തിരുവനന്തപുരം: സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പൂജപ്പുര മൈതാനത്ത് ഒരുക്കിയ ജന്മഭൂമി പവലിയന്‍ കേരള ചരിത്രത്തിന്റെ അരനൂറ്റാണ്ടിന്റെ സാക്ഷ്യപത്രമാകുന്നു. പോരാട്ടങ്ങളുടെയും വിജയത്തിന്റെയും കഥപറയുന്ന ജന്മഭൂമിയുടെ അരനൂറ്റാണ്ട് ആലേഖനം ചെയ്ത പ്രദര്‍ശിനിയാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ആദ്യ ജന്മഭൂമി പത്രത്തിന്റെ കോപ്പി മുതലിങ്ങോട്ട് ലോകത്തെയും രാജ്യത്തെയും കേരളത്തെയും മാറ്റിമറിച്ച സംഭവങ്ങളുടെ വ്യക്തമായ വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കാം. നിലയ്‌ക്കല്‍ സമരം, പോലീസ് തേര്‍വാഴ്ച, മാറാട്ടെ കൂട്ടക്കൊല, പൂന്തുറ കലാപം തുടങ്ങി കേരളത്തെ ഇളക്കിമറിച്ച സംഭവങ്ങള്‍.
തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടതുമുതല്‍ രാഷ്‌ട്രമന്ദിരം ഉയരുന്നതുവരെയുള്ള അയോദ്ധ്യയുടെ നേര്‍ചിത്രങ്ങളെല്ലാം ഈ താളുകളില്‍ ഇതള്‍ വിരിയുന്നു. വിശ്വാസികളല്ലാത്തവര്‍ക്കു ദേവസ്വം ഭരണം കൈയാളാനായി നടത്തിയ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന ഭേദഗതി ബില്ലിനെക്കുറിച്ചറിയാനും പവലിയന്‍ വഴിയൊരുക്കും. കാസര്‍കോട് ജില്ല രൂപീകരണവും ഏകതാ യാത്രയും ഹിന്ദുമഹാസമ്മേളനവും സ്വാമി സത്യാനന്ദസരസ്വതിയുടെ മരണവും നോട്ടുനിരോധനവും 370 ാം വകുപ്പ് റദ്ദാക്കലും വയനാട് ഉരുള്‍പൊട്ടലുമെല്ലാം…. നാടിന്റെ കഥ പറയുകയാണ് ജന്മഭൂമി, ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിന്റെ പവലിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകവും ആവേശവുമാണ്. ആര്യഭട്ട മുതല്‍ ഗഗന്‍യാന്‍ വരെ, ആദ്യത്തെ സൗണ്ട് റോക്കറ്റുകള്‍ മുതല്‍ ആദിത്യ മിഷന്‍ വരെ… അറിവിന്റെ ആകാശം തൊടുന്ന കാഴ്ചകള്‍. ആവി എന്‍ജിന്‍ മുതല്‍ അത്യാധുനിക ഇലക്ട്രിക്ക് എന്‍ജിന്‍ വരെ, ഡീസല്‍ എഞ്ചിനും വന്ദേഭാരതും മെട്രോ റെയിലും… റയില്‍വേയുടെ കുതിപ്പ് അറിയിക്കുന്ന പവലിയനും ശ്രദ്ധേയമാണ്. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പവലിയനില്‍ അവര്‍ വികസിപ്പിച്ചെടുത്ത സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ആധുനിക മെഡിക്കല്‍ ഉപകരണങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. എച്ച്എല്‍എല്‍ നിര്‍മിച്ച മെന്‍സ്ട്രല്‍ കപ്പും വിവിധ ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ശ്രീനേത്ര കണ്ണാശുപത്രിയുടെ പവലിയനില്‍ സൗജന്യ കാഴ്ച പരിശോധനയും പ്രഷര്‍ പരിശോധനയും നടത്താം. പങ്കജകസ്തൂരി മെഡിക്കല്‍ കോളജ്, ആറ്റുകാല്‍ ആശുപത്രി, സിഎസ്‌ഐ മെഡിക്കല്‍ കോളജ്, എസ്.കെ. ആശുപത്രി, ഗോകുലം മെഡിക്കല്‍ കോളജ്, കിംസ്, നിംസ് തുടങ്ങി ആരോഗ്യമേഖലക്കായി പ്രത്യേക കോര്‍ണര്‍ തന്നെയുണ്ട്. വിവിധ ബാങ്കുകളും രംഗത്തുണ്ട്.
കേന്ദ്രകിഴങ്ങുവിള ഗവേഷണ കേന്ദ്രം, സിഎസ്‌ഐആര്‍, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഫിഷറീസ്, കൈത്തറി, സെന്‍ട്രല്‍ ഗവ. സ്‌കീം ഹെല്‍പ്ഡസ്‌ക്, വ്യവസായ വാണിജ്യവകുപ്പ്, സിഎസ്‌സി ഡിജിറ്റല്‍ സേവാകേന്ദ്രം, ശിവാനന്ദ യോഗാകേന്ദ്രം തുടങ്ങി എല്ലാ സ്റ്റാളുകളിലും തിരക്കാണ്. റബ്ബര്‍ ബോര്‍ഡ്, ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ് എന്നിവയുടെ സ്റ്റാളുകളുമുണ്ട്. ആര്‍ട്ട് ഓഫ് ലിവിങ് പ്രദര്‍ശന നഗരിയിലെത്തുന്ന എല്ലാവര്‍ക്കും ആരോഗ്യജീവിതം എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് മുരിങ്ങയുടെ തൈയും വിതരണം ചെയ്യുന്നുണ്ട്. ഏറ്റവും ചെറിയ നാണയവും ഏറ്റവും വലിയ നാണയവും ഏറ്റവും ചെറിയ പുസ്തകവുമെല്ലാം പ്രദര്‍ശിനി ആകര്‍ഷകമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: