ഇന്ദ്രിയഗോചരമായ വസ്തുക്കളെ മാത്രം അംഗീകരിക്കുകയെന്നത് മാര്‍ക്സിസത്തിന്റെയും ഉത്തരാധുനികതയുടെയും പൊതു നിലപാടാണ്. ഭൗതിക വാദികളുടെ സാമാന്യമായ കാഴ്ചപ്പാടനുസരിച്ച്, പ്രകൃതി പ്രതിഭാസങ്ങള്‍ക്കു കാരണം ദൈവിക ശക്തികളുടെ ഇടപെടലുകളാണെന്നാണ് ആദിമനുഷ്യര്‍ അന്ധമായി വിശ്വസിച്ചതത്രേ! ക്രമേണ ചിന്താപരമായി പുരോഗതിയിലേക്ക് നീങ്ങിയ മനുഷ്യര്‍ അതീന്ദ്രിയ സൂക്ഷ്മതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥൂലപ്രപഞ്ചത്തെ വ്യാഖ്യാനിച്ചു (അതീന്ദ്രിയതത്ത്വജ്ഞാനം അഥവാ മെറ്റാഫിസിക്സ്). ആധുനിക കാലത്തെ മനുഷ്യന് ഇന്ദ്രിയ ഗോചരമാകുന്ന നിരീക്ഷണങ്ങളിലും പരീക്ഷണങ്ങളിലും അധിഷ്ഠിതമായ ഭൗതിക ശാസ്ത്ര സത്യങ്ങളെ അടിസ്ഥാനമാക്കി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ മാത്രമാണ് പുരോഗതി പ്രാപിച്ചത്. ഇത്തരം സമീപനമാണ് കാറല്‍ മാര്‍ക്സും, ഉത്തരാധുനികതയുടെ പ്രധാന വക്താവായ ജാക്ക് ദറിദയും കൈക്കൊണ്ടത്.
ഇന്ദ്രിയാതീത സത്യം നിരാകരിക്കുന്നതിലും, ബോധത്തിന് സ്വതന്ത്രമായ അസ്തിത്വം നിഷേധിക്കുന്നതിലും, മനസ്സിനെ ദ്രവ്യാവസ്ഥയിലേക്ക് ന്യൂനീകരിക്കുന്നതിലുമൊക്കെ മാര്‍ക്സിയന്‍ രീതിയാണ് ഉത്തരാധുനികതയും അനുവര്‍ത്തിക്കുന്നത്. പാരമ്പര്യ മാര്‍ക്സിസത്തില്‍ നിന്ന് കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകള്‍ എപ്രകാരമാണോ വ്യതിചലിക്കുന്നത് അപ്രകാരം തന്നെ ഉത്തരാധുനികരും വ്യതിചലിക്കുന്നതു കാണാം. മാര്‍ക്സ് മുന്നോട്ടുവച്ച സിദ്ധാന്തമനുസരിച്ച് സമൂഹത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നത് അതിന്റെ സാമ്പത്തിക അടിത്തറയാണ്. വിദ്യാഭ്യാസം, കല, സാഹിത്യം മുതലായവ ഉള്‍പ്പെടുന്ന സംസ്കാരം ഈ അടിസ്ഥാന സാമ്പത്തിക വ്യവസ്ഥയുടെ ഉപരിതല പ്രതിഫലനം മാത്രമാണ്. എന്നാല്‍ കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളുടെ വാദത്തില്‍ സമൂഹത്തിന്റെ അടിസ്ഥാന സ്വഭാവം സാമ്പത്തികമല്ല, സാംസ്കാരികമാണ്. ഇതുതന്നെയാണ് ഉത്തരാധുനികരുടെയും നിലപാട്. ഭാഷയും സാഹിത്യവും തത്ത്വശാസ്ത്രവുമായിരുന്നു ദറിദക്ക് വിഷയം. ജെ.എഫ്.ലിയോറ്റാര്‍ഡിന്റേത് വിജ്ഞാനവും, മിഷേല്‍ ഫുക്കോയുടേത് മനശ്ശാസ്ത്രം, സാഹിത്യം, സാംസ്കാരം, ഫെമിനിസം മുതലായവയുമാണ്.
മനുഷ്യന്റെ അസ്തിത്വത്തെയും പ്രപഞ്ചത്തെയും കുറിച്ചുള്ള പാശ്ചാത്യ ചിന്താധാരയുടെ ചരിത്രം പ്രധാനമായി പുരാതനം, ആധുനികം, ഉത്തരാധുനികം എന്നിങ്ങനെയുള്ള കാലഘട്ടങ്ങളായി വിഭജിച്ചാണ് ഇപ്പോള്‍ പഠിക്കുന്നത്. ഇതിനു കാരണം ഈ കാലഘട്ടങ്ങളില്‍ പാശ്ചാത്യരുടെ ചിന്തകളില്‍ വന്നുചേര്‍ന്ന വ്യതിരിക്ത സ്വഭാവമാണ്. ഉത്തരാധുനികതയുടെ വിവിധ വശങ്ങള് വിശകലനം ചെയ്യണമെങ്കില്‍ പുരാതനവും ആധുനികവുമായ കാലഘട്ടങ്ങളുടെ പ്രസക്തമായിട്ടുള്ള പ്രത്യേകതകള്‍ അറിയേണ്ടതുണ്ട്. കാരണം ഈ പ്രത്യേകതകളെ മാറ്റിമറിയ്ക്കുക എന്നതാണ് ഉത്തരാധുനികതയുടെ സവിശേഷ സ്വഭാവം. പരമ്പരാഗത അതീന്ദ്രിയ തത്ത്വജ്ഞാനം, ഭാഷയിലെ വായ്മൊഴി സമ്പ്രദായം, ആധുനികത ഊന്നല്‍ നല്കിയ യുക്തിവിചാരം, ആധുനിക ഭാഷാശാസ്ത്രത്തിലെ ഘടനാവാദം മുതലായവയുടെ ധ്വംസാത്മക വിമര്‍ശനമാണ് ഉത്തരാധുനിക ചിന്തയുടെ പ്രത്യേകതകള്‍.
വായ്മൊഴി പാരമ്പര്യത്തെ തലകീഴാക്കല്‍
പ്ലേറ്റോയുടെ വാദത്തില്‍ ലോകത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ രണ്ടാണ്: ഐഡ്യയും ദ്രവ്യവും. ‘ഐഡ്യ’ എന്നതിന് പ്ലേറ്റോ, അരിസ്റ്റോട്ടില്‍, ഹെഗല്‍ മുതലായ ആദര്‍ശ വാദികള്‍ അര്‍ത്ഥം കല്‍പ്പിച്ചത്, ദ്രവ്യത്തില്‍ നിന്നു ഭിന്നമായ അനശ്വരതത്ത്വം എന്നായിരുന്നു. പ്ലേറ്റോ തുടങ്ങിവച്ച ഈ ദൈ്വതം ആധുനികതയുടെ പ്രധാന വക്താക്കളായ റെനെ ദെക്കാര്‍ത്തും ഇമാന്വല്‍ കാന്റും ഏറ്റെടുത്തതോടെ മനസ്സും ദ്രവ്യവുമെന്ന രണ്ട് അടിസ്ഥാന തത്ത്വങ്ങള്‍ പ്രപഞ്ച വിശകലനത്തില്‍ വൈജ്ഞാനിക ലോകം അംഗീകരിക്കുക മാത്രമല്ല, ദ്രവ്യലോകത്തെ ഗ്രഹിക്കാനുള്ള മനസ്സിന്റെ കഴിവിന് സ്വീകാര്യതയും ലഭിച്ചു. അറിവ് നേടാന്‍ മനസ്സിന്റെ പ്രവര്‍ത്തന രീതിയാകുന്ന യുക്തിയിലുള്ള ഉറച്ച വിശ്വാസം ഇങ്ങനെ ആധുനികതയുടെ സവിശേഷതയായി മാറി.
ഉത്തരാധുനിക ചിന്തയുടെ ഉപജ്ഞാതാവായി ലോകശ്രദ്ധ നേടിയ അള്‍ജീരിയന്‍ സാഹിത്യകാരന് ജാക്ക് ദറിദ (1930-2004) ഭൗതിക വാദിയും നിരീശ്വരവാദിയുമായിരുന്നു. മാര്‍ക്സിയന്‍ രീതിയെ അവലംബിച്ചുള്ള ദറിദയുടെ ചിന്താപദ്ധതിയാണ് ഇന്ന് ലോകത്ത് ഒട്ടുമുക്കാല്‍ കലാസാഹിത്യകാരന്മാരും പിന്തുടരുന്നത്. ഇടതുപക്ഷ എഴുത്തുകാര്‍ ദറിദയെ ബോധപൂര്‍വ്വം അനുവര്‍ത്തിക്കുന്നവരാണ്. മറ്റുള്ളവരാകട്ടെ പദ്ധതിയുടെ പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം അറിയാതെയാണ് നവീന ആവിഷ്കാര ശൈലി എന്ന പേരില്‍ ഈ പദ്ധതിയെ പിന്തുര്‍ന്ന് ദറിദയുടെ അനുയായികളായി മാറുന്നത്. അതിനാല്‍ ദറിദയുടെ ചിന്താരീതിയുടെ വിശകലനം ഏറെ പ്രസക്തമാണ്.
ദറിദയുടെ പ്രധാന വിമര്‍ശനം പാരമ്പര്യമായി കണ്ടുവരുന്ന ദ്വയാശയങ്ങളുടെ നേര്‍ക്കായിരുന്നു. തത്ത്വചിന്തയില്‍ ദറിദ ചൂണ്ടിക്കാട്ടുന്ന ദ്വയാശയങ്ങളില്‍ പ്രധാനപ്പെട്ടവ, മനസ്സ് – ദ്രവ്യം, വായ്മൊഴി – വരമൊഴി, യുക്തം – അയുക്തം, അനശ്വരം – അനിശ്ചിതത്വം എന്നിവയാണ്. ഭാഷയിലും സാഹിത്യത്തിലും നേരിടുന്ന ദ്വയാശയങ്ങളാകട്ടെ, കേന്ദ്രം – ഉപരിതലം, വാക്യം – വാക്ക്, സര്‍ഗാത്മക സാഹിത്യം – വിമര്‍ശ സാഹിത്യം എന്നിവയാകുന്നു. ഈ ദ്വയാശയങ്ങളിലെല്ലാം ഒന്ന് മറ്റൊന്നിന്മേല് ആധിപത്യം സ്ഥാപിക്കുന്നതു കാണാം. അതിനാല്‍ ഇവയില്‍ പാര്‍ശ്വവര്‍ക്കരിക്കപ്പെട്ട ആശയങ്ങളെയെല്ലാം കേന്ദ്രീകൃതമാക്കുന്ന പദ്ധതിയാണ് ദറിദയുടേത്. പൗരാണികം, ആധുനികം എന്നീ കാലഘട്ടങ്ങളില്‍ ദ്വയാശയങ്ങളില്‍ പൊതുസമ്മതമായിരുന്ന ആശയമേല്‍ക്കോയ്മയെ കീഴ്മേല്‍ മറിക്കുന്ന ‘അപനിര്‍മാണ’ രീതിയാണിത്.
പരമ്പരാഗത ചിന്താധാരയിലെ ന്യൂനതയായി ദറിദ ചൂണ്ടിക്കാട്ടുന്നത്, ചില ആശയങ്ങളെ മറ്റ് ചില ആശയങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിച്ചിരുന്നു; അനശ്വരസത്തയുടെ മേല്‍ക്കോയ്മ കാരണം ഭൗതിക ലോക യാഥാര്‍ത്ഥ്യങ്ങള്‍ തരംതാഴ്ത്തപ്പെട്ടു; കാലാതീതമായ നിശ്ചല തത്ത്വത്തെക്കൊണ്ട് അനിശ്ചിതത്വമാകുന്ന യാഥാര്‍ത്ഥ്യത്തെ മറച്ചു പിടിച്ചു; മനുഷ്യമനസ്സിന് ബാഹ്യതലത്തിനുമേല്‍ ആധിപത്യം കല്പ്പിച്ചു; ഭാഷയില്‍ വാക്കുകളുടെ സ്വതന്ത്രമായ അര്‍ത്ഥങ്ങള്‍ക്കു മേല്‍ വാക്യത്തിന്റെ ആശയം അടിച്ചേല്‍പ്പിക്കപ്പെട്ടു; സാഹിത്യത്തില്‍ സര്‍ഗാത്മക സൃഷ്ടിയെ വിമര്‍ശസാഹിത്യത്തിനു മേല്‍ സ്ഥാപിച്ചു എന്നതൊക്കെയാണ്. ദറിദയുടെ അപനിര്‍മാണം ലക്ഷ്യം വയ്ക്കുന്നത്, കൃതികളുടെ പുനര്‍വായനയിലൂടെ ഇത്തരം മേല്‍ക്കോയ്മകളെ വിമര്‍ശിക്കുകയെന്നതു മാത്രമല്ല, ഈ ദൈ്വതാശയങ്ങളെ കീഴ്മേല്‍ മറിക്കുക വഴി അതുവരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ആശയങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കലുമാണ്.
പൗരാണിക വീക്ഷണത്തില്‍, മനുഷ്യന്റെ അന്തരംഗത്തില്‍ ബോധമനസ്സിനെ അതിക്രമിച്ചുകൊണ്ട് അനശ്വരമായ ആത്മസത്തയും കുടികൊള്ളുന്നു. എന്നാല്‍ ആത്മസത്തയെ നിഷേധിക്കുകയെന്നത് ദറിദ തന്റെ മുഖ്യവിഷയമാക്കി. അരിസ്റ്റോട്ടില്‍ ‘ലോഗോസ്’ എന്നു വിളിച്ചിരുന്ന ആത്മസത്തയോട് ഭാഷയെ ബന്ധപ്പെടുത്തുന്നതിനെ ദറിദ നിശിതമായി എതിര്‍ക്കുന്നു. പുരാതന ഭാരതീയരെപ്പോലെ അരിസ്റ്റോട്ടിലും ഭാഷയെ കണ്ടത്, മനുഷ്യരിലുള്ള അതീന്ദ്രിയ ആത്മതത്ത്വത്തിന്റെ പ്രകാശനമായിട്ടായിരുന്നു. എന്നാല്‍ ഭാഷയെ ആത്മതത്ത്വത്തില്‍ നിന്ന് അകറ്റുന്നതിനായി ദറിദ ചില വാദങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു: ഒന്ന്, വായ്മൊഴി (oral language) യെക്കാള്‍ പ്രാധാന്യം വരമൊഴിക്ക് (wrtten language) നല്‍കണം. രണ്ട്, സര്‍ഗാത്മക കൃതിയെക്കാള്‍ പ്രാധാന്യം അതിന്റെ വിമര്‍ശാത്മക പുനര്‍വായനയ്ക്ക് കൊടുക്കണം. മൂന്ന്, ഗ്രന്ഥകാരന്റെ മൗലികമായ ആശയവും ശൈലിയും വെളിവാകുന്ന വാക്യങ്ങള്‍ക്കു മേല്‍ വാക്കുകളുടെ സ്വതന്ത്രമായ അര്‍ത്ഥം സ്ഥാപി
ക്കപ്പെടണം. ഇവയുടെ ലക്ഷ്യം ഒന്നുതന്നെയാകുന്നു. വരമൊഴിയില്‍ ഭാഷ ഒരാളിന്റെ ബോധമനസ്സില്‍ നിന്ന് അകലെ സ്ഥിതി ചെയ്യുന്നതിനാല്‍ അത് കൂടുതല്‍ സ്വതന്ത്രമാണ്. ഗ്രന്ഥകര്‍ത്താവിന്റെ ആശയം വ്യക്തമാക്കുന്ന വാക്യത്തിന്റെ ആധിപത്യം ഒഴിവാകുമ്പോള്‍ വാക്കുകള്‍ കൂടുതല്‍ സ്വതന്ത്രമാകും. ഇപ്രകാരം പുനര്‍വായനയില്‍ ഗ്രന്ഥകര്‍ത്താവിന്റെ ഉദ്ദേശ്യത്തെ അവഗണിച്ചുകൊണ്ട് സ്വതന്ത്രമായ വിമര്‍ശനത്തിലൂടെ അപനിര്‍മാണത്തിന്റെ ലക്ഷ്യം സാധിക്കാം.
അപനിര്‍മാണത്തിന്റെ ദുഷ്ടലാക്കുകള്‍
പുരാതന ഗ്രീക്ക് വായ്മൊഴി സമ്പ്രദായത്തെ (ഫോണോസെന്‍ട്രിസത്തെ) ദറിദ നഖശിഖാന്തം എതിര്‍ക്കുന്നു. ഇവിടെ വായ്മൊഴിയെന്ന പേരില്‍ എതിര്‍ക്കുന്നത് സാധാരണ വ്യാവഹാരിക ഭാഷയെ അല്ല. സത്യധര്‍മ്മാദികളെ കുറിച്ചുള്ള അവബോധം നല്കുന്ന പുരാതന ഗുരുപരമ്പരാരീതിയെയാണ്. സോക്രട്ടീസ് തന്റെ ശിഷ്യന്മാര്ക്ക്, ഭാരതത്തിലെ ഗുരുക്കന്മാര് ചെയ്തിരുന്നതുപോലെ വായ്മൊഴിയിലൂടെയായിരുന്നു ജ്ഞാനം പകര്‍ന്നത്. പ്ലേറ്റോയും അരിസ്റ്റോട്ടിലും വായ്മൊഴിക്ക് പ്രാധാന്യം കല്പ്പിച്ചിരുന്നു. കാരണം നേരിട്ടുള്ള ഭാഷണം, പ്രത്യേകിച്ച് പ്രതിഭാധനന്മാരുടെ പ്രഭാഷണം അവരുടെ ആത്മസത്തയുടെ പ്രതിഫലനമാകുന്നു. എന്നാല്‍ വരമൊഴിയാകട്ടെ ഈ ആത്മസത്തിയില്‍ നിന്ന് അകന്നുപോകുന്നു. ഇതില്‍ ഗ്രന്ഥകാരന്റെയും വായനക്കാരന്റെയും മനസ്സുകള്‍ തമ്മില്‍ നേരിട്ട് സമ്പര്‍ക്കം വരുന്നില്ല. അതിനാല്‍ ഗ്രന്ഥകാരന്റെ ഉദ്ദേശ്യം തനതായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ വായനക്കാര്‍ക്ക് സാധിച്ചെന്നു വരില്ല.
ഗ്രന്ഥത്തെ ഗ്രന്ഥകാരനില്‍ നിന്ന് അകറ്റിനിര്‍ത്തിക്കൊണ്ട് സ്വതന്ത്രവായനയ്ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നതിന് ദറിദ പുകമറയായി മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍ ഇവയാണ്: ഭാഷ ഒരു ഗ്രന്ഥകാരന്റെയും സ്വകാര്യസ്വത്തല്ല, ഒരു സമൂഹത്തിന്റെ പൊതുസ്വത്താണ്. അതിനാല്‍ ഗ്രന്ഥവും സമൂഹത്തിന് അവകാശപ്പെട്ടതാണ്. വിമര്‍ശനത്തിലൂടെ അനേകം വ്യാഖ്യാന സാധ്യതകള്‍ ഉരുത്തിരിയുന്നതാണ്. അതിനാല്‍ വിമര്‍ശനമാണ് ഒരു കൃതിയുടെ ഭാവി നിശ്ചയിക്കുന്നത്. പക്ഷേ ഇവിടെ സംഭവിക്കുന്നത്, ഗ്രന്ഥകര്‍ത്താവിന്റെ വിശേഷാലുള്ള പ്രതിഭ അവഗണിക്കപ്പെടുന്നുവെന്നതാണ്. ഗ്രന്ഥകാരന്റെ സര്‍ഗ്ഗശക്തിയുടെ അപൂര്‍വ്വപ്രകാശനമാണ് കാലസാഹിത്യ രചനകള്‍. സമൂഹത്തിന് സന്ദേശമായി ഭവിക്കാവുന്ന ഗ്രന്ഥകാരന്റെ പ്രത്യേകമായിട്ടുള്ള ഉള്‍ക്കാഴ്ചയും ഇവിടെ നഷ്ടമാകുന്നു.
നല്ല നിരൂപണം സര്‍ഗാത്മകമാണെന്ന വാസ്തവം നിഷേധിക്കാനാവില്ല. ഭാരതത്തില്‍ സാഹിത്യ ചിന്തകരില്‍ അഗ്രഗണ്യനായിരുന്ന അഭിനവഗുപ്തന് സാഹിത്യ നിര്‍മിതിയെയും ആസ്വാദനത്തെയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി കണ്ടിരുന്നു. അതിനാല്‍ ആസ്വാദനത്തെ കൂടുതല്‍ വിശാലവും അഗാധവുമാക്കുന്ന വിമര്‍ശനങ്ങള്‍ക്ക് സര്‍ഗാത്മക സൃഷ്ടിയോടൊപ്പം പ്രാധാന്യം നല്‍കണമെന്നാണ് അഭിനവഗുപ്തന്റെയും അഭിപ്രായം. പക്ഷേ സാഹിത്യ നിര്‍മാണത്തിനുള്ളതിനെക്കാള്‍ പ്രാധാന്യം വിമര്‍ശനത്തിനു നല്‍കണമെന്ന ദറിദയുടെ വാദം തികച്ചും ബാലിശമാണ്. ഇതിനു പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം ആത്മീയതയെയും അതിനെ ആശ്രയിക്കുന്ന ശ്രേഷ്ഠ സംസ്കാരത്തെയും എതിര്‍ക്കുകയെന്നതാണ്. സാഹിത്യത്തെ ആത്മീയ സത്തയില്‍ നിന്ന് അകറ്റുന്നതായിരിക്കണം സാഹിത്യകാരന്റെ ലക്ഷ്യം എന്ന് ദറിദ തന്റെ കൃതികളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഗ്രന്ഥകാരന്റെ അന്തഃസത്തയുടെ പ്രതിഫലനമായേക്കാവുന്നതൊക്കെ ഒഴിവാക്കുന്നതിനായിട്ടാണ് അയാളുടെ താല്പര്യത്തെ അവഗണിച്ചുകൊണ്ടുള്ള വിമര്‍ശന സാഹിത്യത്തെ ദറിദ പ്രോത്സാഹിപ്പിച്ചത്.
ദറിദയുടെ വാദം വേദവാക്യം പോലെ സ്വീകരിച്ചുകൊണ്ട് വിമര്‍ശനത്തിന് അമിത പ്രാധാന്യം കല്‍പ്പിക്കുന്ന രീതിയാണ് ഇന്നു പലരും അവലംബിക്കുന്നത്. അതുകാരണം നിലവാരമില്ലാത്തതും ദുരദ്ദേശപരവുമായ വിമര്‍ശനങ്ങള്‍ ധാരാളമായി കടന്നുവരുന്നു. ഇടതുപക്ഷ ചിന്താഗതിക്കാരുടെ ഇതിഹാസ പുനര്‍വായനയും ഇതില്‍പ്പെടുന്നു. ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഇപ്പോള്‍ പുത്തന്‍ ശൈലിയെന്ന വ്യാജേന ഇറക്കുമതി ചെയ്യുന്നത് ദറിദയുടെ ഭൗതികവാദപരമായ ലക്ഷ്യത്തെയാണ്. ഇത് ഇതിഹാസങ്ങളിലെ ആത്മീയ സംസ്കാരത്തെയും ധാര്‍മികതയെയും ദുഷിപ്പിക്കാന്‍ ഉന്നംവയ്ക്കുന്നതാണ്.
യുക്തിയുടെ മേല്‍ക്കോയ്മക്കെതിരെ ബോധത്തിന്റെ വെളിച്ചത്തില്‍ രൂപീകരിക്കപ്പെടുന്ന യുക്തിപൂര്‍വ്വകമായ അറിവിന്റെ മേല്‍ക്കോയ്മയെ അംഗീകരിച്ചിരുന്ന ആധുനിക ചിന്തയെ നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കുന്ന പ്രവണതയാണ് ഉത്തരാധുനികതയില്‍ കണ്ടുവരുന്നത്. ഇതിനു കാരണമായി പറയുന്നത്, ന്യായത്തിന്റെ ഫലമായുണ്ടാകുന്ന അറിവ് സാമാന്യ ബുദ്ധിയുടെ ചില അടിസ്ഥാന തത്ത്വങ്ങളെ നിരുപാധികം ആശ്രയിക്കുകയും, സമൂഹത്തില്‍ പുതുതായി ഉരുത്തിരിയുന്ന എല്ലാത്തരം പ്രശ്നങ്ങളുടെയും മേല്‍, അവയുടെ പരിഹരണാര്‍ത്ഥം, ഈ സാമാന്യതത്ത്വങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നുവെന്നാണ്. അതിനാല്‍ ദറിദയെ പിന്‍പറ്റിക്കൊണ്ട് ഉത്തരാധുനിക ചിന്തകനായ റിച്ചാര്‍ഡ് റോര്‍ട്ടി പറയുന്നത്, യുക്തിയുടെ കഴിവല്ല പ്രശ്നപരിഹാരത്തിന് ആശ്രയം, മറിച്ച് പ്രശ്നം നന്നായി പഠനവിധേയമാക്കിയാല്‍ അതുതന്നെ അതിന്റെ പരിഹാരമാര്‍ഗ്ഗവും ചൂണ്ടിക്കാട്ടുമെന്നാണ്. അതായത് ബാഹ്യലോകത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ബാഹ്യലോകത്തു തന്നെ തിരയേണ്ടതാണ്, ഉള്ളിലെ യുക്തിയുടെ തലത്തിലല്ല. എത്ര യുക്തിവിരുദ്ധമായ നിലപാടാണിത്! കാരണം യുക്തി ഉപയോഗിക്കാതെ ഒരു പ്രശ്നം പഠിക്കാനോ മനസ്സിലാക്കാനോ സാധ്യമല്ല. പിന്നീടല്ലേ പരിഹാരത്തിന്റെ പ്രശ്നം ഉദിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഉത്തരാധുനികരുടെ പ്രശ്നമെന്തെന്നാല്‍ സത്യം, ധര്‍മ്മം, നീതി എന്നിവയെ വേര്‍തിരിച്ചറിയുന്നത് യുക്തിയാണ്. അതിനാല്‍ യുക്തിയുടെ ആധിപത്യത്തെ എതിര്‍ക്കുന്നതിലൂടെ ഉന്നംവയ്ക്കുന്നത് ഉത്തമ സംസ്കാരം നിലനിര്‍ത്തുന്ന ശ്രേഷ്ഠ മൂല്യങ്ങള്‍ക്കെതിരെയാണ്. ബോധത്തെ വിഷയലോകത്തിനും
തീവ്ര വികാരങ്ങള്‍ക്കും അടിമപ്പെടുത്തുന്നവരുടെ കേളീരംഗമായി സാംസ്കാരിക കേരളം അധഃപതിക്കുന്നതിനു പിന്നിലെ സ്വാധീനം ഉത്തരാധുനികതയുടെ ഇത്തരം ചിന്താപദ്ധതിയാണ്.
(തുടരും)
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: