മുംബൈ: രാഷ്‌ട്രീയവിഷം പുരണ്ട ചില മാധ്യമപ്രവര്‍ത്തകരുണ്ട്. അത്തരക്കാര്‍ രാഷ്‌ട്രീയമറിയാത്ത സിനിമക്കാരെ പല വിവാദങ്ങളിലും കുടുക്കുക പതിവാണ്. നിഷ്കളങ്കമെന്ന് തോന്നുന്ന തരത്തിലുള്ള ഇവരുടെ ചോദ്യങ്ങള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയ ഒളിഞ്ഞിരിപ്പുണ്ട്. ബീഫിനെക്കുറിച്ചും പശുവിനെക്കുറിച്ചുമൊക്കെ ചോദിച്ച് സിനിമാ താരങ്ങളില്‍ നിന്നും ബിജെപിയ്‌ക്കും ആര്‍എസ്എസിനും എതിരായ ബൈറ്റ് കിട്ടിയാല്‍ പിന്നീട് അത് സോഷ്യല്‍ മീഡിയയില്‍ അവര്‍ വന്‍ചര്‍ച്ചയാക്കിമാറ്റും.
സിനിമാനടി നിഖില വിമല്‍ ഉള്‍പ്പെടെയുള്ളവര്‍ അടിക്കടി ഇത്തരം വിവാദങ്ങളില്‍ പെടാറുണ്ട്. എന്നാല്‍ ഇത്തരം വിഷജേണലിസ്റ്റുകളില്‍ നിന്നും എത്ര സമര്‍ത്ഥമായാണ് നടി ശില്‍പാഷെട്ടിയും നടന്‍ സഞ്ജയ് ദത്തും ഊരിപ്പോരുന്നതെന്ന വീഡിയോ വൈറലാണിപ്പോള്‍.
മറാത്തി ഭാഷാവിവാദത്തെക്കുറിച്ച് ശില്‍പാ ഷെട്ടിയോട് ചോദിച്ച ജേണലിസ്റ്റിനോട് ഈ ചോദ്യത്തിന് ഉത്തരം സഞ്ജയ് ദത്ത് പറയും എന്നാണ് ശില്‍പാ ഷെട്ടി ഉത്തരം കൊടുത്തത്. സഞ്ജയ് ദത്താകട്ടെ ഇതിന് ഉത്തരം പറയാതെ മറ്റെന്തോ പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം എന്നായിരുന്നു സഞ്ജയ് ദത്ത് മറുപടി പറഞ്ഞത്. വീണ്ടും ഇതേ ചോദ്യം ഉയര്‍ത്താന്‍ ശ്രമിച്ച വനിതാ ജേണലിസ്റ്റിനോട് താങ്കളുടെ മൈക്ക് ഓഫായതിനാല്‍ കേള്‍ക്കാന്‍ കഴിയുന്നില്ല എന്നാണ് ശില്‍പാഷെട്ടി പറയുന്നത്. ഇതോടെ ശില്‍പാഷെട്ടിയെയും സഞ്ജയ് ദത്തിനെയും ഭാഷാവിവാദത്തില്‍ കുടുക്കാന്‍ ശ്രമിച്ച വനിത ജേണലിസ്റ്റ് അപഹാസ്യയായി.
മഹാരാഷ്‌ട്രയില്‍ പുകയുന്ന ഭാഷാവിവാദം
മഹാരാഷ്‌ട്രയില്‍ ഭാഷാവിവാദം പുകയുകയാണ്. അധികാരം നഷ്ടപ്പെട്ട ഉദ്ധവ് താക്കറെയും കസിന്‍ സഹോദരനായ രാജ് താക്കറെയും ചേര്‍ന്ന് ഹിന്ദിക്കെതിരെ മറാത്തി ഭാഷാവിവാദം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയാണ്. മറാത്തി പറയാത്തവരെയെല്ലാം ആക്രമിക്കുന്ന ഇവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം അത് വഴി വരാനിരിക്കുന്ന ബൃഹന്‍മയി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കലാണ്. പക്ഷെ ഇവരുടെ ഉദ്ദേശ്യം മനസ്സിലാക്കിയ സാധാരണജനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉദ്ധവിനെയും രാജ് താക്കറെയും രൂക്ഷമായി പരിസഹിക്കുകയാണ്. ഇത്തവണ ബിജെപി ബൃഹന്‍മയി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഏതാണ്ട് ഉറപ്പായി. ഉദ്ധവ് താക്കറെയുടെ പക്ഷത്ത് നിന്ന് തന്നെ 50ഓളം മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളാണ് ബിജെപിയിലേക്ക് എത്തിയത്. കഴിഞ്ഞ തവണ വെറും നാല് സീറ്റുകളുടെ വ്യത്യാസത്തിലാണ് ബിജെപിയ്‌ക്ക് ഭരണം നഷ്ടമായത്. ഇപ്പോള്‍ ഭാഷാവിവാദം കുത്തിപ്പൊക്കാന്‍ എന്‍ജിഒകളും ജേണലിസ്റ്റുകളും കിണഞ്ഞ് ശ്രമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: