്തിയിരിക്കുകയാണ്.
വെയിലും മഴയും മഞ്ഞുമേറ്റു ഈ കമ്പികള്‍ തുരുമ്പെടുത്തു തുടങ്ങി. ചുമരുകള്‍ ഇല്ലാത്തതിനാല്‍ ഇതിനുള്ളില്‍ തെരുവ് നായ ശല്യവും രൂക്ഷമാണ്, പഴയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ട് മറച്ചാണ് മഠം അധികൃതര്‍ നായകളെ നിയന്ത്രിക്കുന്നത്. ഇതിന്റെ നിര്‍മാണം എന്ന് പൂര്‍ത്തിയാക്കുമെന്ന തീര്‍ത്ഥാടകരുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുകയാണ് അധികൃതര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അരുവിപ്പുറത്ത് എത്തിയപ്പോള്‍ അരുവിപ്പുറം മഠാധികൃതര്‍ ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയിരുന്നു. എന്നാല്‍ അതിലും നടപടി ഉണ്ടായില്ല. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ലഭ്യമാക്കി സാംസ്‌കാരിക നിലയത്തിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് ശ്രീനാരായണീയ ഭക്തരുടെ ആവശ്യം.
















