കോഴിക്കോട്: ഇന്ന് ലോക ആന ദിനം ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ ചര്‍ച്ചയാവുന്നത് ജനവാസമേഖലകളിലേക്കുള്ള കാട്ടാനകളുടെ വരവു തടയുന്നതിലെ സര്‍ക്കാരിന്റെ വീഴ്ച. ആവാസ വ്യവസ്ഥകളെ സംരക്ഷിക്കുക, സുരക്ഷിത ഇടനാഴികള്‍ സുരക്ഷിതമാക്കുക തുടങ്ങിയ സഹവര്‍ത്തിത്വ (കോ എക്‌സിസ്റ്റന്‍സ്) തത്വത്തിലധിഷ്ഠിതമായ നിര്‍ദേശങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നെങ്കിലും നേര്‍വിരുദ്ധമായ പ്രവൃത്തികള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു.
മനുഷ്യ-ആന സംഘര്‍ഷം കുറയ്‌ക്കുന്നതിന് വനം വകുപ്പ് ദശലക്ഷങ്ങള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും പടക്കം എറിയുന്നതു പോലുള്ള പ്രാകൃതമായ രീതികളാണ് ഇന്നും തുടരുന്നത്. ഇത് സംഘര്‍ഷങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കും, സഹവര്‍ത്തിത്വം കുറയ്‌ക്കും. കാട്ടാനകളെ റേഡിയോ കോളര്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്ന പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.
ബംഗാള്‍, കര്‍ണാടക സര്‍ക്കാരുകള്‍ ഇതിനുവേണ്ടി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ആനയുടെ കഴുത്തില്‍ റേഡിയോ ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ച ഒരു കോളര്‍ ഇടുകയാണ് ചെയ്യുക. ഇത് ഘടിപ്പിച്ച ആനയെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ നിന്ന് വിദൂരമായി നിരീക്ഷിക്കാന്‍ കഴിയും. ഏതെങ്കിലുമൊന്ന് ജനവാസ മേഖലയ്‌ക്കടുത്ത് വന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കും. പിന്തിരിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കഴിയും. ജിപിഎസ് ട്രാക്കിങ് ആനകളുടെ ചലനം തത്സമയം നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്നു.
റേഡിയോ കോളറുകള്‍ക്ക് യൂണിറ്റിന് ഏകദേശം 6.5 ലക്ഷം രൂപയാണ്. പ്രാദേശികമായി വികസിപ്പിച്ചവ 1.8 ലക്ഷം രൂപയ്‌ക്ക് ലഭിക്കും. ബെംഗളൂരു ആസ്ഥാനമായുള്ള ചില സ്റ്റാര്‍ട്ടപ്പുകള്‍ 25,000 മുതല്‍ 40,000 രൂപക്കു നല്കുന്നുമുണ്ട്. ആനയെ പിടികൂടുന്നതിനും അനസ്‌തേഷ്യക്കും കോളര്‍ ഘടിപ്പിക്കലിനുമായി മറ്റ് ചെലവുകളും വരും. സംസ്ഥാന വനം വകുപ്പ് 2013 മുതല്‍ ദീര്‍ഘകാല പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും റേഡിയോ കോളറിങ് നടപ്പാക്കുന്നത് യാഥാര്‍ത്ഥ്യമായിട്ടില്ല.
















