ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ അനധികൃത മദ്രസകൾക്കെതിരെയുള്ള നടപടി കടുപ്പിച്ച് ധാമി സർക്കാർ. ഇന്ന് ഹരിദ്വാർ ജില്ലയിൽ ഒൻപത് അനധികൃത മദ്രസകൾ കൂടി അധികൃതർ പൂട്ടി സീൽ ചെയ്തു. പരിശോധനാ റിപ്പോർട്ട് സർക്കാരിന് ലഭിച്ചതിനെത്തുടർന്നാണ് നടപടി. ഹരിദ്വാർ ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് സിംഗ് നൽകിയ വിവരമനുസരിച്ച് ഇതുവരെ ജില്ലയിൽ 10 അനധികൃത മദ്രസകൾ പൂട്ടി സീൽ ചെയ്തുവെന്നാണ്.
സീൽ ചെയ്ത മദ്രസകളിൽ മദ്രസ ഇസ്ലാമിയ അറേബ്യ ഫൈസാനുൽ ഖുറാൻ (സിക്കന്ദർപൂർ ഭൈൻസ്വാൾ), ജാമിയ ഫൈറുൽ ഉലൂം (ഗ്രാമം ഷിർ ചാണ്ടി), മദ്രസ ജാമിയ അറേബ്യ സുലെമാനിയ (ബഡേഗി ബുസുർഗ്), മദ്രസ ജാമിയ താലിമുൽ ഖുറാൻ (സിക്കന്ദർപൂർ ഭൈൻസ്വാൾ), മദ്രസ ദാറുൽ ഖുറാൻ (ചാൻ ചാക്) എന്നിവ ഉൾപ്പെടുന്നുവെന്ന് സബ് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
കൂടാതെ ഈ മദ്രസകളിൽ പഠിക്കുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി രജിസ്റ്റർ ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സർക്കാർ സ്കൂളുകളിലോ അവരെ ചേർക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിലൊന്ന് ഇതിനകം പൂട്ടി സീൽ ചെയ്തിട്ടുണ്ടെന്നും പൗരി ഗർവാൾ ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് ചൗഹാൻ പറഞ്ഞു. അതേസമയം ഡെറാഡൂണിലെ സഹസ്പൂർ പർഗാന പ്രദേശത്തുള്ള ഒരു മദ്രസയിൽ അനധികൃത നിർമ്മാണം നടക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് എസ്ഡിഎം വിനോദ് കുമാർ നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അധികൃതരുടെ അനുമതിയില്ലാതെയാണ് ഈ മദ്രസയുടെ മൂന്നാം നില നിർമ്മിച്ചത്.
സർക്കാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഉത്തരാഖണ്ഡിൽ ഇതുവരെ 119 അനധികൃത മദ്രസകൾ സീൽ ചെയ്തിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് ആകെ 500-ലധികം അനധികൃത മദ്രസകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം 416 മദ്രസകൾ ഉത്തരാഖണ്ഡ് മദ്രസ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംഖ്യ നിയമവിരുദ്ധ മദ്രസകളിൽ നിന്ന് വ്യത്യസ്തമാണ്. നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുന്നതിനുമാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് സർക്കാർ പറയുന്നു.
നിയമവിരുദ്ധമായ മദ്രസകൾക്കെതിരെ ഭരണകൂടം മാത്രമല്ല ശിശുസംരക്ഷണ കമ്മീഷനും കർശനമായ നിലപാട് സ്വീകരിക്കുന്നുണ്ട്. ദേവഭൂമി ഉത്തരാഖണ്ഡിന്റെ സാംസ്കാരിക സ്വത്വവും നിയമവാഴ്ചയും ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമായ ധാമി സർക്കാരിന്റെ ദൃഢനിശ്ചയത്തെയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നത്.
നിയമവിരുദ്ധ മദ്രസകൾ വിദ്യാഭ്യാസ മേഖലയിൽ ക്രമക്കേടുകൾ പ്രചരിപ്പിക്കുക മാത്രമല്ല, സാംസ്കാരിക മൂല്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ സർക്കാരിന്റെ കർശനത ഉറപ്പാക്കുന്നതിനും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള ഒരു വലിയ ശ്രമമായാണ് ഈ നടപടിയെ സർക്കാർ കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: