തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. മലയാള സിനിമയുടെ മുഖവും മുഖശ്രീയുമായിരുന്ന അതുല്യനായ ചലച്ചിത്രാവിഷ്‌കാരകനെയാണ് ഷാജി എന്‍ കരുണിന്റെ വിയോഗത്തോടെ നഷ്ടമാകുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാള സിനിമയെ നിതാന്തമായി അടയാളപ്പെടുത്തുകയും അതുവഴി മലയാളിയുടെ യശസ്സുയര്‍ത്തുകയും ചെയ്ത ചലച്ചിത്രകാരനാണ് ഷാജി എന്‍ കരുണ്‍.
ചലച്ചിത്ര കലയെ ചിത്രകലയുമായി സന്നിവേശിപ്പിക്കുന്ന വിധത്തില്‍ മനോഹരമായ ഫ്രെയിമുകളുടെ സംവിധായകന്‍ എന്ന നിലയില്‍ കൂടിയാണ് നമ്മള്‍ അദ്ദേഹത്തെ അറിയുന്നത്. ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഛായാഗ്രാഹകനായും സംവിധായകനായും ലോകശ്രദ്ധ നേടിയ കലാകാരനാണ് ഷാജി എന്‍ കരുണ്‍. ഇത്തരത്തില്‍ സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അപൂര്‍വ്വ പ്രതിഭകളേ ഉണ്ടാവൂ. അങ്ങനെയൊരു കലാകാരന്‍ മലയാള ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നു എന്നത് എല്ലാ മലയാളികള്‍ക്കും അഭിമാനബോധമുണ്ടാക്കുന്ന കാര്യമാണ്.
സിനിമയെ സര്‍ഗപരവും സൗന്ദ്യരാത്മകവും കലാപരവും ആയി ഉപയോഗിക്കുന്ന മാധ്യമമായി നിലനിര്‍ത്തുമ്പോള്‍ തന്നെ രാഷ്‌ട്രീയ വ്യതിരിക്തത കൊണ്ട് അടയാളപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക