ന്യൂദല്‍ഹി: കരാറായില്ലെങ്കിലും പ്രതീക്ഷയുണര്‍ത്തി മണിപ്പൂരിലെ സമാധാനചര്‍ച്ച. മെയ്‌ത്തി, കുക്കി സംഘടനകളുടെ പ്രതിനിധികളുമായി വംശീയ സംഘര്‍ഷം പരിഹരിക്കുന്നതിനായി അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ആദ്യത്തെ ഔപചാരിക കൂടിക്കാഴ്ചയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയത്.
ഓള്‍ മണിപ്പൂര്‍ യുണൈറ്റഡ് ക്ലബ്‌സ് ഓര്‍ഗനൈസേഷന്‍, ഫെഡറേഷന്‍ ഓഫ് സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍സ്, കുക്കി-സോ കൗണ്‍സില്‍, സോമി കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. വടക്കുകിഴക്കന്‍ വിഷയങ്ങളിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് എ കെ മിശ്രയാണ് ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കിയത്.
അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും ആയുധങ്ങള്‍ വീണ്ടെടുക്കുന്നതില്‍ സഹകരിക്കാനും ദേശീയപാതകളില്‍ സ്വതന്ത്രമായ ഗതാഗതം അനുവദിക്കാനും ഇരുവിഭാഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായി കരട് രേഖയില്‍ പറയുന്നു.
കുടിയിറക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ചയില്‍ നിര്‍ദ്ദേശിച്ചു, സംഘര്‍ഷം ബാധിച്ച പ്രദേശങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കും.
എല്ലാ വിവാദ വിഷയങ്ങളും ഇന്ത്യാ ഗവണ്‍മെന്റ് പരിഗണനയ്‌ക്ക് എടുക്കുകയും സമൂഹങ്ങളുമായി സംഭാഷണത്തിലൂടെയും കൂടിയാലോചനയിലൂടെയും പരിഹരിക്കുകയും ചെയ്യുമെന്ന് കരട് കരാര്‍ രേഖ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: