കോട്ടയം: എഡിഎം നവീന്‍ബാബുവിന്‌റെ മരണത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ ഇടതു പക്ഷ സര്‍ക്കാര്‍ തുടക്കത്തിലേ കള്ളക്കളിയാണ് നടത്തിയതെന്ന്
വ്യക്തമാവുന്നു. നവീന്‍ ബാബുവിന് എതിരായ തെളിവ് ശേഖരിക്കാനാണ് ലാന്‍ഡ് റവന്യൂ ജോയിന്‌റ് കമ്മീഷണര്‍ ഗീതയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പു ചടങ്ങിലുണ്ടായ അപമാനകരമായ സംഭവങ്ങളിലേക്കു നയിച്ച കാര്യങ്ങള്‍ അന്വേഷിക്കാനാണ് ഗീതയെ ചുമതലപ്പെടുത്തിയതെന്നാണ് അന്ന് സര്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നത്. ചടങ്ങില്‍ ദിവ്യയെ ക്ഷണിച്ചിരുന്നോ, ഗൂഢാലോചനയില്‍ കളക്ടര്‍ക്കും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ഇതൊന്നും അന്വേഷണ പരിധിയില്‍ ഇല്ലായിരുന്നുവെന്ന് വിവരാവകാശ രേഖയില്‍ നിന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഗീത സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ നടപടി ശുപാര്‍ശ ചെയ്തിരുന്നില്ല. ഇതിനെതിരെ പൊതുപ്രവര്‍ത്തകനായ അഡ്വ. കൊളത്തൂര്‍ ജയ്‌സിംഗ് റവന്യൂ സെക്രട്ടറിക്ക് വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. ഇതിനു ലഭിച്ച മറുപടിയില്‍ പെട്രോള്‍ പമ്പ് തുടങ്ങുന്നതിന് എന്‍ഒസി നല്‍കുന്നതില്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബു വീഴ്ച വരുത്തിയോ , കൈക്കൂലി വാങ്ങിയോ എന്ന് അന്വേഷിക്കാന്‍ മാത്രമാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറോട് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിരുന്നതെന്ന് വ്യക്തമാകുന്നു. അതായത് ലൊട്ടുലൊടുക്ക് അന്വേഷണം പ്രഖ്യാപിച്ച് ജനരോഷത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: