തിരുവനന്തപുരം: സിപിഎം ഭരണം ഗുണ്ടകള്‍ക്കും കൊടും ക്രിമിനലുകള്‍ക്കും ജയില്‍പ്പുള്ളികള്‍ക്കും വേണ്ടി മാത്രമായി മാറിയെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സദാനന്ദന്‍ മാസ്റ്ററെ ആക്രമിച്ച പ്രതികള്‍ക്ക് താരപരിവേഷം നല്‍കി ജയിലിലേക്ക് അയക്കുന്നതും ടിപി വധക്കേസ് പ്രതിക്ക് മദ്യപിക്കാന്‍ പൊലീസ് കാവല്‍ നിന്നതും ലജ്ജിപ്പിക്കുന്നതാണ്. കേരളത്തിന്റെ ക്രമസമാധാന നിലയും ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണവും പാര്‍ട്ടി ഗുണ്ടകള്‍ക്ക് സര്‍ക്കാര്‍ എഴുതിക്കൊടുത്തെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.
കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്നു തരിപ്പണമായതിന്റെ കാരണം എന്താണ് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി വരുന്ന വാര്‍ത്തകള്‍. രാജ്യസഭാ എംപിയായ സദാനന്ദന്‍ മാസ്റ്ററുടെ കാലുകള്‍ അതിക്രൂരമായി വെട്ടിയെടുത്ത ക്രിമിനലുകളുടെ ശിക്ഷ കോടതി ശരിവെക്കുകയും അവരെ വീണ്ടും ജയിലില്‍ അടയ്‌ക്കുകയും ചെയ്തിരുന്നു. അവരെ ജയിലിലേക്ക് അയയ്‌ക്കാന്‍ എത്തിയത് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെ കെ ശൈലജയാണ്. വീരപരിവേഷത്തോടെ മുദ്രാവാക്യം വിളികളോടെയാണ് കൊടും ക്രിമിനലുകളെ സിപിഎം ജയിലിലേക്ക് അയക്കുന്നത്.
ഇതിലൂടെ അക്രമ രാഷ്‌ട്രീയത്തില്‍ സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നു. ഇതാദ്യമായല്ല പാര്‍ട്ടി ക്രിമിനലുകള്‍ക്ക് ഇത്തരം സ്വീകരണം നല്‍കുന്നതും വീരപരിവേഷം നല്‍കുന്നതും.ടിപി വധക്കേസ് പ്രതി മരിച്ചപ്പോള്‍ ‘വീര രക്തസാക്ഷി’ എന്നാണ് പാര്‍ട്ടി വിശേഷിപ്പിച്ചത്. കൊടും ക്രിമിനലുകള്‍ക്ക് രക്തസാക്ഷി മണ്ഡപം വരെ നിര്‍മിച്ച് ആരാധിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. പെരിയ ഇരട്ട കൊലപാതകക്കേസിലെ പ്രതികളോടും സിപിഎം സ്വീകരിച്ച നയം വ്യത്യസ്തമല്ല.
പാര്‍ട്ടി ഗുണ്ടകള്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് പ്രശസ്തരായ അഭിഭാഷകരെ സര്‍ക്കാര്‍ ഗുണ്ടകള്‍ക്ക് വേണ്ടി നിയോഗിക്കുന്നു.ടിപി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കുക, ജയിലില്‍ വിഐപി സൗകര്യങ്ങള്‍ ഒരുക്കി നല്‍കുക എന്നിവയ്‌ക്കുപുറമെ പാര്‍ട്ടി ഗുണ്ടയ്‌ക്ക് മദ്യപിക്കാന്‍ പൊലീസ് കാവല്‍ നില്‍ക്കുന്ന അവസ്ഥ പോലും കേരളത്തിലുണ്ട്.
പാര്‍ട്ടി ഗുണ്ടകള്‍ സുഖവാസ കേന്ദ്രത്തില്‍ എന്നപോലെയാണ് ജയിലില്‍ കഴിയുന്നത്. പാര്‍ട്ടി ക്രിമിനലുകള്‍ക്ക് മാത്രമല്ല, മന്ത്രിമാര്‍ക്കും നേതാക്കന്മാര്‍ക്കും വേണ്ടപ്പെട്ട ക്രിമിനലുകള്‍ക്ക് ശിക്ഷ ഇളവ് പോലും നല്‍കി പുറത്തിറക്കുന്നതിന്റെ ഉദാഹരണമാണ് കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ ജയില്‍ മോചിതയായത്.
സാധാരണ ജനങ്ങള്‍ക്ക് നീതി നിഷേധിക്കുന്ന കേരളത്തില്‍ ക്രിമിനലുകള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു. ഈ അപകട രാഷ്‌ട്രീയത്തില്‍ ഭയത്തോടെ മാത്രമേ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുകയുള്ളൂ- ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
















