ന്യൂദല്‍ഹി: രാജ്യത്തുടനീളമുള്ള ആശാവര്‍ക്കര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് ബിജെപി. ഇന്നലെ രാജ്യസഭയില്‍ ശൂന്യവേളയിലാണ് വിഷയം അവതരിപ്പിക്കപ്പെട്ടത്. ഹരിയാനയില്‍ നിന്നുള്ള ബിജെപി എംപിയും ദേശീയ വനിതാ കമ്മിഷന് മുന്‍ അധ്യക്ഷയുമായ രേഖ ശര്‍മയാണ് വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
ആശാവര്‍ക്കര്‍മാരുടെ വിലമതിക്കാനാകാത്ത സേവനത്തിന് തുല്യമായി ഇന്‍സെന്റീവിന് പുറമേ പ്രതിമാസം നിശ്ചിത ശമ്പളം നല്‍കണമെന്ന് രേഖ ശര്‍മ ആവശ്യപ്പെട്ടു. വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഭാഗമാക്കി അവരുടെ ഭാവി സുരക്ഷിതമാക്കണം. ഇന്‍സെന്റീവ് താമസമില്ലാതെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വ്യവസ്ഥാപിത സംവിധാനമൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നമ്മുടെ ഗ്രാമീണ, സാമൂഹ്യ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലാണ് ആശാവര്‍ക്കര്‍മാരെന്ന് രേഖ അഭിപ്രായപ്പെട്ടു. സര്‍ക്കാരിനും ജനങ്ങള്ക്കുമിടെ നിര്‍ണായക കണ്ണിയായി അവര്‍ പ്രവര്‍ത്തിക്കുന്നു. മാതൃ- ശിശു ആരോഗ്യ സേവനങ്ങള്‍, പ്രതിരോധ കുത്തിവയ്പ്, രോഗ പ്രതിരോധ നടപടികള്‍, വിവിധ ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള പ്രധാന ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് അവരുടെ ഉത്തരവാദിത്തത്തിലാണ്. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഒഴിച്ചുകൂടാനാകാത്ത പങ്കു വഹിക്കുന്നുണ്ടെങ്കിലും, ആശാവര്‍ക്കര്‍മാര്‍ക്ക് അവരുടെ ജോലിയുടെ പ്രാധാന്യത്തിനനുസരിച്ചുള്ള ഓണറേറിയം ലഭിക്കുന്നില്ല. നിശ്ചിത ശമ്പളമില്ലാതെ അക്ഷീണം ജോലി ചെയ്യുന്നു, പലപ്പോഴും വൈകിയാണ് അപര്യാപ്തമായ വേതനം ലഭിക്കുന്നത്. പെന്ഷന്, ആരോഗ്യ സംരക്ഷണ സംവിധാനം, ഇന്‍ഷുറന്‍സ്, പ്രസവാനുകൂല്യം തുടങ്ങിയ അവശ്യ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളില്ല. ഇത് അവരെ ദുര്‍ബലരും സാമ്പത്തികമായി അരക്ഷിതരുമാക്കി. കൊവിഡ് 19 കാലത്ത് ആരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും വീടുതോറുമുള്ള സ്ക്രീനിങ്ങിലും ബോധവത്കരണത്തിലും കുത്തിവെയ്പ്പ് ഉറപ്പാക്കുന്നതിലും ആശാവര്‍ക്കര്‍മാര്‍ മുന്‍നിര പങ്കു വഹിച്ചു, പലപ്പോഴും വലിയ വ്യക്തിഗത അപകട സാധ്യതകള്‍ ഏറ്റെടുത്തായിരുന്നു ഇത്. ആശാവര്‍ക്കര്‍മാരുടെ ദീര്‍ഘകാലമായുള്ള പ്രശ്നപരിഹാരങ്ങള്‍ക്കുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം. ആശാവര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവിനു പുറമേ പ്രതിമാസം നിശ്ചിത ശമ്പളം നല്‍കണം. അവരുടെ വിലമതിക്കാനാകാത്ത സേവനങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും രേഖ ആവശ്യപ്പെട്ടു.
ആശാവര്‍ക്കര്‍മാരുടെ ഭാവി സുരക്ഷിതമാക്കുന്നതിന് ഇഎസ്ഐ, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പരിധിയില്‍ അവരെ കൊണ്ടുവരണം. അവരുടെ വേതനം ഇടയ്ക്കിടെ അവലോകനം ചെയ്യുന്നതിനും വേതനം കിട്ടുന്നതിലെ താമസവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനും വ്യവസ്ഥാപിത സംവിധാനമുണ്ടാക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ അവര്‍ രാഷ്ട്രത്തെ സേവിക്കുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ശമ്പളം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ണായക നടപടികള്‍ കൈക്കൊള്ളണമെന്നും രേഖ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരും കേരളത്തിലെ ആശാവര്‍ക്കര്‍മാരുടെ സമരം സംബന്ധിച്ച് സഭയില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: