തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കും ഒരു വിഭാഗം മത-രാഷ്‌ട്രീയ നേതാക്കള്‍ കുത്തിപ്പൊക്കിയ വിവാദങ്ങള്‍ക്കുമൊടുവില്‍, നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന വക്കഫ് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും വ്യക്തമായ ഭൂരിപക്ഷത്തോടെ പാസാക്കിയിരിക്കുന്നു. രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ ഈ ബില്ല് നിയമമായി മാറുകയാണ്. രാജ്യസഭയില്‍ ഭരണപക്ഷം പ്രതീക്ഷിച്ചതിലുമേറെ വോട്ടുകള്‍ ബില്ലിന് അനുകൂലമായി ലഭിച്ചു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഭരണകക്ഷിയായ എന്‍ഡിഎയില്‍ ഇത് സംബന്ധിച്ച് വിള്ളലു ണ്ടാകുമെന്നും, ബില്ല് പരാജയപ്പെടുമെന്നുമുള്ള പ്രചാരണം ചില പ്രതിപക്ഷ കക്ഷികള്‍ നടത്തിയിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കുന്നതിനു മുന്‍പേ പ്രതിപക്ഷം പ്രതീക്ഷയര്‍പ്പിച്ച ടിഡിപിയും ജെഡിയുവും ബില്ലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നത് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മറ്റും മോഹഭംഗത്തിലാഴ്‌ത്തി. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമല്ലാത്ത കക്ഷികള്‍ പോലും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു എന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിക്കുള്ള അംഗീകാരമാണ്.
വഖഫ് ഭേദഗതി ബില്‍ പാസാക്കാന്‍ കഴിഞ്ഞത് ചരിത്രപരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശ്രദ്ധേയമാണ്. ഈ നിയമം സാമൂഹ്യ സാമ്പത്തിക നീതിയും സുതാര്യതയും സമഗ്രമായ വളര്‍ച്ചയും ഉറപ്പുവരുത്തുമെന്നും, കാലങ്ങളായി അവഗണിക്കപ്പെട്ട് ശബ്ദവും അവസരവും നഷ്ടപ്പെട്ടവരെ സഹായിക്കുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യത്തെ ജനത തുറന്ന മനസ്സോടെ ഉള്‍ക്കൊള്ളും.
കഴിഞ്ഞവര്‍ഷം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കോണ്‍ഗ്രസും സിപിഎമ്മും ചില മുസ്ലിം സംഘടനകളും ഉന്നയിച്ചത്. എന്നാല്‍ ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമായിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുകയുണ്ടായി. ഒരു ലക്ഷത്തോളം നിവേദനങ്ങളാണ് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ജെപിസി സ്വീകരിച്ചത്. ദാറുല്‍ ഉലൂം ദേവ്ബന്ദ് ഉള്‍പ്പെടെ നിരവധി പ്രമുഖ മുസ്ലിം സംഘടനകളുമായും, സംസ്ഥാന വക്കഫ് ബോര്‍ഡുളുമായും സാമൂഹ്യ സംഘടനകളുമായും നിയമ വിരുദ്ധരുമായും ജെപിസി ആശയവിനിമയം നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ ബില്ലിന് രൂപം നല്‍കിയത്. എന്നിട്ടും ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അത് അടിച്ചേല്‍പ്പിക്കുകയാണെന്നും മറ്റുമുള്ള രാഷ്‌ട്രീയ പ്രേതിതമായ ആക്ഷേപങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.
ഇതിന് ബില്ല് അവതരിപ്പിച്ച ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരളത്തില്‍ നിന്നുള്ള എംപിയും സഹമന്ത്രിയു മായ സുരേഷ് ഗോപിയും ചുട്ട മറുപടികളാണ് നല്‍കിയത്. പാര്‍ലമെന്റിനു പുറത്ത് ബില്ലിനെ എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക പാര്‍ലമെന്റില്‍ എത്താതിരുന്നതും, രാഹുല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാതിരുന്നതും കോണ്‍ഗ്രസിനെ നാണംകെടുത്തി. യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെയാണ് ഈ നേതാക്കള്‍ ഭേദഗതി നിയമത്തിനെതിരെ പ്രചാരണം നടത്തിയതെന്ന് ഇതോടെ വ്യക്തമായി.
വഖഫ് ബോര്‍ഡില്‍ ഇസ്ലാമല്ലാത്തവരെ ഉള്‍പ്പെടുത്തിയത് മതത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന ദുരാരോപണത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മറുപടി പ്രതിപക്ഷത്തിന്റെ വായടപ്പിക്കുകയുണ്ടായി. വക്കഫ് ബോര്‍ഡിലെ മുസ്ലിങ്ങളല്ലാത്ത അംഗങ്ങള്‍ മതപരമായ പ്രശ്‌നങ്ങളില്‍ ഒരിക്കലും ഇടപെടില്ലെന്നും ഭരണപരമായ പ്രശ്‌നങ്ങളാണ് അവര്‍ പരിഗണിക്കുകയെന്നും അമിത് ഷാ വ്യക്തമാക്കുകയുണ്ടായി. ഇക്കാര്യം മറച്ചുപിടിച്ച് മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍ പ്രതിപക്ഷം നടത്തിയ ശ്രമത്തെയാണ് അമിത് ഷാ തുറന്നുകാട്ടിയത്.
വഖഫ് നിയമഭേദഗതി പാസായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് മുനമ്പത്ത് സ്വത്ത് അന്യാധീനപ്പെടുന്ന 600 ലേറെ കുടുംബങ്ങളാണ്. വക്കഫ് ബോര്‍ഡിന്റെ കയ്യേറ്റത്തിനെതിരെ ഈ കുടുംബങ്ങള്‍ക്ക് ഇനി കോടതിയെ സമീപിക്കാം. ഭേദഗതി ബില്ല് നിയമമാകുന്നതോടെ വെട്ടിലാകുന്നത് കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളാണ്. മുസ്ലിം വോട്ടുബാങ്കിനെ പ്രീണിപ്പിച്ച് ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവരെയും, അസംഘടിതരായ ഹിന്ദുക്കളെയും കബളിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തിപ്പോന്നത്. ഇക്കൂട്ടരുടെ ന്യൂനപക്ഷ പ്രേമം ഏകപക്ഷീയമാ ണെന്നും, സംഘടിത മുസ്ലിം വിഭാഗങ്ങളെ മാത്രമാണ് ഇവര്‍ ന്യൂനപക്ഷമായി കാണുന്നതെന്നും വെളിപ്പെട്ടിരിക്കുന്നു. ഇക്കൂട്ടരുടെ കപട രാഷ്‌ട്രീയം ഇനി അധികകാലം കേരളത്തില്‍ വിലപ്പോകില്ലെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: