ന്യൂദല്‍ഹി: വായ്‌പാതട്ടിപ്പില്‍ ഇഡി അന്വേഷണം നേരിടുന്ന അനില്‍ അംബാനിക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന അനില്‍ അംബാനിയുടെ കമ്പനിയ്‌ക്ക് 28483 കോടി രൂപ പിരിച്ചെടുക്കാന്‍ അനുവാദം നല്‍കി സുപ്രീംകോടതി. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഈ തുക പിരിച്ചെടുക്കാന്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഉപകമ്പനികളായ ബിഎസ്ഇഎസ് യമുനാ പവര്‍, ബിഎസ് ഇഎസ് രാജധാനി പവര്‍ എന്നീ കാമ്പനികള്‍ക്ക് അനുവാദം നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി.
ബിഎസ് ഇഎസ് യമുനാ പവര്‍ സെന്‍ട്രല്‍, ഈസ്റ്റ് ദല്‍ഹി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനിയാണെങ്കില്‍ ബിഎസ് ഇഎസ് രാജധാനി എന്നത് ദല്‍ഹിയുടെ തെക്കും പടിഞ്ഞാറും വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികളാണ്. ഇവര്‍ വൈദ്യുതി വിതരണം ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ തുക മാത്രമാണ് ഇതുവരെ ഉപഭോക്താക്കളില്‍ നിന്നും ദല്‍ഹി സര്‍ക്കാര്‍ ഈടാക്കിയിരുന്നുള്ളൂ. ഇങ്ങിനെ വര്‍ഷങ്ങളായി ഈ കമ്പനികള്‍ക്ക് വൈദ്യുതിവിതരണത്തിലുണ്ടായ സാമ്പത്തിക നഷ്ടമാണ് 28,483 കോടി രൂപയായി കണക്കാക്കിയിരിക്കുന്നത്. ഇത് തിരിച്ചുപിടിക്കാനാണ് സുപ്രീംകോടതി അനുവാദം നല്‍കിയിരിക്കുന്നത്. അടുത്ത നാല് വര്‍ഷം കൊണ്ട് പിരിച്ചെടുക്കാനാണ് അനുവദിച്ചിരിക്കുന്നത്.
ദല്‍ഹിയിലും മറ്റും വൈദ്യുതി വിതരണം ചെയ്യുന്നതില്‍ അനില്‍ അംബാനിയുടെ വൈദ്യുതിവിതരണക്കമ്പനികള്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ ഉപഭോക്താക്കളില്‍ നിന്നും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ തിരിച്ചുപിടിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. തിരിച്ചുപിടിക്കാനുള്ളത് 28483 കോടി രൂപയാണ്. ഇത് ഇഡി അന്വേഷണം നേരിടുന്ന അനില്‍ അംബാനിക്ക് താല്‍ക്കാലിക ആശ്വാസമാണ്.
3000 കോടിയുടെ യെസ് ബാങ്ക് വായ്‌പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ 50 ഓഫീസുകളിലെ 34 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. 2017നും 2019നും ഇടയില്‍ നല്‍കപ്പെട്ട ഈ വായ്‌പ അനില്‍ അംബാനി പല ഷെല്‍ കമ്പനികളിലേക്കും മാറ്റിയെന്ന കേസാണ് ഇഡി അന്വേഷിക്കുന്നത്.
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്ന കമ്പനിയുടെ അക്കൗണ്ട് ഫ്രോഡ് തന്നെയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചതായി കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞത് വലിയ തിരിച്ചടിയായിരിക്കുകയാണ്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് നല്‍കിയ 31000 കോടി രൂപയുടെ വായ്‌പ അനില്‍ അംബാനി തന്റെ ഉടമസ്ഥതയിലുള്ള ഒരു പിടി കമ്പനികള്‍ ഉപയോഗിച്ച് അദ്ദേഹം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അത് കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികവഞ്ചനയാണെന്നും പറയപ്പെടുന്നു.
17000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കലാണ് ഇഡി അന്വേഷിക്കുന്ന മറ്റൊരു കേസ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് എന്നീ കമ്പനികള്‍ നല്‍കിയ വായ്‌പകള്‍ വഴി 17000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്നാണ് ഇഡി നിരീക്ഷണം. ഈ അന്വേഷണം വ്യാപിപ്പിക്കാനും ഇഡി പദ്ധതിയിടുന്നു. ഒപ്പം അനില്‍ അംബാനി ഇന്ത്യ വിട്ട് പോകാതിരിക്കാന്‍ ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. 2017-18ല്‍ വെറും 3742 കോടി രൂപയുടെ വായ്‌പ മാത്രമുണ്ടായിരുന്ന റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ കോര്‍പറേറ്റ് വായ്‌പ 2018-19ല്‍ പൊടുന്നനെ 8670 കോടി രൂപയായി ഉയര്‍ന്നിരുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ബാങ്ക് ഓഫ് ഇന്ത്യയെ 14000 കോടി രൂപയും കാനറാ ബാങ്കിനെ 1050 കോടി രൂപയും വായ്‌പയെടുത്ത് തട്ടിച്ചതായും പറയുന്നു.
















