കോട്ടയം : കേരളത്തിന്റെ ആരോഗ്യ രംഗത്തെ ദുരവസ്ഥ ഉള്‍പ്പെടെ സമഗ്ര മേഖലയിലുമുള്ള വന്‍തകര്‍ച്ച സൃഷ്ടിച്ച ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഭരണ മുന്നണിയുടെ മൗനാനുവാദത്തോടെ കുട്ടി സഖാക്കളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭ സമരങ്ങള്‍ എന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി. പ്രബുദ്ധരായ കേരള ജനതയെ ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളിലൂടെ കബളിപ്പിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയും ഭരണമുന്നണി സഖാക്കളും മനസിലാക്ക
ണം.
കഴിഞ്ഞദിവസം പൊതുപണിമുടക്ക് ആഹ്വാന ഭാഗമായി കേരളത്തില്‍ അക്രമവാഴ്ചയാണ് നടന്നത്. തൊഴിലിടങ്ങളില്‍ എത്തിയവരെയും യാത്രക്കാരെയും വ്യാപാര സ്ഥാപനങ്ങളെയും ആക്രമിച്ച് ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി.പരസ്യമായി കരണത്തടിക്കുകയും തല്ലിയോടിക്കുകയും ചെയ്തു. സംസ്ഥാന ഭരണകൂടം ഈ അക്രമ തേര്‍വാഴ്ചയ്‌ക്ക് നിശബ്ദം കൂട്ടുനില്‍ക്കുകയായിരുന്നു.
അതി സങ്കീര്‍ണമായ പ്രശ്‌നങ്ങളെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വഴിതിരിച്ചു വിടാനുള്ള കുല്‍സിത ശ്രമമാണിത്.ഒരു മെഡിക്കല്‍ കോളേജില്‍ മാത്രമല്ല കേരളത്തിലെ ആരോഗ്യ മേഖലയാകെ വെന്റിലേറ്ററിലാണ്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയതോടെ ഭരണകക്ഷിയും പാര്‍ട്ടി നേതൃത്വവും ആകെ അമ്പരന്നു.
മെഡിക്കല്‍ കോളേജ് മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം വരെ തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ തന്നെ രംഗത്ത് വന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസിലായി. മന്ത്രിമാരുടെ നിരുത്തരപരവാദപരമായ സമീപനവും വീഴ്ചകളും നാടാകെ ചര്‍ച്ചാവിഷയമായി. അതില്‍ നിന്നും ഓടിയൊളിക്കുന്നതിനാണ് പണിമുടക്കും പ്രക്ഷോഭ സമരങ്ങളുമായി രംഗത്ത് വന്നത്.
വിലവര്‍ധനയില്‍ നട്ടംതിരിയുകയാണ് കേരളീയ സമൂഹം. പൊതുവിതരണ രംഗം താറുമാറായി കഴിഞ്ഞു. ഇത്തരം നീറുന്ന പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ മാറ്റുന്നതിന് വേണ്ടി മാത്രം ലക്ഷ്യമിട്ടാണ് സമരപരമ്പരകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറെ പോലും ലക്ഷ്യമിട്ട് സമരങ്ങള്‍ സംഘടിപ്പിക്കുന്നു.
എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി തികഞ്ഞ അരാജകത്വം സൃഷ്ടിക്കുകയായിരുന്നു. മണിക്കൂറുകളോളം കേരള സര്‍വകലാശാല ആസ്ഥാനത്ത് ഉദ്യോഗസ്ഥരെയും വിദ്യാര്‍ത്ഥികളെയും തടങ്കലിലാക്കി. വിദ്യാര്‍ത്ഥികള്‍ നിയമം കയ്യിലെടുക്കുമ്പോള്‍ ക്രമസമാധാന ചുമതലയുള്ള പൊലീസ് കയ്യുംകെട്ടി നോക്കി നില്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: