ന്യൂദല്‍ഹി: ഈയിടെ ന്യൂദല്‍ഹിയില്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കിയ പുതിയ പദ്ധതികള്‍ പരിചയപ്പെടുത്തിക്കൊണ്ട് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. അതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് ഒരു ചോദ്യമുയര്‍ത്തി:”ആപ് കി സര്‍ക്കാര്‍…(താങ്കളുടെ സര്‍ക്കാര്‍…)”… മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഇടയ്‌ക്ക് വെച്ച് മുറിച്ചുകൊണ്ട് രേഖാ ഗുപ്ത ഇടപെട്ടു.
“ആപ് കി സര്‍ക്കാര്‍ എന്ന് പറയല്ലേ. ആപിന്റെ (ആം ആദ്മിയുടെ) സര്‍ക്കാരെല്ലാം പോയി. ഇത് ബിജെപി കാ സര്‍ക്കാര്‍ ആണ്. അതുകൊണ്ട് അങ്ങിനെ വേണം പറയാന്‍… “- രേഖാ ഗുപ്ത പൊട്ടിച്ച ഈ തമാശ കേട്ട് മുറിയിലെ മാധ്യമപ്രവര്‍ത്തകര്‍ മുഴുവന്‍ പൊട്ടിച്ചിരിച്ചു.
എന്തായാലും ദല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനെ തറപറ്റിച്ച രേഖാ ഗുപ്ത മാധ്യമ പ്രവര്‍ത്തകരുടെ കൂടി അടുത്ത കൂട്ടുകാരിയാണ്. അതേ സമയം അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി പല വിവാദങ്ങളിലും രേഖ ഗുപ്തയെ കുടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഏശുന്നില്ല. ഈയിടെ മുഖ്യമന്ത്രിയുടെ വസതി പുതുക്കിപ്പണിയാന്‍ 60 ലക്ഷം ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് ആം ആദ്മി രംഗത്തിറങ്ങിയിരുന്നു. 14 എസികള്‍ വരെ വാങ്ങാന്‍ പോകുന്നു എന്നായിരുന്നു വാര്‍ത്ത. ഇതോടെ വസതി പുതുക്കിപ്പണിയാനുള്ള ടെണ്ടര്‍ തന്നെ രേഖാ ഗുപ്ത റദ്ദാക്കുകയായിരുന്നു. അതോടെ ആ വിവാദം കെട്ടടങ്ങി. വിവാദങ്ങള്‍ക്ക് പിടികൊടുക്കാതെ, നല്ല നര്‍മ്മങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകരുടെ ഹൃദയം സ്പര്‍ശിച്ച്, ദല്‍ഹിയില്‍ മികച്ച പരിഷ്കാരങ്ങളും വികസനപദ്ധതികളും നടപ്പാക്കി ഈ ബിജെപി മുഖ്യമന്ത്രി മുന്നേറുകയാണ്.
2025 ദല്‍ഹി യൂണിവേഴ്സിറ്റി യൂണിയന്‍ പ്രസിഡന്‍റായി രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയ വ്യക്തിയാണ് രേഖാ ഗുപ്ത. ദല്‍ഹി ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്നു. ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ ആം ആദ്മിയുടെ ബന്ദന കുമാരിയെ തോല്‍പിച്ചാണ് വിജയിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മിയെ തൂത്തെറിഞ്ഞാണ് രേഖാ ഗുപ്ത മുഖ്യമന്ത്രിയായി എത്തിയത്. ബിജെപി എട്ട് സീറ്റില്‍ നിന്നും 48 സീറ്റുകളിലേക്ക് ഉയര്‍ന്നപ്പോള്‍ 62 സീറ്റുകളില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി 22 സീറ്റുകളിലേക്ക് ചുരുങ്ങി. പത്ത് വര്‍ഷത്തെ ആപ് ഭരണമാണ് രേഖാ ഗുപ്തയും കൂട്ടരും തൂത്തെറിഞ്ഞത്. മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിനെപ്പോലും ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മ്മ തോല്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: