ന്യൂദല്‍ഹി: കേരളത്തിലെ ലവ് ജീഹാദിന്റെ കഥ പറഞ്ഞ കേരളാ സ്റ്റോറിക്ക് എന്തുകൊണ്ടാണ് രണ്ട് അവാര്‍ഡുകള്‍ നല്കിയതെന്നതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം ജൂറി അധ്യക്ഷനായിരുന്ന അശുതോഷ് ഗൊവാരികര്‍ രംഗത്ത്. കേരള സ്റ്റോറിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്നതായിരുന്നു ഈ മറുപടി.
കേരളത്തില്‍ ക്രിസ്ത്യന്‍, ഹിന്ദു വീടുകളില്‍ നിന്നുള്ള പെണ്‍കുട്ടികളെ പ്രണയക്കെണിയിലൂടെ ഐഎസ് ഐഎസില്‍ ചേര്‍ത്ത് സിറിയയിലേക്ക് അയയ്‌ക്കുന്ന ഭീകരവാദ ശൃംഖലയെ വെളിപ്പെടുത്തുന്നതാണ് കേരള സ്റ്റോറി എന്ന സിനിമ. ലവ് ജിഹാദിലൂടെ സിറിയയിലെ ഭീകരസംഘടനകളിലേക്ക് എത്തിക്കപ്പെട്ട നിഷ്കളങ്കരായ നാല് ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ട നാല് പെണ്‍കുട്ടികളുടെ ഉള്ളുലയ്‌ക്കുന്ന കഥയാണ് കേരള സ്റ്റോറി. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില ഭീകരമായ സാമൂഹ്യാവസ്ഥ തന്നെയാണ് കേരള സ്റ്റോറി തുറന്നുകാണിച്ചത്. ആമിര്‍ഖാന്‍ നായകനായ വിദേശ ചലച്ചിത്രമേളകളില്‍ വരെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ലഗാന്‍ എന്ന സിനിമയുടെ സംവിധായകനാണ് അശുതോഷ്.
കേരള സ്റ്റോറിക്ക് നല്‍കിയ ഒരു അവാര്‍ഡ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരമാണ്. പ്രശന്താനു മൊഹാപാത്രയ്‌ക്കാണ് ഈ പുരസ്കാരം ലഭിച്ചത്. കേരളാ സ്റ്റോറിയിലെ ക്യാമറ വ്യത്യസ്തവും തീക്ഷ്ണവുമായിരുന്നുവെന്ന് അശുതോഷ് ഗൊവാരികര്‍ പറയുന്നു. കഥയുടെ ഒഴുക്കിന് പരിക്കേല്‍പിക്കാതെയാണ് ക്യാമറ ചലിച്ചത്. കഥയുടെ പശ്ചാത്തലത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍ ക്യാമറാമാന്‍ കണ്ടെത്തിയത്. അതുകൊണ്ട് അതിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ജൂറി ചെയര്‍മാന്‍ അശുതോഷ് ഗൊവാരികര്‍ വ്യക്തമാക്കി.
രണ്ടാമത്തെ അവാര്‍ഡ് മികച്ച സംവിധായകനുള്ള അവാര്‍ഡാണ്. അത് ലഭിച്ചത് സുദീപ്തോ സെന്നിനാണ്. “കഥ പറയാന്‍ വളരെ ദുഷ്കരമായ പ്രമേയമാണ് ഈ സിനിമയിലേത്. പക്ഷെ അതീവ വ്യക്തതയോടെ അത് അവതരിപ്പിക്കുന്നതില്‍ സുദീപ്തോ സെന്‍ വിജയിച്ചു. അത് കണ്ടപ്പോള്‍ ജൂറിയെന്ന നിലയില്‍ അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. “- അശുതോഷ് ഗൊവാരികര്‍ പറയുന്നു. ഇതില്‍ മുഖ്യകഥാപാത്രത്തെ കൈകാര്യം ചെയ്ത ബോളിവുഡ് നടി ആദാ ശര്‍മ്മയുടെ അവിസ്മരണീയമായ അഭിനയത്തെയും ജൂറി പ്രശംസിച്ചു.
കേരളത്തില്‍ സംഭവിച്ച കഥയായിട്ടുകൂടി ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തിയറ്റുകള്‍ വിരളമായേ കിട്ടിയുള്ളൂ. അതേ സമയം തമിഴ്നാട്ടിലും ബംഗാളിലും പ്രദര്‍ശിപ്പിക്കാനേ കഴിഞ്ഞില്ല. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കേരള സ്റ്റോറി നികുതിയിളവ് നല്‍കിയാണ് പ്രദര്‍ശിപ്പിച്ചത്.
















