ന്യൂദല്‍ഹി: ശ്രീരാമന്‍ എന്നത് വെറും പുരാണകഥയിലെ കഥാപാത്രമാണെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗം വിവാദമാവുന്നു. ഈ പ്രസംഗത്തിനെതിരെ ഉത്തര്‍പ്രദേശിലെ വാരണസി കോടതിയില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ കേസില്‍ മെയ് 19ന് വാദം കേള്‍ക്കും. രാഹുല്‍ഗാന്ധിയ്‌ക്ക് പുറമെ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്.
ഇതേക്കുറിച്ച് കേസെടുത്ത് അന്വേഷിക്കാനും അഭിഭാഷകന്‍ ഹരിശങ്കര്‍ പാണ്ഡെ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിയ്‌ക്കും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയ്‌ക്കും കോടതി നോട്ടീസ് അയച്ചു.
ഏപ്രില്‍ 21നാണ് രാഹുല്‍ ഗാന്ധി യുഎസിലെ ബ്രൗണ്‍ സര്‍വ്വകലാശാലയില്‍ വിവാദ പ്രസംഗം നടത്തിയത്. ഇത് വിദ്വേഷപ്രസംഗത്തില്‍ പെടുന്നതാണ് പരാതിയില്‍ പറയുന്നു. സനാതനചിന്താഗതിക്കാരുടെ വികാരങ്ങളെ ഇത് മുറിവേല്‍പിക്കുമെന്നും പരാതിയില്‍ പറയുന്നു. വാരണസിയിലെ നീരജ് കുമാര്‍ ത്രിപാതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ എംപി-എംഎല്‍എ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
പണ്ട് രാഹുല്‍ ഗാന്ധി ലോക് സഭയില്‍ ശ്രീരാമന്‍പുരാണകഥയിലെ കഥാപാത്രമാണെന്ന് പ്രസംഗിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഭാരത് ന്യായ സംഹിതയിലെ 196 (മതാടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ ശത്രുത ഉണ്ടാക്കുക), 351 (ക്രിമിനല്‍ ഭീഷണി), 353 (പൊതുജനത്തെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രസ്താവന) പ്രകാരം കേസെടുക്കണമെന്നും രാഹുല്‍ ഗാന്ധിയെ നേരിട്ട് വിളിച്ചുവരുത്തി ശിക്ഷ നല്‍കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: