കൊച്ചി: വിദേശനാണ്യ വിനിമയച്ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസിൽ വ്യവസായി ഗോകുലം ഗോപാലനെ ഇഡി കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറിലേറെ. തിങ്കളാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം വിട്ടയച്ചു. നേരത്തെ നടന്ന റെയ്ഡില്‍ അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടലംഘനവും ഒന്നരക്കോടിയോളം കണക്കില്‍പ്പെടാത്ത തുകയും കണ്ടെത്തിയതിനെ ചുറ്റിപ്പറ്റിയായിരുന്നു ഇഡിയുടെ ചോദ്യങ്ങളേറെയെന്നും അറിയുന്നു.
ഇഡി ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞെന്ന് ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. “ചോദ്യം ചോദിക്കാന്‍ ഇഡിക്ക് അധികാരമുണ്ട്. അതിന് മറുപടി പറയേണ്ട ചുമതല എനിക്കുണ്ട്.” – ഇഡി ഓഫീസിന് പുറത്ത് കാത്ത് നിന്ന മാധ്യമപ്രവര്‍ത്തകരോട് ഗോകുലം ഗോപാലന്‍ ഇങ്ങിനെയാണ് വിശദീകരിച്ചത്.
കഴിഞ്ഞ ദിവസം ചെന്നൈയിൽ നടത്തിയ പ്രാഥമിക മൊഴിയെടുക്കല്‍ പൂർത്തിയാക്കിയ ശേഷമായിരുന്നു കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യല്‍. ഗോകുലം ഗ്രൂപ്പിലെ പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇഡിതന്നെ സമൂഹമാധ്യമപേജിലും വാര്‍ത്താക്കുറിപ്പിലും വിശദീകരിച്ചിരുന്നു.
ഗോകുലം ഗ്രൂപ്പ് ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ട്. ചട്ടം ലംഘിച്ച് 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. പിടിച്ചെടുത്ത രേഖകളില്‍ ഇപ്പോഴും ഇഡിയുടെ പരിശോധന തുടരുകയാണ്.
ഗോകുലം ഗോപാലന്റെ ചെന്നെയിലും കോഴിക്കോട്ടുമുള്ള വീടുകളിലും ഓഫീസുകളിലുമായി അഞ്ചിടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ചെന്നെയിലെ ഓഫീസ്, വീട് കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസ്, ഗോകുലം മാൾ എന്നിവിടങ്ങളിലെല്ലാം റെയ്ഡ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: