കൊച്ചി: സിനിമാ പാട്ടുകള്‍ പാടാനാണോ ക്ഷേത്രോത്സവങ്ങളില്‍ ഗാനമേള നടത്തുന്നതെന്ന ചോദ്യവുമായി ഹൈക്കോടതി. ക്ഷേത്രങ്ങളില്‍ വിപ്ലവ ഗാനങ്ങള്‍ പാടരുതെന്ന കര്‍ശന നിര്‍ദ്ദേശവും കോടതി പുറപ്പെടുവിച്ചു. ഭക്തിഗാനമേളയല്ലാതെ സിനിമാപാട്ടുകള്‍ ക്ഷേത്രത്തില്‍ പാടുന്നതിനെയും കോടതി ചോദ്യം ചെയ്തു. ക്ഷേത്രോത്സവത്തില്‍ വിപ്ലവ ഗാനം പാടിയ സാഹചര്യം വിശദീകരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരാഴ്ചയ്‌ക്കകം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൊല്ലം കടയ്‌ക്കല്‍ ദേവീക്ഷേത്രോത്സവത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് വിപ്ലവഗാനം പാടിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ശക്തമായ ഇടപെടല്‍.
ഡിവൈഎഫ്‌ഐ സിന്ദാബാദ് എന്നൊക്കെയാണോ ക്ഷേത്രത്തില്‍ പറയുന്നത് എന്ന് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം കോടതി ചോദിച്ചു. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ മുദ്രാവാക്യം മുഴങ്ങുന്ന സ്ഥമായി ക്ഷേത്ര ഉത്സവം മാറ്റി. ഭക്തര്‍ ക്ഷേത്രത്തിലേക്ക് നല്‍കിയ പണത്തില്‍ നിന്ന് വന്‍തുക ചിലവഴിച്ചാണ് ഗാനമേള നടത്തിയതെന്ന വിമര്‍ശവും കോടതി നടത്തി. ക്ഷേത്രോത്സവങ്ങള്‍ വത്യസ്തമായി കാണേണ്ടതുണ്ട്. ക്ഷേത്ര ഉത്സവങ്ങളുടെ ലൈറ്റ് അലങ്കാരങ്ങളും കോടതിയുടെ വിമര്‍ശനത്തിന് വിധേയമായി. ദേവീഭക്തര്‍ നല്‍കുന്ന പണം ധൂര്‍ത്തടിച്ച് കളയാനാവില്ലെന്നും കോടതി പറഞ്ഞു.
നടന്നത് ക്ഷേത്രോത്സവമാണ്. അല്ലാതെ കോളേജ് ആനുവല്‍ഡേ ആഘോഷമല്ല. ക്ഷേത്വുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കും ക്ഷേത്ര ചടങ്ങുകള്‍ക്കും മാത്രമേ ക്ഷേത്ര പരിസരം അനുവദിക്കൂ. രാഷ്‌ട്രീയ പാര്‍ട്ടിയുടെ വിപ്ലവഗാനം ആലപിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങള്‍. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണം. ദേവസ്വം സെക്രട്ടറിയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. ആരാണ് പരിപാടി സംഘടിപ്പിച്ചത് എന്ന ചോദ്യത്തിന് ക്ഷേത്രോപദേശക സമിതിയാണ് പരിപാടി നടത്തിയതെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കി. അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് ദേവസ്വം സെക്രട്ടറി അറിയിക്കണം.
മാര്‍ച്ച് പത്തിനാണ് ഗായകന്‍ അലോഷി ഉത്സവവേദിയില്‍ വിപ്ലവഗാനങ്ങള്‍ ആലപിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് കടയ്‌ക്കല്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: