തിരുവനന്തപുരം: നാലുമാസം നമുക്ക് അധ്വാനിക്കാം, നിരന്തരമായി പരിശ്രമിക്കാം. വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം. പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒക്കെ കേരളത്തിൽ എത്തുമ്പോൾ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പാലിറ്റി അംഗങ്ങളും ജില്ലാ പഞ്ചായത്ത് അംഗങ്ങളും പഞ്ചായത്ത് പ്രസിഡണ്ടുമാരും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരും മേയർമാരും ഒക്കെ നമുക്ക് ഈ വേദിയിൽ ഉണ്ടാകണം. അതിനായി പ്രവർത്തിക്കേണ്ട സമയം ഇപ്പോൾ തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് കേരളത്തിന് ഇന്നൊരു ചരിത്രദിനമാണ്. 110 ദിവസം മുൻപ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ ചുമതല ഏറ്റെടുക്കുമ്പോൾ ഞാൻ പറഞ്ഞത് പാർട്ടിയുടെ ദൗത്യവും ലക്ഷ്യവും വികസിത കേരളം സൃഷ്ടിക്കുക എന്നതാണ്. അതിനായി ബിജെപിയെ എൻഡിഎ അധികാരത്തിൽ എത്തിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അതിന് ഏറെ നിർണായകമാണ്. 110 ദിവസം കൊണ്ട് പാർട്ടിയെ ഒറ്റക്കെട്ടായി ‘ടീം വികസിത കേരളം’ ആയി മാറ്റാൻ കഴിഞ്ഞു. 30 വികസിത കേരള കൺവെൻഷനുകളിൽ പ്രവർത്തകരുമായി ചർച്ച ചെയ്ത് പരിപാടികൾ തീരുമാനിച്ചു. 23,000 ത്തോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സീറ്റുകളിൽ ബിജെപി മത്സരിക്കുന്നത് വിജയിക്കാനാണ്. ഒരു ലക്ഷം പേർ അതിനായി വിവിധ തലങ്ങളിൽ ഇപ്പോൾ തന്നെ പ്രവർത്തിക്കുന്നു. വികസിത കേരളത്തിനായി ഹെൽപ്പ് ഡെസ്കുകൾ നമ്മൾ രൂപീകരിച്ചു. വരും ദിവസങ്ങളിൽ ജില്ലാ ഓഫീസുകളിലും ഹെൽപ്പ് ഡെസ്കുകൾ രൂപീകരിക്കും. 110 ദിവസം കൊണ്ട് സംസ്ഥാനത്തെ യഥാർത്ഥ പ്രതിപക്ഷം ബിജെപിയാണ് എന്ന് ജനങ്ങൾക്ക് വ്യക്തമായി. സർക്കാരിനെതിരായ സമരങ്ങളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും കോൺഗ്രസും യുഡിഎഫും വിട്ടുനിന്നപ്പോൾ ബിജെപി ജനങ്ങൾക്ക് വേണ്ടി സർക്കാരിനെതിരെ തെരുവിലിറങ്ങി.
യുപിഎ ഭരണത്തിനുശേഷം രാജ്യം എങ്ങനെയായിരുന്നു, അതുപോലെയാണ് 2025ലും കേരളത്തിന്റെ അവസ്ഥ. എവിടെയൊക്കെയായാലും അനാസ്ഥയും ദുർഭരണവും – സർക്കാർ, പ്രതിപക്ഷം ഇവയിൽ ഏരും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. 2014 മുതൽ ഇന്ത്യയിൽ മാറ്റങ്ങൾ കാണാൻ തുടങ്ങി. യുപിഎ സർക്കാർ തകർത്ത ഇന്ത്യയെ മോദിജി ഉയർത്തിക്കൊണ്ടുവന്നു. കേരളത്തിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും നാൾക്കുനാൾ വർദ്ധിക്കുന്നു – അതിനെപ്പറ്റി സർക്കാരിനും പ്രതിപക്ഷത്തിനും ഒന്നും പറയാനില്ല.
ബിജെപി മാത്രമാണ് കേരളത്തിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് വികസനം കൊണ്ടുവരാൻ പോകുന്നത്. ബിജെപിയെ വർഗീയ പാർട്ടി എന്നാണ് കോൺഗ്രസും സിപിഎമ്മും വിളിക്കുന്നത്. നിലമ്പൂരിൽ വർഗീയ തീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയെയും പിഡിപിഐയും മുഖ്യധാരയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ആരാണ് എന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും രാഷ്‌ട്രീയം – അവസരവാദ, പ്രീണന, ദുർഭരണ രാഷ്‌ട്രീയമാണ്. ബിജെപി മുന്നോട്ടുവെക്കുന്നത് വികസന രാഷ്‌ട്രീയമാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്‌ട്രീയത്തിന്റെ സമയം കഴിഞ്ഞു. ഇനി ജനങ്ങളുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്ന ബിജെപിയുടെ രാഷ്‌ട്രീയത്തിന്റെ സമയമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: