തിരുവനന്തപുരം: വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിലെ വീഴ്ച മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി പിണറായി സര്‍ക്കാര്‍. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വയനാട് ദുരന്തസമയത്ത് ലഭിച്ച ഫണ്ടിനെ കുറിച്ച് മൗനം പാലിച്ച് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും. ഇന്നലെ നിയമസഭയില്‍ വയനാട് പുനരധിവാസത്തിലെ സര്‍ക്കാര്‍ വീഴ്ച സംബന്ധിച്ച അടിയന്തര പ്രമേയത്തിലാണ് സര്‍ക്കാര്‍ ഇരട്ടത്താപ്പ് നടത്തിയത്.
എട്ടുമാസം പിന്നിടുമ്പോഴും ദുരന്തത്തിന് ഇരയായവരുടെ പട്ടിക പുറത്തിറക്കാന്‍ സംസ്ഥാനത്തിനായില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പട്ടികയില്‍ അര്‍ഹരായവര്‍ പുറത്താണ്. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്ക് സര്‍ക്കാര്‍ സമയബന്ധിതമായി പണം അനുവദിച്ചില്ല. വീടുകള്‍ വച്ച് നല്കാന് മുന്നോട്ടുവന്നവരെപ്പോലും ഏകോപിപ്പിക്കാന്‍ സര്‍ക്കാരിനായില്ല.
ടൗണ്‍ഷിപ്പ് പ്രഖ്യാപിച്ചെങ്കിലും അതിന്റെ നിബന്ധനകള്‍ തയാറാക്കുന്നതില്‍ വീഴ്ച വന്നതോടെ വീടുനല്‍കാന്‍ മുന്നോട്ടുവന്നവരും ആശങ്കയിലായി. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തയാറാകുമ്പോള്‍ അതിന്റെ ഉടമസ്ഥരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാതെ വന്നു. ഇതോടെ കോടതിവിധി വരെ കാത്തിരിക്കേണ്ടിവന്നത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാരില്‍ പഴിചാരി രക്ഷപ്പെടുന്ന പതിവു തന്ത്രം റവന്യൂ മന്ത്രി കെ. രാജന് പുറത്തെടുത്ത്. കേന്ദ്രത്തോട് പുനരധിവാസത്തിന് പണം ആവശ്യപ്പെട്ടെന്നും എന്നാല്‍ തന്നത് വായ്പയാണെന്നുമുള്ള ന്യായീകരണവുമായി മന്ത്രി രംഗത്ത് എത്തി. കേന്ദ്രസര്‍ക്കാരിന് ചെകുത്താന്റെ മനോഭാവമാണെന്നുവരെ മന്ത്രി കുറ്റപ്പെടുത്തി.
എന്നാല്‍ വയനാട് ദുരന്തസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയ പണം സംബന്ധിച്ച് മന്ത്രി മൗനം പാലിച്ചു. 750 കോടിയോളം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ഇതില്‍ വയനാടിന്റെ പുനരധിവാസത്തിന് എത്ര രൂപ ചെലവഴിച്ചുവെന്നോ ദുരിതബാധിതര്‍ക്കായി എന്തെല്ലാം ചെയ്തുവെന്നോ വ്യക്തമാക്കാനും തയാറായില്ല. ദിനംപ്രതി 300 രൂപ നല്‍കുമെന്ന് പറഞ്ഞത് മുടങ്ങിയത് സമരത്തെ തുടര്‍ന്നാണ് അനുവദിച്ചത്. വ്യാപാരികള്‍ക്കുള്ള ധനസഹായം ഭൂരിഭാഗം പേര്‍ക്കും കിട്ടിയിട്ടില്ല. കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് പോലും നല്കാന് സംസ്ഥാന സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ സംസ്ഥാനം ആവശ്യപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനുള്ള 529 കോടി വായ്പ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. ഇതെല്ലാം മറച്ചുവച്ചാണ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനുള്ള സ്ഥിരം ഇരട്ടത്താപ്പ് സര്‍ക്കാര്‍ പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: