ന്യൂദൽഹി : ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ’ നടപടിയിൽ സംതൃപ്തി അറിയിച്ച് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേനയിലെ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ കുടുംബം. ഇതുമായി ബന്ധപ്പെട്ട് വിനയ് നർവാളിന്റെ പിതാവ് രാജേഷ് നർവാൾ ഏറെ വികാരാധീനനായി മാധ്യമങ്ങളോട് സംസാരിച്ചു.
” ഈ സംഭവം നടന്നപ്പോൾ, ഇന്ത്യൻ സർക്കാർ അവരുടെ ജോലി ചെയ്യുന്നുണ്ടെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു, ഇന്ന് ഇന്ത്യൻ സർക്കാർ ആ ജോലി ചെയ്തു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അവരുടെ ജീവിതം തിരികെ ലഭിക്കില്ല, പക്ഷേ ഞാൻ അന്ന് പറഞ്ഞത് ഭാവിയിൽ ആരും ഇത്തരം ഭീരുത്വം നിറഞ്ഞ പ്രവൃത്തികളും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു മറുപടിയായിരിക്കണം എന്നാണ്. ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടി തികച്ചും ശരിയാണ്. തീവ്രവാദികളുടെ ഒൻപത് സ്ഥലങ്ങൾക്കു നേരെയുള്ള ഈ ആക്രമണം അവരുടെ മനസ്സിൽ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും, ഇനി ഇത് ചെയ്യുന്നതിനെക്കുറിച്ച് അവർ ചിന്തിക്കുക പോലും ചെയ്യില്ല ” – അദ്ദേഹം പറഞ്ഞു.
പിതാവിന് പുറമെ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്റെ മാതാവും ഇന്ത്യൻ സൈന്യത്തിന്റെ നടപടിയെ പ്രശംസിച്ചു.
“ഇന്ന് പ്രതികാരം ചെയ്ത മോദി സാഹബിനൊപ്പമാണ് എന്റെ കുടുംബം മുഴുവൻ. സായുധ സേനാംഗങ്ങൾ മുന്നോട്ട് പോകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഇന്ന് ആദരാഞ്ജലി ലഭിച്ചു,” – ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ മാതാവ് ആശ നർവാൾ പറഞ്ഞു.
അതേസമയം വിനയ് നർവാളിന്റെ ഭാര്യാപിതാവ് സുനിൽ സ്വാമിയും മാധ്യമങ്ങളോട് പ്രതികരിച്ചു. “ഞങ്ങൾക്ക് സന്തോഷവാർത്ത ലഭിച്ചു, ഞങ്ങൾ കാത്തിരിക്കുകയായിരുന്നു, എപ്പോൾ പ്രതികാരം ചെയ്യുമെന്ന് ഹിമാൻഷി ചോദിച്ചുകൊണ്ടിരുന്നു. സർക്കാർ ഈ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, സർക്കാരിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഭാവിയിൽ ഒരു സഹോദരിയുടെയും മകളുടെയും സിന്ദൂരം മായ്‌ക്കപ്പെടാതിരിക്കാൻ ഇപ്പോൾ വലിയ നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ നടപടിയിലൂടെ ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും രാജ്യത്തിനും ആശ്വാസം ലഭിക്കും.” – അദ്ദേഹം പറഞ്ഞു.
ഇന്ന് പുലർച്ചയോടെയണ് പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം പിഒകെയിലെ മുസാഫറാബാദ് ഉൾപ്പെടെ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ മിസൈൽ ആക്രമണത്തിലൂടെ തകർത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: