ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റർ അകലെ, സെന്റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും.
പതിനായിരങ്ങൾ അണമുറിയാതെ എത്തിയ പൊതുദർശനത്തിനൊടുവിൽ മാർപാപ്പയുടെ ശവപേടകം ഇന്നലെ അർധരാത്രിയാണ് അടച്ചത്. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി. ഫ്രാൻസിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ സഞ്ചിയും മാർപാപ്പയായിരിക്കെ ചെയ്ത പ്രവൃത്തികളുടെ ലഘുവിവരണവും പേടകത്തിനുള്ളിൽ വച്ചു.
കത്തോലിക്കാ സഭയുടെ കാമർലെംഗോയും (വസ്തുവകകളുടെ ചുമതലക്കാരൻ) അമേരിക്കയിൽ നിന്നുള്ള കർദിനാളുമായ കെവിൻ ഫാരലിന്റെ മുഖ്യകാർമികത്വത്തിൽ, മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിലാണു പേടകം അടച്ചത്. ഇന്നലെ വൈകിട്ടു വരെയുള്ള കണക്കനുസരിച്ച് 2.50 ലക്ഷം പേർ പാപ്പയെ അവസാനമായി കാണാനായി എത്തി. സംസ്കാരച്ചടങ്ങുകളുടെ 87 പേജുള്ള ശുശ്രൂഷാക്രമം വത്തിക്കാൻ പ്രസിദ്ധീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: