തിരുവനന്തപുരം: പൂജപ്പുര മൈതാനിയിൽ മെയ് ഏഴ് മുതൽ 11 വരെ നടക്കുന്ന ജന്മഭൂമി സുവർണ ജൂബിലി ആഘോഷപരിപാടികളിൽ കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ, കേന്ദ്ര തുറമുഖ ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉൾപ്പടെ രാഷ്‌ട്രിയ, കലാ, വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി നേതാവ് പി. കെ കൃഷ്ണദാസ്, ഗായിക ചിത്ര, നടിയും നർത്തകിയുമായ നവ്യാനായർ, ഫുട്ബോൾ താരം ഐ. എം വിജയൻ, തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും. പൂജപ്പുര മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദികളിലാണ് സുവർണ ജയന്തി ആഘോഷപരിപാടികൾ. ഏക്സിബിഷൻ, സെമിനാറുകൾ, കോൺക്ളേവ്, പ്രഭാഷണം, ചർച്ച, കലാപരിപാടികൾ തുടങ്ങി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പൂജപ്പുര മൈതാനിയിൽ മെയ് 11 വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ചിത്ര അതിഥിയായി എത്തും. ജന്മഭൂമിയുടെ ലെജൻഡ് ഓഫ് കേരള പുരസ്കാരം ചടങ്ങിൽ ചിത്രയ്‌ക്ക് സമ്മാനിക്കും. നഗരവികസനം, മാലിന്യ നിർമാർജ്ജനം, ഗതാഗത സൗകര്യം, വിഴിഞ്ഞം തുറമുഖം, ദേശീയ വിദ്യാഭ്യാസ നയം, ഒളിമ്പിക്സ് 2036, സാംസ്കാരിക ടൂറിസം തുടങ്ങി 12 വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് സെമിനാറുകൾ.
രാജ്യത്ത് വികസന പദ്ധതികൾക്ക് നേതൃത്വം നൽകിയ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി അനുഭവം വിശദീകരിക്കും. വിഴിഞ്ഞം തു റമുഖം, വിഎസ് എസ് സി, കൊച്ചിൻ ഷിപ്പിയാർഡ്, റെയിൽവേ, തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പവലിയനുകൾ എക്സിബിഷനിൽ ഉണ്ടാകും. എല്ലാ ദിവസവും വൈകുന്നേരം പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന സാംസ്കാരിക വിരുന്നും ഉണ്ടായിരിക്കും.
പരിസ്ഥിതി സന്ദേശവുമായി നമസ്തെ കിള്ളിയാർ എന്ന പേരിൽ മുൻ ഗവർണർ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ കിള്ളിയാറിന്റെ തീരത്തുകൂടി സന്ദേശ യാത്രയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: