റായ് പൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. കോടതിയില്‍ പ്രോസിക്യൂഷന്‍ വെളളിയാഴ്ച സ്വീകരിച്ച നിലപാട് പൂര്‍ണമായും കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂലമാണ്. മറിച്ചുവരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തി വസ്തുതകള്‍ വളച്ചൊടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
കേസിനെ വഴിതെറ്റിക്കാനും കൂടുതല്‍ സങ്കീര്‍ണമാക്കാനും മാത്രമേ ഇത്തരം പ്രചാരണങ്ങള്‍ ഉപകരിക്കുകയുള്ളൂ. ഇത്തരം നടപടികള്‍ അപലപനീയമാണ്.പ്രോസിക്യൂഷന്‍ സാങ്കേതികപരമായി സ്വീകരിക്കേണ്ട നടപടികളും കമന്റും മാത്രമേ കേസില്‍ പറഞ്ഞിട്ടുള്ളൂ എന്നത് ഏറെ ശ്രദ്ധേയമാണ്. തികച്ചും സാങ്കേതികപരമായ പ്രതികരണങ്ങളെ വളച്ചൊടിച്ച് കൂടുതല്‍ തെറ്റിദ്ധാരണ പടര്‍ത്താനാണ് ശ്രമം നടക്കുന്നതെന്നും അനൂപ് ആന്റണി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ച സമയത്തും സമാന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. കോടതിയുടെ അധികാരപരിധിക്ക് പുറത്താണ് എന്ന കാരണത്താല്‍ ജാമ്യ അപേക്ഷ പരിഗണിക്കാതിരുന്നപ്പോള്‍ അതിനെയും വളച്ചൊടിച്ച് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചു.
പ്രോസിക്യൂഷനെ പഴിചാരാന്‍ നിരന്തര ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഛത്തീസ്ഗഡ് സര്‍ക്കാരും പ്രോസിക്യൂഷനും കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ ഒപ്പം നില്‍ക്കുമ്പോള്‍ അവര്‍ക്കെതിരായി പ്രചാരണം നടത്തുന്നത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ്.
ഇന്ന് കോടതിയില്‍ കന്യാസ്ത്രീകള്‍ക്ക് വേണ്ടി അഭിഭാഷകര്‍ മുന്നോട്ടുവച്ച വാദഗതികളെ ഒന്നുംതന്നെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല എന്നത് മാത്രമല്ല, പല വാദഗതികളെയും അനുകൂലിക്കുകയും ചെയ്തു.
പൊലീസ് കസ്റ്റഡിയില്‍ വേണോ എന്ന കോടതിയുടെ ചോദ്യത്തിന് ‘അത് വേണ്ട’ എന്നാണ് പ്രോസിക്യൂഷന്‍ നല്‍കിയ മറുപടി. അതുകൊണ്ടുതന്നെ പൂര്‍ണമായും കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ അനുകൂല നിലപാട് സ്വീകരിച്ച പ്രോസിക്യൂഷനെ മനപ്പൂര്‍വം പ്രതിസ്ഥാനത്ത് നിര്‍ത്തി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനുള്ള ഗൂഢശ്രമമാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍.
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഛത്തീസ്ഗഡ് സര്‍ക്കാരും കേരള ബിജെപിയും കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കും എന്ന് നിലപാട് നേരത്തെ സ്വീകരിച്ചതാണ്. അതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുമുണ്ടെന്ന് അനൂപ് ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: