കാലിഫോര്‍ണിയ:അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസത്തെ പഠനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു.ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ആക്സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ഡ്രാഗണ്‍ ഗ്രേഡ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെട്ടു ഭൂമിയിലേക്ക് പുറപ്പെട്ടു.
ഇന്ത്യന്‍ സമയം തിങ്കളാഴ്ച വൈകിട്ട് 4:45-നാണ് നിലയത്തിലെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഗ്രേസ് പേടകം വേര്‍പ്പെട്ടത്. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്സിയം 4 ക്രൂവിലുള്ളത്.
ജൂണ്‍ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂര്‍ത്തിയാക്കാന്‍ ആക്സിയം 4 സംഘത്തിന് സാധിച്ചു.കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമുള്‍പ്പെടെ നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ നടന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് പേടകം കാലിഫോര്‍ണിയക്ക് സമീപം ശാന്ത സമുദ്രത്തില്‍ ഇറങ്ങുമെന്നാണ് വിവരം. ഭൂമിയില്‍ തിരിച്ചെത്തിയാല്‍ ഏഴ് ദിവസം നാല് ആക്സിയം 4 ദൗത്യ സംഘാംഗങ്ങളും പ്രത്യേകം നിരീക്ഷണത്തിലായിരിക്കും. അതിന് ശേഷമേ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് മടങ്ങുകയുളളൂ. കടലില്‍ ഇറങ്ങുന്ന ആക്സിയം 4 സംഘത്തെ സ്പേസ്എക്സിന്റെ റിക്കവറി കപ്പല്‍ തീരത്തേക്ക് എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: