ന്യൂദല്‍ഹി: ഭക്ഷ്യവിലക്കയറ്റത്തിനെതിരെ പൊരുതുന്ന മോദി സര്‍ക്കാരിന് അത് 2025 ഫെബ്രുവരി മാസത്തില്‍ 3.6 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ വിലക്കയറ്റമുള്ള സംസ്ഥാനമായി നമ്മുടെ കേരളം. ഇവിടെ 7.3 ശതമാനമാണ് ഭക്ഷ്യവിലക്കയറ്റം.
റിസര്‍വ്വ് ബാങ്കിന്റെ വിലക്കയറ്റത്തിലെ നെല്ലിപ്പടി എന്നത് ആറ് ശതമാനം വരെയാണ്. എന്നാല്‍ റിസര്‍വ്വ് ബാങ്കിന്റെ നെല്ലിപ്പടിയേയും മറികടന്ന് കേരളത്തിന്റെ വിലക്കയറ്റം 7.3 ശതമാനമായി ഉയര്‍ന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസിന്റെ (എന്‍ എസ് ഒ) കണക്ക് പ്രകാരം ഇന്ത്യയിലെ വിലക്കയറ്റം 2025 ജനുവരി മാസത്തില്‍ 4.3 ശതമാനമായിരുന്നു. അതാണ് കര്‍ശനമായ നയങ്ങളിലൂടെ മോദി സര്‍ക്കാര്‍ 3.6 ശതമാനത്തില്‍ എത്തിച്ചത്.
അപ്പോഴാണ് കടമെടുക്കലില്‍ അല്ലാതെ ഒന്നിലും താല്പര്യമില്ലാത്ത കേരളം 7.3 ശതമാനത്തില്‍ എത്തിച്ചത്. കേരളം കഴിഞ്ഞാല്‍ ഛത്തീസ് ഗഢിലാണ് വിലക്കയറ്റം ഏറ്റവും കൂടുതല്‍. അത് 4.9 ശതമാനമാണ്. കര്‍ണ്ണാടകയിലും ബീഹാറിലും അത് 4.5 ശതമാനം വീതമാണ്.
അതേ സമയം ചില സംസ്ഥാനങ്ങളിലെ തീരെ കുറഞ്ഞ ഭക്ഷ്യവിലക്കയറ്റമാണ് ഇന്ത്യയുടെ മുഖം രക്ഷിച്ചത്. ദല്‍ഹിയില്‍ അത് 1.5 ശതമാനം മാത്രമാണ്. തെലുങ്കാനയില്‍ 1.3 ശതമാനം മാത്രമാണെങ്കില്‍ ആന്ധ്രയില്‍ 2.4 ശതമാനവുമാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പരിശോധിച്ച 22 സംസ്ഥാനങ്ങളില്‍ 13ലും ഭക്ഷ്യവിലക്കയറ്റം നാല് ശതമാനത്തില്‍ താഴെ മാത്രമാണ്. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ നെല്ലിപ്പടി നാല് ശതമാനത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. പരമാവധി ആറ് ശതമാനം വരെയാണ് രാജ്യത്തിന് സഹിക്കാവുന്ന വിലക്കയറ്റപ്പരിധി.
വില്ലനാകുന്നത് കേരളത്തിന്റെ ഉപഭോഗസംസ്കാരം
ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാം വാങ്ങി ഉപയോഗിക്കുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന കേരളത്തില്‍ വിലക്കയറ്റം കൂടിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. കാര്‍ഷിക മേഖല ഇവിടെ തകര്‍ച്ചയിലാണ്. വിരമിച്ച സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്ഷന് കൊടുത്ത് മുടിയുന്ന സംസ്ഥാനത്തില്‍ ക്രിയാത്മകമായ ഒരു നടപടിയും ഉയര്‍ന്നുവരുന്നില്ല. കൃഷി വര്‍ധിപ്പിക്കാനുള്ള യാതൊരു നടപടിയും ഉണ്ടാകുന്നില്ല. പിന്നെ വിലക്കയറ്റം കൂടിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. എങ്ങിനെയെങ്കിലും കേന്ദ്രത്തെ സോപ്പിട്ട് കൂടുതല്‍ കടം സംഘടിപ്പിക്കാനല്ലാതെ മറ്റൊരു താല്പര്യവും കേരളത്തിലെ സര്‍ക്കാരിനില്ല താനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: