സുപ്രീം കോടതിവിധിയുടെ തലക്കെട്ട് തന്നെ സ്റ്റേറ്റ് ഓഫ് തമിഴ്‌നാട്. അഭി.ഗവര്‍ണര്‍ എന്നാണ്. ഭരണഘടനയുടെ 300-ാം അനുച്ഛേദവും 154-ാം അനുച്ഛേദവും കൂട്ടിവായിക്കുമ്പോള്‍ ഒരു സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ടുള്ള നിയമ നടപടികള്‍ ആ സംസ്ഥാനത്തെ ഗവര്‍ണറുടെ പേരിലാണ് എടുക്കേണ്ടത്. എന്നാല്‍ ഇവിടെ നടപടിക്രമങ്ങളില്‍ ഗവര്‍ണര്‍ എതിര്‍ കക്ഷിയായി. ഭരണഘടനാ സാങ്കേതികത്വത്തിന്റെ വെളിച്ചത്തില്‍ ഇത്തരത്തിലുള്ള ഹര്‍ജി തന്നെ ഭരണഘടനാനുസൃതമല്ല. ഒരു വ്യവഹാരത്തിലും ഗവര്‍ണറോ രാഷ്‌ട്രപതിയോ അവരുടെ കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതിയില്‍ മറുപടി നല്‍കാന്‍ അനുച്ഛേദം 361 അനുസരിച്ച് ബാധ്യസ്ഥരല്ല. അതിനേക്കാളുപരി, ഭരണഘടനയുടെ 32-ാം വകുപ്പനുസരിച്ച് ഒരു സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ അസല്‍ നിയമ പരിധി ഉപയോഗിച്ച് റിട്ട് ഹര്‍ജി നല്‍കുന്നതിനും തടസമുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ഒരു വ്യക്തിക്കോ പൗരനോ സുപ്രീം കോടതിയെ നേരിട്ട് സമീപിക്കുന്നതിന് നല്‍കിയിരിക്കുന്ന അവകാശമാണ് അനുച്ഛേദം 32ല്‍ അടങ്ങിയിരിക്കുന്നത്. ഈ അനുച്ഛേദം തന്നെ പൗരന് നല്‍കിയിരിക്കുന്ന മറ്റൊരു മൗലികാവകാശമാണ്. വ്യക്തികള്‍ക്കും വിവിധ സംഘടനകള്‍ക്കും മതവിഭാഗങ്ങള്‍ക്കും ഈ അവകാശം ഭരണകൂടത്തിനെതിരെ ഉപയോഗിക്കാം. സുപ്രീം കോടതിയുടെ ഈ സവിശേഷ അധികാര പരിധി പൗരന്മാര്‍ക്കും സംഘടനകള്‍ക്കും മാത്രം അവകാശപ്പെട്ടതാണെന്നിരിക്കെ, ഭരണകൂടത്തിന്റെ ഭാഗമായ ഒരു സംസ്ഥാന സര്‍ക്കാരിന് 32-ാം അനുച്ഛേദപ്രകാരം ഹര്‍ജി ബോധിപ്പിക്കാമോ എന്ന വിഷയവും യഥാര്‍ത്ഥത്തില്‍ ഒരു ഭരണഘടനാ ബെഞ്ച് തീരുമാനിക്കേണ്ടതായിരുന്നു.
ഭരണഘടനാ ബെഞ്ച്
ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നിയമപ്രശ്‌നങ്ങള്‍ നിര്‍ണയിക്കുന്നതിനായി ഏറ്റവും കുറഞ്ഞത് അഞ്ച് ജഡ്ജിമാര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ച് ഉണ്ടായിരിക്കണമെന്ന് ഭരണഘടനയുടെ അനുച്ഛേദം 145(3) നിഷ്‌കര്‍ഷിക്കുന്നു. ഈ ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ തമിഴ്‌നാട് ബില്‍ കേസില്‍ സുപ്രീംകോടതിക്ക് പിഴവ് സംഭവിച്ചതായി മനസിലാകും. സുപ്രീംകോടതി സ്ഥാപിതമായ സമയത്ത് ആകെ ഏഴ് ജഡ്ജിമാര്‍ മാത്രം ഉണ്ടായിരുന്നപ്പോള്‍ നിര്‍ണയിച്ച ഭരണഘടന ബെഞ്ചിന്റെ ആനുപാതിക അംഗസംഖ്യയാണ് അഞ്ച്. സുപ്രീം കോടതിയുടെ ഭരണഘടനാവ്യാഖ്യാനത്തിന് ആധികാരികതയും സ്വീകാര്യതയും യുക്തിബലവും നല്‍കുന്നതിനാണ് ഭരണഘടനാ വിധാതാക്കള്‍ ഈ അംഗബലം നിര്‍ണയിച്ചത്. ഈ മിനിമം അംഗബലം ഉള്ള ഒരു ബെഞ്ച് വിധി പറയേണ്ട കേസായിരുന്നു തമിഴ്‌നാട് ബില്‍ കേസ്. ഇന്ന് സുപ്രീം കോടതിയുടെ മൊത്തം അംഗബലം 34 ആണ്.
പാര്‍ലമെന്റിന്റെ പരമാധികാരവും ജുഡീഷ്യല്‍ മേധാവിത്വവും
ഭാരതത്തിന് ഒരു ലിഖിത ഭരണഘടനയുള്ളതുകൊണ്ട് രാജ്യത്ത് പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും പാസ്സാക്കുന്ന നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുന്നതിന് സുപ്രീം കോടതിക്കും ഹൈക്കോടതികള്‍ക്കും ഭരണഘടനാദത്തമായ അധികാരം തന്നെയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു നിയമം ഭരണഘടനാ അനുസൃതമാണോ അതോ വിരുദ്ധമാണോ എന്ന് പ്രഖ്യാപിക്കാനുള്ള നീതിപീഠത്തിന്റെ അധികാരമാണ് ജുഡീഷ്യല്‍ റിവ്യു. എന്നാല്‍ ഭരണഘടനയെ തന്നെ ഭേദഗതി ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമേയുള്ളു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ വേണം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ്നടത്തേണ്ടതെന്ന് അടിസ്ഥാന ശിലാതത്വം നിഷ്‌കര്‍ഷിക്കുന്നു. ഉപരാഷ്‌ട്രപതി പറഞ്ഞപോലെ സുപ്രീം കോടതിക്ക് സുപ്രീം പാര്‍ലമെന്റ് ആകാന്‍ കഴിയില്ല.
ബില്ലുകളും സമയപരിധിയും നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ കഴിയുന്നതും വേഗത്തില്‍ തീരുമാനമെടുക്കണമെന്നു മാത്രമാണ് ഭരണഘടന പറയുന്നത്. ബില്ല് പ്രസിഡന്റിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കുമ്പോള്‍ പ്രസിഡന്റ്നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ പ്രസിഡന്റ്ഭേദഗതി നിര്‍ദേശിച്ച് ബില്ല് തിരിച്ചയച്ചാല്‍, ആ ബില്‍ നിയമസഭ ആറുമാസത്തിനകം വീണ്ടും പരിഗണിക്കണമെന്ന് 200-ാം അനുച്ഛേദം വ്യക്തമാക്കുന്നു. ഒരു സമയ ബന്ധിത നടപടിക്രമം മേല്‍പ്പറഞ്ഞ കാര്യത്തിനുമാത്രമേ ഭരണഘടനയില്‍ പ്രകടമായി നിര്‍ണയിച്ചിട്ടുള്ളു.
ഭരണഘടനയുടെ 143-ാം അനുച്ഛേദം
ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സുപ്രീം കോടതിയെ നേരിട്ട് സമീപിച്ചു തീര്‍പ്പ് കല്പിക്കുന്നതിന് അസ്സല്‍ വ്യവഹാരം നല്‍കുന്നതിനു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും അനുമതി നല്‍കുന്ന ഭരണഘടനാ വകുപ്പാണ് അനുച്ഛേദം 143. ഈ വകുപ്പിലൊന്നും തന്നെ രാഷ്‌ട്രപതിയെയോ ഗവര്‍ണര്‍മാരെയോ കക്ഷിയാക്കികൊണ്ടുള്ള വ്യവഹാരങ്ങള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടില്ല. ഇവരെ കോടതിനടപടികളിലേക്ക് വലിച്ചിഴയ്‌ക്കുന്ന സന്ദര്‍ഭം ഭാണഘടനാ നിര്‍മാതാക്കള്‍മനപ്പൂര്‍വം ഒഴിവാക്കിയിട്ടുള്ളതായി ഭരണഘടനാ നിര്‍മാണ സഭയിലെ ചര്‍ച്ചകളില്‍ നിന്ന് മനസിലാക്കാം. രാഷ്‌ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും കോടതി നടപടികളില്‍ നിന്ന് പരിരക്ഷ നല്‍കുന്ന അനുച്ഛേദം 361 തന്നെ ഈ ഉദ്ദേശം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഒരു സുപ്രധാന വിഷയത്തെ സംബന്ധിച്ച് സംശയമുണ്ടായാല്‍ സുപ്രീം കോടതിയുടെ അഭിപ്രായം തേടാന്‍ രാഷ്‌ട്രപ്തിക്കു ഭരണഘടനയുടെ അനുച്ഛേദം 143 അനുസരിച്ചു അധികാരമുണ്ട്. പക്ഷെ ഈ അധികാരം രാഷ്‌ട്രപതി സ്വമേധായ തീരുമാനിക്കേണ്ടതാണ്.
പദവിയിലിരിക്കുമ്പോള്‍ ഒരു ക്രിമിനല്‍ കേസ് പോലും ഇവര്‍ക്കെതിരെ നല്‍കാന്‍ സാധിക്കില്ല എന്ന വസ്തുത തന്നെ ഈ സ്ഥാനത്തിന് ഭരണഘടന നല്‍കുന്ന മഹത്വവും പവിത്രതയും സര്‍വ്വാധികാരതയും എത്രത്തോളമുണ്ടെന്നു ബോധ്യപ്പെടുത്തുന്നു.
142-ാം അനുച്ഛേദവും സമ്പൂര്‍ണ നീതിയും സുപ്രീം കോടതിയുടെ മുന്‍പിലെത്തുന്ന വിഷയങ്ങളില്‍ കക്ഷികള്‍ക്ക് സമ്പൂര്‍ണ നീതി ഉറപ്പുവരുത്തുന്നതിനായി ഏതുതരത്തിലുള്ള ഉത്തരവും പുറപ്പെടുവിക്കുന്നതിനായി ഭരണഘടന സുപ്രീം കോടതിക്ക് നല്‍കുന്ന അധികാരമാണ് അനുച്ഛേദം 142. ഇത് മുഖ്യമായും വ്യക്തിഗത വ്യവഹാരങ്ങളില്‍ പ്രയോഗിക്കുന്നതിനായി നല്‍കിയിരിക്കുന്ന സവിശേഷ അധികാരമാണ്.
കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മര്‍ദത്തില്‍ ഉലഞ്ഞ സര്‍ക്കാരുകള്‍ക്ക് പൗര സംബന്ധമായ വിഷയങ്ങളില്‍ മതിയായ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പൊതു ഉത്തരവുകളുടെ രൂപത്തില്‍ സുപ്രീം കോടതി നിയമനിര്‍മാണം നടത്താന്‍ തുടങ്ങി. അതിനായി അനുച്ഛേദം 142 വിപുലമായ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കാന്‍ ആരംഭിച്ചു. സിബിഐ ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍, കൊളീജിയം വ്യവസ്ഥ, ജോലിസ്ഥലങ്ങളിലെ സ്ത്രീസുരക്ഷയെ സംബന്ധിച്ചുള്ള വൈശാഖ കേസിലെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, അറസ്റ്റില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ തുടങ്ങി നിരവധി പൊതു ഉത്തരവുകള്‍ സുപ്രീം കോടതി ഈ കാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ഗവര്‍ണറുടെ ഒപ്പില്ലാതെ 10 ബില്ലുകള്‍ ഒറ്റയടിക്ക് സുപ്രീം കോടതി നല്‍കിയ കല്‍പ്പിത അനുമതിയിലൂടെ നിയമമായിരിക്കുന്നു. ഇതിനായി ആര്‍ട്ടിക്കള്‍ 142 സുപ്രീം കോടതി ഉപയോഗിച്ചത് പാര്‍ലമെന്റിന്റെ പരമാധികാരത്തിലുള്ള കൈകടത്തലായി വ്യാഖ്യാനിക്കപ്പെട്ടാല്‍ തെറ്റുപറയാന്‍ കഴിയില്ല.
(കേരള ഹൈക്കോടതിയില്‍ സീനിയര്‍ അഡ്വക്കേറ്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: