പരമ്പരാഗത ഇന്ത്യയില്‍, അന്യമതവിശ്വാസങ്ങള് ക്രമേണ നമ്മുടെ സംസ്ക്കാരവുമായി സ്വാംശീകരിക്കപ്പെടുകയും, അസഹിഷ്ണുതയില്‍ നിന്ന് സഹിഷ്ണുതയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നും താങ്കള്‍ പറയുന്നു. എന്നാല്‍ ഈ പ്രക്രിയ നിലയ്ക്കാന്‍ എന്തായിരുന്നു കാരണം?
സാംസ്കാരിക മൂല്യങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ എല്ലാവരെയും ഒരു വലിയ കുടുംബത്തിന്റെ ഭാഗമാക്കുക എന്നതായിരുന്നു ഭാരതത്തിന്റെ എക്കാലത്തെയും ആശയം. എന്നാല്‍ അസഹിഷ്ണുക്കളെ പരിഷ്കരിക്കാന്‍ അനുയോജ്യമായ ഒരു അന്തരീക്ഷം ഉണ്ടാക്കുക എന്ന പ്രാഥമിക ആവശ്യം നിര്‍വഹിക്കാത്തത് നമ്മുടെ പരാജയമാണ്.
ഞാനിതു പറയാന്‍ കാരണം അസഹിഷ്ണുക്കളായ എല്‍ടിഎസ്ഇ വിശ്വാസികള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒരു പാഠവും പഠിക്കാതെ തങ്ങള്‍ വിശ്വസിക്കുന്ന സിദ്ധാന്തങ്ങളില്‍നിന്നും ഒരിക്കലും മാറില്ല. എല്ടിഎസ്ഇയുടെ പരാജയ അനുഭവം അവര്‍ക്ക് ഉണ്ടായാല്‍ മാത്രമേ അവര്‍ സ്വയം പുനര്‍വിചിന്തനത്തിനും പരിഷ്ക്കാരങ്ങള്‍ക്കും തയ്യാറാകൂ.
നമ്മുടെ നാഗരികതയുടെ മഹത്വകാലഘട്ടങ്ങളില് ഭാരതത്തിന് ദീര്‍ഘവീക്ഷണമുള്ള തത്ത്വചിന്തക-രാജാക്കന്മാര് ഉണ്ടായിരുന്നു. അവര്‍ ക്രൂരമായ അസഹിഷ്ണുതയുള്ള ആളുകളെ പരാജയപ്പെടുത്തുകയും, പരിഷ്കരിക്കുകയും ചെയ്തിരുന്നു. ജനസാമാന്യം ക്രൂരതയുടെ ഭീഷണി അനുഭവിക്കാതിരിക്കാന്‍ ഹൂണുകളോട് പോരാടുന്നതിനായി അതിര്‍ത്തി പ്രവിശ്യകളില്‍ തന്റെ ജീവിതത്തിന്റെ പന്ത്രണ്ട് വര്‍ഷം ചെലവഴിച്ച സ്കന്ദഗുപ്ത രാജാവിന്റെ ഉദാഹരണം നമുക്കുണ്ട്. എന്നാലും, കഴിഞ്ഞ സഹസ്രാബ്ദങ്ങളില് നിര്‍ണ്ണായകമായ ഒരു സൈനിക വിജയവുമില്ലാതെ നാം ഒന്നിനുപുറകെ ഒന്നായി ക്രൂരശക്തികളോട് പരാജയപ്പെട്ടു. ആധുനിക യുഗത്തില്‍, വിദ്യാഭ്യാസ, മാധ്യമ വേദികളിലെ ചിന്താ തലത്തിലാണ് ഇത്തരം പോരാട്ടങ്ങള്‍ കൂടുതലായി നടക്കുന്നത്. അസഹിഷ്ണുക്കളെ പരാജയപ്പെടുത്താനുള്ള ഒരു ദീര്‍ഘകാല തന്ത്രം നമ്മള് ഒരിക്കലും രൂപപ്പെടുത്തിയില്ല. മറിച്ച് അവരുടെ തന്ത്രങ്ങളോട് പ്രതികരിക്കുക മാത്രമാണ് ചെയ്തുവന്നത്. അസഹിഷ്ണുത വിജയിക്കുന്നിടത്തോളം കാലം എല്ടിഎസ്ഇക്കാര് അസഹിഷ്ണുത ഒരിക്കലും ഒഴിവാക്കുകയേ ഇല്ല.
ആധുനിക ലിബറലിസത്തിന്റെ അപകടങ്ങള്‍?
ഒരു ഉദാഹരണത്തിലൂടെ ഞാനിത് വിശദീകരിക്കാം. ഇന്നത്തെ അസ്വസ്ഥജനകവും തീവ്രവുമായ രാഷ്ട്രീയ ധ്രുവീകരണത്തില്‍ നാമെല്ലാവരും ആശങ്കാകുലരാണ്. എന്നാല്‍ ഇതിന് കാരണമായി ഇടത് ലിബറലുകള്‍ കുറ്റപ്പെടുത്തുന്നത് ഹിന്ദുഭൂരിപക്ഷത്തെയാണ്. ഹിന്ദു ഭൂരിപക്ഷവാദമില്ലെങ്കില് ധ്രുവീകരണം ഉണ്ടാകില്ല എന്നാണ് ഇവര്‍ പറയുന്നത്. വാദത്തിന് ഇത് അംഗീകരിച്ചാല്‍, ഹിന്ദുക്കള്‍ നിര്‍ണ്ണായകമല്ലാത്ത അമേരിക്കയില്‍ എന്തുകൊണ്ടാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ ധ്രുവീകരണം ഉള്ളത്? ഇടതുപക്ഷക്കാര്‍ അതിന് ക്രിസ്ത്യന്‍ യാഥാസ്ഥിതികതയെ കുറ്റപ്പെടുത്തും. ഭൂരിപക്ഷവാദം ബാധിച്ച മറ്റൊരു രാജ്യം, ക്രിസ്ത്യാനികളോ ഹിന്ദുക്കളോ അല്ലാത്ത, ഭൂരിഭാഗം ആളുകളും നിരീശ്വരവാദികളായ നെതര്‍ലന്‍ഡ്സിലാണ്!
ഈ രാജ്യങ്ങള്‍ക്ക് പൊതുവായുള്ളത് വരേണ്യവര്‍ഗത്തിലെ പ്രധാന വിഭാഗങ്ങള്‍ക്കിടയിലെ ലിബറലിസത്തിന്റെ ആധിപത്യമാണ്. അസഹിഷ്ണുതയുടെയും ധ്രുവീകരണത്തിന്റെയും മൂലകാരണം ലിബറലിസമാണ്. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, ലിബറലുകള്‍ മറ്റുള്ളവരെ അസഹിഷ്ണുക്കളെന്ന് കുറ്റപ്പെടുത്തുന്നു! ഇടതുപക്ഷ-ലിബറലുകള്‍ സമൂഹത്തിലെ വളരെ അപകടകരമായ ഒരു പ്രതിഭാസമാണ്. അവര്‍ വാക്കുകളുടെ കസര്‍ത്തുകൊണ്ട് തികച്ചും വര്‍ഗീയമായ ഒരു ലോകത്തെ സൃഷ്ടിക്കുന്നു.
‘ലിബറലിസം’ എന്ന വാക്ക് വിശാലമനസ്കതയെ അര്‍ത്ഥമാക്കുന്നേയില്ല. അഭിപ്രായവ്യത്യാസങ്ങളോട് പൂര്‍ണ്ണമായും അസഹിഷ്ണുത പുലര്‍ത്തുമ്പോള്‍ തന്നെ തങ്ങള്‍ വിശാലമനസ്കരെന്നു അവര്‍ സ്വയം പ്രഖ്യാപിക്കും! 2023-ല്‍ പേഴ്സണാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജി ബുള്ളറ്റിന് എന്ന ജേണലില്‍ ‘എംപാത്തിക് കണ്സര്വേറ്റീവസ് ആന്‍ഡ് മോറലൈസിങ് ലിബറല്‍സ്: പൊളിറ്റിക്കല്‍ ഇന്റര്‍ഗ്രൂപ്പ്’ എന്ന പ്രബന്ധത്തില്‍ യാഥാസ്ഥിതികരോട് ലിബറലുകള്‍ കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍ സഹാനുഭൂതി കണ്‍സര്‍വേറ്റീവുകള്‍ ലിബറലുകളോട് കാണിക്കുന്നുവെന്ന് ഓസ്ട്രേലിയന്‍ ഗവേഷകനായ ജെയിംസ് പി. കേസിയും സഹരചയിതാക്കളും ചൂണ്ടിക്കാട്ടുന്നു. തീര്‍ച്ചയായും ലിബറല്‍ എന്ന ലേബല്‍ ഇവര്‍ക്ക് വിമര്‍ശിക്കാനും ആധിപത്യം സ്ഥാപിക്കാനുമുള്ള ഒരു ഉപകരണം മാത്രമാണ്.
ലിബറലുകള്‍ സമൂഹത്തില്‍ എത്രത്തോളം ആധിപത്യം പുലര്‍ത്തുന്നുവോ, അത്രത്തോളം സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും വളര്‍ത്തിയെടുത്ത് അവര്‍ സാമൂഹിക ഐക്യത്തെ നശിപ്പിക്കും. സമൂഹത്തെ വിവിധ ഗ്രൂപ്പുകളായി വിഭജിച്ച് അതിലെ വലിയ ഗ്രൂപ്പിനെ മറ്റുള്ളവരെ അടിച്ചമര്‍ത്തുന്നവരായി ചിത്രീകരിക്കും. അവരുടെ സിദ്ധാന്തങ്ങള്‍ ആളുകളെ അവരുടെ ഗ്രൂപ്പ് ഐഡന്റിറ്റി ഉപയൊഗിച്ച് ഇരകളായി കണക്കാക്കി അടിച്ചമര്‍ത്തപ്പെട്ടവരാണെന്ന് സ്ഥാപിച്ച് മറ്റുള്ളവര്‍ക്കെതിരെ വിദ്വേഷം പുലര്‍ത്താന്‍ പ്രേരിപ്പിക്കും.
ലിബറലിസം അമേരിക്കയിലെ സാമൂഹിക ഐക്യത്തെ തകര്‍ത്തപ്പോള്‍ വൈവിധ്യമാര്‍ന്ന സ്വത്വങ്ങള്‍ നിറഞ്ഞ ഇന്ത്യയില്‍ അത് വളരെ മോശമായ ഫലം സൃഷ്ടിച്ചു. കോളനിവല്‍ക്കരിക്കപ്പെട്ട ഇന്ത്യന്‍ മനസ്സിന്റെ പ്രത്യേക പ്രശ്നം, നമ്മുടെ സ്വന്തം മനസാക്ഷിക്കുപരി പടിഞ്ഞാറില്‍ നിന്നുള്ള ഏതൊരു ഇറക്കുമതിയും അതിന്റെ മൂല്യം പരിശോധിക്കാതെ ഉയര്‍ന്ന മൂല്യമുള്ളതായി കണക്കാക്കുന്നു എന്നതാണ്.
ഇന്ത്യയെ ഊര്‍ജ്ജസ്വലമായ ധര്‍മ്മ രാജ്യമാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍?
ധര്‍മ്മം എന്നത് സുസ്ഥിരമായ ഒരു സാമൂഹിക-രാഷ്ട്രീയ നയമല്ലാതെ മറ്റൊന്നുമല്ല. പൊതുജീവിതത്തില്‍ നിന്ന് മതത്തെ പുറന്തള്ളുകയും, മതേതര നിയമങ്ങള്‍ വികസിപ്പിക്കുകയും ചെയ്തുകൊണ്ട് ഒരു ധാര്‍മ്മിക സമൂഹം സൃഷ്ടിക്കാന്‍ പാശ്ചാത്യര്‍ ഏറെ ശ്രമിച്ചിട്ടുണ്ട്. തങ്ങളുടെ മതപരമായ ആശയങ്ങളിലെ സാമ്രാജ്യത്വ അഭിലാഷങ്ങള്‍ അധാര്‍മികമായ കൂട്ടായ ജീവിതത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനാലാണ് അവര്‍ അങ്ങനെ ചെയ്തത്.
എന്നാല്‍ പലപ്പോഴും ഈ നയം പരാജയപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വംശഹത്യകള്‍ നടത്തിയത് കമ്മ്യൂണിസം, നാസിസം തുടങ്ങിയ മതേതര പ്രത്യയശാസ്ത്രങ്ങളാണ്. മാത്രമല്ല, മതത്തിന്റെ പതനം അതത് സമൂഹങ്ങളില്‍ ‘ദൈവത്തിന്റെ’ ശൂന്യത സൃഷ്ടിച്ചു. ഇത് ആളുകളെ വേരുകളില്ലാത്തവരും ധാര്മ്മികരല്ലാത്തവരുമാക്കി. പ്രശ്നം മതങ്ങളല്ല, മറിച്ച് അവയില്‍ ഉള്‍ച്ചേര്‍ത്ത രേഖീയ സിദ്ധാന്തങ്ങളോടാണെന്ന് (എല്‍ടിഎസ്ഇ) നാം മനസ്സിലാക്കണം. സമൂഹത്തില്‍ എല്ലായിടത്തും മതപരമോ മതേതരമോ ആകട്ടെ, ഏത് രേഖീയ സിദ്ധാന്തത്തെയും കുറയ്ക്കുന്നതിന് നാം ധാര്‍മ്മിക മൂല്യങ്ങള്‍ വികസിപ്പിക്കണം. എല്‍ടിഎസ്ഇ ഇല്ലാത്ത നമ്മുടെ സ്വന്തം പാരമ്പര്യത്തിന് ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും സുസ്ഥിരമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു സാമൂഹിക കോഡ് നല്കാന് കഴിയും. മതേതര ലിബറലിസം നിരസിക്കാനും ധര്‍മ്മ തത്വങ്ങളെ ഭരണത്തിന്റെ സ്തംഭങ്ങളായി അംഗീകരിക്കാനും പര്യാപ്തമായ രീതിയില്‍ നമ്മള് മാറ്റപ്പെടുമ്പോള്‍ മാത്രമേ ലോകം നമ്മില്‍ നിന്നുള്ള ഈ മഹത്തായ സമ്മാനം സ്വീകരിക്കുകയുള്ളൂ.
വായനക്കാര്‍ക്കുള്ള സന്ദേശം എന്താണ്?
ഒരു സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കാന്‍ നാം ഇഷ്ടപ്പെടുന്നുവെങ്കില്‍, സ്വാതന്ത്ര്യത്തെ നാം വിലമതിക്കുന്നുവെങ്കില്‍, സ്വാതന്ത്ര്യത്തിന്റെ വില നാം നല്‍കണം. സ്വാതന്ത്ര്യത്തിന്റെ വില നിതാന്തമായ ജാഗ്രതയാണ്. പ്രത്യേകിച്ച് നമ്മുടെ മാനസിക കോളനിവല്‍ക്കരണം മുതലെടുത്ത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രവേശിച്ച സാമൂഹിക സിദ്ധാന്തങ്ങളെക്കുറിച്ച്. ഈ സിദ്ധാന്തങ്ങളുടെ ഉദ്ദേശ്യം കോളനിക്കാര്‍ ആഗ്രഹിച്ച ‘വിഭജിക്കുക, ഭരിക്കുക’ എന്നതാണ്. യോജിപ്പുള്ള സുസ്ഥിരമായ ഒരു സമൂഹം സൃഷ്ടിക്കണമെങ്കില്‍, നമ്മുടെ കൂട്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തം ധാരണകള്‍ സൃഷ്ടിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: