ന്യൂദല്‍ഹി: ത്രിഭാഷാ നയത്തിനെതിരെ ബഹളമുണ്ടാക്കിയും രൂപയുടെ ലോഗോ മാറ്റിയും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ തുടര്‍ച്ചയായി വിവാദങ്ങളുണ്ടാക്കുന്നത് തമിഴ്‌നാട്ടില്‍ നടത്തിയ ആയിരം കോടി രൂപയുടെ മദ്യനയ അഴിമതി മറയ്‌ക്കാനാണെന്ന് ബിജെപി. തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നടന്ന അഴിമതിയിയെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തിയ റെയ്ഡുകളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സ്റ്റാലിന്റെ ശ്രമമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
ആയിരം കോടി രൂപയുടെ അഴിമതി നടന്നതായി ഇ.ഡി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായും ആരൊക്കെയാണ് ആ പണം കൈപ്പറ്റിയതെന്ന് സ്റ്റാലിന്‍ പറയണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്ത് പണം സമ്പാദിക്കുകയാണ് ഡിഎംകെ നേതാക്കള്‍. ആയിരം കോടി രൂപയുടെ മദ്യനയ അഴിമതി നടത്തിയ സ്റ്റാലിന്‍ മുഖ്യമന്ത്രി പദത്തിലിരിക്കാന്‍ യോഗ്യനല്ലെന്നും മാളവ്യ പറഞ്ഞു.
മദ്യനയ അഴിമതിയെപ്പറ്റി അന്വേഷണം നടത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കണമെന്നും ബിജെപി എംഎല്‍എയും ദേശീയ മഹിളാമോര്‍ച്ച അധ്യക്ഷയുമായ വാനതി ശ്രീനിവാസന്‍ ആവശ്യപ്പെട്ടു. സഭയില്‍ സര്‍ക്കാരിന്റെ മറുപടി ആവശ്യപ്പെട്ട് വാനതി സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി.
അഴിമതി നടന്നിട്ടില്ലെന്നും ആരോപണങ്ങള്‍ തെറ്റാണെന്നും തമിഴ്‌നാട് എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജി പ്രതികരിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ മാര്‍ച്ച് ആറിന് റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക