ന്യൂദല്‍ഹി: രാഷ്‌ട്രീയത്തിന് അതീതമായി എല്ലാവരും വഖഫ് ബില്ലിനെ പിന്തുണയ്‌ക്കണമെന്ന് കേന്ദ്രന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ആവശ്യപ്പെട്ടു. മുനമ്പം പ്രശ്‌നം ഏറ്റവും വേഗത്തില്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗം വഖഫ് നിയമഭേദഗതി പാസാക്കുക എന്നതാണ്. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
പലപാര്‍ട്ടികളിലും ബില്ലിന് അനുകൂലമായ നിലപാടുള്ളവരുണ്ട്. അത് വളരെയധികം ആശാവഹമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാവണം എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പം നിന്നത്. അഖിലേന്ത്യാ തലത്തില്‍ എല്ലാ ജനവിഭാഗവും ബില്ലിനെ അനുകൂലിക്കുകയാണ്. പാവപ്പെട്ട മുസ്ലിംകള്‍ ഈ ബില്ലിന് അനുകൂലമാണ്. ന്യൂനപക്ഷ കമ്മീഷനില്‍ ഏറ്റവും അധികം വന്നിരുന്ന പരാതികള്‍ വഖഫ് വസ്തുവകകളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. വലിയ പണക്കാരുടെ കയ്യിലാണ് വഖഫ് വസ്തുക്കള്‍. പാവപ്പെട്ട മുസ്ലിംകള്‍ക്ക് അവിടെയൊന്നും പ്രവേശനം പോലുമില്ല. ഇന്ത്യയിലെ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്ന കാര്യമാണ് വഖഫ് വ്യവസ്ഥകളിലെ മാറ്റം. രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ മാറ്റിവെച്ച് ബില്ലിനെ പിന്തുണയ്‌ക്കണമെന്നും കേരളാ എംപിമാരോട് ജോര്‍ജ്ജ് കുര്യന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: