പോർട്ട് ലൂയിസ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി മൗറീഷ്യസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണം. പോർട്ട് ലൂയിസിലെ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലം, ഉപപ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ്, ജഡ്ജിമാർ, മത നേതാക്കൾ, നയതന്ത്രജ്ഞർ ഉൾപ്പടെയുള്ള 200 വിശിഷ്ട വ്യക്തികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ചൊവ്വാഴ്ച അതിരാവിലെയാണ് പ്രധാനമന്ത്രി മൗറീഷ്യസിലെത്തിയത്. വിമാനത്താവളത്തിലെ സ്വീകരണത്തിന് നന്ദി പറഞ്ഞ മോദി, വിലപ്പെട്ട ഒരു സുഹൃത്തുമായി ഇടപഴകാനും വിവിധ മേഖലകളിലെ സഹകരണത്തിനുള്ള പുതിയ വഴികൾ പര്യവേക്ഷണം ചെയ്യാനുമുള്ള ഒരു അത്ഭുതകരമായ അവസരമാണിതെന്ന് എക്‌സിൽ പോസ്റ്റ് ചെയ്തു. ഇന്ന്, ഞാൻ പ്രസിഡന്റ് ധരം ഗോഖൂലിനെയും പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലത്തെയും കാണുകയും വൈകുന്നേരം ഒരു കമ്മ്യൂണിറ്റി പരിപാടിയെ അഭിസംബോധന ചെയ്യുകയും ചെയ്യുമെന്നും മോദി കൂട്ടിച്ചേർത്തു.
മൗറീഷ്യസിൽ നടക്കുന്ന ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി പങ്കെടുക്കും. ശേഷി വികസനം, വ്യാപാരം, അതിര്‍ത്തി കടന്നുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയല്‍ എന്നിവയില്‍ സഹകരണം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് നിരവധി കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്‌ക്കും. ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച സിവില്‍ സര്‍വീസ് കോളേജും ഏരിയ ഹെല്‍ത്ത് സെന്ററും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ദ്വീപ് രാഷ്‌ട്രമായ മൗറീഷ്യസില്‍ ജനാധിപത്യം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് പുതിയ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: