ചെന്നൈ: അടിസ്ഥാന ജനവിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയും, ബിജെപിയും ആര്‍എസ്എസും അതിശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടവുനയങ്ങള്‍ തുടരാനുള്ള ആഹ്വാനത്തോടെ സിപിഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ തുടക്കം.
പാര്‍ട്ടിക്കരുത്ത് കേരളത്തില്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും സംരക്ഷിക്കേണ്ടതിന്റെ ബാദ്ധ്യതയും ആവശ്യകതയും വ്യക്തമാക്കുന്നതാണ് വിവിധ റിപ്പോര്‍ട്ടുകളിലെ ഉള്ളടക്കങ്ങള്‍. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തിയതോടെ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി. കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.
രാഷ്‌ട്രീയമായും സംഘടനാപരമായും സിപിഎം ദുര്‍ബലമായെന്ന് രാഷ്‌ട്രീയ സംഘടനാ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തൊഴിലാളികള്‍, പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങിയവര്‍ അകലുന്നു. ഇവര്‍ ബിജെപിക്കൊപ്പമാണ്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പാര്‍ട്ടിക്കും, പാര്‍ട്ടിയുടെ രാഷ്‌ട്രീയ നിലപാടുകള്‍ക്കും തിരിച്ചടിയാണ് ഉണ്ടായത്.
പാര്‍ലമെന്ററി സ്ഥാനങ്ങളോട് നേതാക്കള്‍ക്കിടയില്‍ താല്‍പര്യം വര്‍ധിക്കുന്നു. ഈ പ്രവണത ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അധികാര കേന്ദ്രങ്ങളുമായും സമ്പന്നരുമായും വിട്ടുവീഴ്ച ചെയ്യുന്ന പ്രവണതയും വര്‍ധിച്ചു. പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തിയും രാഷ്‌ട്രീയ ഇടപെടല്‍ ശേഷിയും നഷ്ടപ്പെടുന്നു.
ബിജെപിയെയും ഹിന്ദുത്വ ശക്തികളെയും ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും തുടര്‍ച്ചയായ പോരാട്ടം വേണം. ‘ഇന്‍ഡി മുന്നണി പോലെ മതനിരപേക്ഷ പ്രതിപക്ഷ കക്ഷികളുടെ വിശാലവേദി തുടരാന്‍ പാര്‍ട്ടി പരിശ്രമിക്കും. കേന്ദ്രത്തിന്റെ ശത്രുതാപരവും വിവേചനപരവുമായ മനോഭാവത്തിനു മുന്നില്‍ കീഴടങ്ങാതെ നവകേരളത്തിനായി ബദല്‍നയങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുകയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന് റിപ്പോര്‍ട്ടില്‍ പുകഴ്‌ത്തുന്നു.
ബേബിയുടെ സാദ്ധ്യത പിണറായി കനിഞ്ഞാല്‍
ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്ന് സിപിഎമ്മിന് ജനറല്‍ സെക്രട്ടറി വരുമോ എന്ന ചോദ്യത്തിന് ഉത്തരം പിണറായി വിജയന്റെ നിലപാട് അനുസരിച്ചായിരിക്കും എന്നാണ്. മുതിര്‍ന്ന അംഗം എം.എ. ബേബിയുടെ പേര് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ സ്ഥാനത്ത് എത്തുന്ന കേരള ഘടകത്തില്‍ നിന്നുള്ള രണ്ടാമത്തെ നേതാവാകും. ഒന്നര ദശാബ്ദത്തിലേറെ ജനറല്‍ സെക്രട്ടറിയായിരുന്നു ഇഎംഎസ്. മലയാളിയായ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം കേരള ഘടകത്തിന്റെ പ്രതിനിധിയായല്ല ആ പദവിയില്‍ എത്തിയത്. സിപിഎമ്മിനെ അടക്കിഭരിക്കുന്ന പിണറായി വിജയന്റെ അനുവാദം ലഭിച്ചാലേ ബേബിയുടെ മോഹം പൂവണിയൂ. പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയായി കൊട്ടിഘോഷിച്ച എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷം പിണറായിക്ക് മുന്നില്‍ അടയറവ് പറഞ്ഞത് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്.
17 അംഗ പോളിറ്റ് ബ്യൂറോയിലെ ഏഴംഗങ്ങള്‍ പ്രായപരിധി മാനദണ്ഡപ്രകാരം പുറത്തു പോകും. ഇവരില്‍ മുഖ്യമന്ത്രിയായ പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് കിട്ടാന്‍ സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: