India

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

ചൈന 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ചാണ് 5ജി സാങ്കേതികവിദ്യ വികസിപ്പിച്ചതെങ്കില്‍ ഇന്ത്യ അതിന് തത്തുല്യമായ തദ്ദേശീയ ബദല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തിലാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഈ നേട്ടത്തിന് നമ്മള്‍ നന്ദി പറയേണ്ടത് ഇന്ത്യയുടെ സ്വകാര്യമേഖലയെ ആണെന്നും അദ്ദേഹം പറഞ്ഞു. ഐഐടി മദ്രാസില്‍ 62ാമത് ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്ത അജിത് ഡോവല്‍ ഇന്ത്യ പ്രതിരോധ രംഗത്ത് നടപ്പാക്കിയ ആത്മനിര്‍ഭര്‍ പദ്ധതികളെ പ്രകീര്‍ത്തിച്ചു.

Published by

ചെന്നൈ: ചൈന 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ചാണ് 5ജി സാങ്കേതികവിദ്യ വികസിപ്പിച്ചതെങ്കില്‍ ഇന്ത്യ അതിന് തത്തുല്യമായ തദ്ദേശീയ ബദല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തിലാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇത്രയ്‌ക്ക് പണമോ സമയമോ ഇന്ത്യയ്‌ക്കുണ്ടായിരുന്നില്ല. ഇന്നത്തെ മദ്രാസ് ഐഐടി ഡയറക്ടറായ കാമകോടിയുമായി സര്‍ക്കാര്‍ സംസാരിച്ചു. രണ്ടര വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്‌ക്ക് തദ്ദേശീയമായി വികസിപ്പിച്ച 5ജി ഉണ്ടായി. ഇന്ന് ഒരു സ്ക്രൂ ആണെങ്കില്‍ പോലും അത് ഇന്ത്യയിലെ വിശ്വസ്തമായ ഉറവിടത്തില്‍ നിന്നാണ് വാങ്ങുന്നത്. ഈ 5ജി നേട്ടത്തിന് ഇന്ത്യ സ്വകാര്യമേഖലയ്‌ക്ക് കൂടി നന്ദിപറയണമെന്നും അദ്ദേഹം പറഞ്ഞു. ഐഐടി മദ്രാസില്‍ 62ാമത് ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്ത അജിത് ഡോവല്‍ ഇന്ത്യ പ്രതിരോധ രംഗത്ത് നടപ്പാക്കിയ ആത്മനിര്‍ഭര്‍ പദ്ധതികളെ പ്രകീര്‍ത്തിച്ചു.

ഇന്ത്യ പാകിസ്ഥാനെതിരെ യുദ്ധം ജയിച്ചത് തദ്ദേശീയ സൈനിക സാങ്കേതികവിദ്യ കാരണം

-->

ഇന്ത്യ പാകിസ്ഥാനെതിരെ യുദ്ധം ജയിച്ചത് തദ്ദേശീയമായ സൈനിക സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാലാണെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. “ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ച ബ്രഹ്മോസ് മുതല്‍ റഡാറുകള്‍ വരെ എല്ലാം ഇന്ത്യയുടെ തനതായ ഉപകരണങ്ങളായിരുന്നു. പാകിസ്ഥാനിലെ ഒമ്പത് തീവ്രവാദകേന്ദ്രങ്ങളെ ലക്ഷ്യമിട്ടു. ഒന്നുപോലും ഇന്ത്യയ്‌ക്ക് പിഴച്ചില്ല.” – അജിത് ഡോവല്‍ പറഞ്ഞു.

ദേശീയ സുരക്ഷ ഉറപ്പാക്കാനും ഡേറ്റാ സുരക്ഷിതമായി സൂക്ഷിക്കാനും ഇന്ത്യ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ തദ്ദേശീയമാക്കി മാറ്റേണ്ടതുണ്ട്. നമ്മുടെ വാര്‍ത്താവിനിമയസംവിധാനങ്ങളാകെ തദ്ദേശവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കളി മാറ്റാന്‍ പോകുന്ന എഐ

എല്ലാ രംഗങ്ങളിലും കളി മാറ്റാന്‍ പോകുന്നത് എഐ ആണെന്ന് അജിത് ഡോവല്‍ പറഞ്ഞു. ഇനി ഒരു നിമിഷം പോലും കളയാതെ ഇന്ത്യ വിദേശസംവിധാനങ്ങളെ ആശ്രയിക്കാതെ സ്വന്തമായി പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളത്തെ ലോകത്തെ മുന്നില്‍ നിന്ന് നയിക്കാനും രാജ്യത്തെ വികസിപ്പിക്കാനും എഐ നമ്മുടെ മുഖ്യകേന്ദ്രമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

“നാളത്തെ എല്ലാ കളികളെയും മാറ്റിമറിക്കാന്‍ പോകുന്ന പ്രധാനശക്തികളില്‍ ഒന്ന് എഐ ആണ്. ഓരോ വര്‍ഷവും എഐ ലോകത്തെ അതിവേഗം മാറ്റിമറിയ്‌ക്കും. വൈവിധ്യമാര്‍ന്നതാണ് അതിന്റെ പ്രയോഗസാധ്യത. ഗവേഷണം വികസനം എന്നീ രംഗങ്ങളില്‍ എഐ അത്യന്താപേക്ഷിതമാണ്. മെഷീന്‍ ലേണിംഗ്, എല്‍എല്‍എം (ലാര്‍ജ് ലാംഗ്വേജ് മോഡല്‍), പ്രതിരോധം, റോബോട്ടിക്സ്, മരുന്ന് നിര്‍മ്മാണം, ധനകാര്യം തുടങ്ങി എല്ലാ മേഖലകളിലും എഐ ആവശ്യമാണ്. ഇന്ത്യയ്‌ക്ക് നാളത്തെ ലോകത്തെ മുന്നില്‍ നിന്നും നയിക്കാനും രാജ്യത്തെ വികസിപ്പിക്കാനും എഐ വേണം. ഈ ഒരു മേഖലയില്‍ ഇന്ത്യ ധാരാളമായി വികസിക്കാനുണ്ട്. ” – അജിത് ഡോവല്‍ പറഞ്ഞു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by