ഒൻ്റാറിയോ : കാനഡയിൽ 21 വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥിനി ഹർസിമ്രത് രൺധാവയെ വെടിവച്ചുകൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വ്യക്തിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഒന്റാറിയോയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് ചൊവ്വാഴ്ച ഹാമിൽട്ടൺ പോലീസ് 32 വയസ്സുള്ള പ്രതി ജെർഡൈൻ ഫോസ്റ്ററിനെ അറസ്റ്റ് ചെയ്യുകയും കൊലപാതകശ്രമക്കുറ്റങ്ങൾ ചുമത്തുകയും ചെയ്തതായി ആക്ടിംഗ് ഡിറ്റക്ടീവ് സർജന്റ് ഡാരിൽ റീഡ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
മൊഹാക്ക് കോളേജിൽ ഫിസിയോതെറാപ്പി കോഴ്‌സ് പഠിക്കുകയായിരുന്നു ഹർസിമ്രത് രൺധാവ. ഏപ്രിൽ 17 ന് അപ്പർ ജെയിംസ് സ്ട്രീറ്റും സൗത്ത് ബെൻഡ് റോഡും തമ്മിലുള്ള കവലയിലെ ബസ് സ്റ്റാൻഡിന് സമീപം നിൽക്കുമ്പോഴാണ് രൺധാവയ്‌ക്ക് വെടിയേറ്റത്. വെടിയേറ്റതിനെ തുടർന്ന് വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരിച്ചു.
ബസിൽ നിന്ന് ഇറങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കാൻ നിൽക്കുമ്പോഴാണ് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് വെടിയേറ്റതെന്നാണ് വിവരം. നാല് കാറുകളിലായി കുറഞ്ഞത് ഏഴ് പേർ എന്തോ തർക്കത്തിൽ ഏർപ്പെട്ടതായും സമീപത്ത് നിൽക്കുകയായിരുന്ന ഹർസിമ്രത്തിന് വെടിയേറ്റതായുമാണ് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തത്.
അതേ സമയം ഈ കേസിൽ മറ്റാരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം ഇപ്പോഴും തുടരുകയാണ്, ഈ കേസിൽ ഉൾപ്പെട്ട എല്ലാവരെയും തിരിച്ചറിയാനും കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുമെന്നും റീഡ് കൂട്ടിച്ചേർത്തു.
















